Entertainment (Page 209)

തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട നായകനാകുന്ന സ്പോര്‍ട്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ലിഗറിലൂടെ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകാന്‍ ചരിത്രത്തിലാദ്യമായി മൈക്ക് ടൈസണും എത്തുന്നു.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗറില്‍ ഒരു ബോക്സറായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ചിത്രത്തില്‍ വിജയ്‌യുടെ പരിശീലകനായാണ് ടൈസണ്‍ പ്രത്യക്ഷപ്പെടുക. നടന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിവരം വെളിപ്പെടുത്തിയത്.

മുന്‍പ് നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ മുഖംകാണിച്ചിട്ടുണ്ടെങ്കിലും ടൈസണ്‍ ഇതുവരെ ഇന്ത്യന്‍ സിനിമയുടെ ഭാഗമായിട്ടില്ല. തെലുങ്കിന് പുറമേ തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്.

കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായിക ബോളിവുഡ് താരം അനന്യ പാണ്ഡെയാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സും പുരി കണക്ട്സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മുംബൈയിലുമാണ് നടന്നത്.

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടന്‍ രാഘവന്‍. വ്യാജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ടെന്നും, ഒരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ് ഞാന്‍. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു. എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ലെന്നും രാഘവന്‍ വ്യക്തമാക്കി.

മാത്രമല്ല, നിലവില്‍ തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിച്ചു വരുന്നു. ഞാന്‍ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. എനിക്ക് നിലവില്‍ യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളുമില്ല. എനിക്ക് പറ്റാവുന്നേടത്തോളം കാലം അഭിനയിക്കുമെന്നും രാഘവന്‍ പറഞ്ഞു.

രാഘവനടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നും ഒരു നിര്‍മാതാവ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഈ പ്രചരണത്തിനു പിന്നാലെയാണ് താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നു ചൂണ്ടിക്കാട്ടി രാഘവന്‍ രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: നടിയും സംവിധായകയുമായ സുഹാസിനിയെ 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷയായി സര്‍ക്കാര്‍ നിയമിച്ചു.

അവാര്‍ഡിന് സമര്‍പ്പിക്കപ്പെടുന്ന എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്‌കരിച്ചതിനുശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.

എട്ടു തവണ ദേശീയ പുരസ്‌കാരം നേടിയ കന്നട സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും.

മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇ.പി രാജഗോപാലന്‍, സംസ്ഥാന അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

സുഹാസിനി, പി.ശേഷാദ്രി, ഭദ്രന്‍ എന്നിവര്‍ക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരന്‍, സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മോഹന്‍ സിതാര, മൂന്ന് ദേശീയപുരസ്‌കാരം നേടിയ സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങള്‍.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.

പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും നിരൂപകനുമായ ഡോ.പി.കെ രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. ചലച്ചിത്രനിരൂപകരായ ഡോ.മുരളീധരന്‍ തറയില്‍, ഡോ.ബിന്ദുമേനോന്‍, സി.അജോയ് (മെമ്ബര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ചിത്രത്തിന്റെ സ്‌ക്രീനിങ് തുടങ്ങി. 80 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഇവയില്‍ നാലെണ്ണം കുട്ടികള്‍ക്കുള്ള ചിത്രങ്ങളാണ്. ഇത്തവണ എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരരംഗത്തുള്ളത് ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ഏറ്റമുട്ടുമ്‌ബോള്‍ ആരാധകരും ആകാംഷയിലാണ്.

മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് ഉള്ളത്.

ചാരക്കേസില്‍ കുടുങ്ങിയ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി ദി നമ്പി എഫക്ട്’ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

തമിഴ് സൂപ്പര്‍താരം ആര്‍. മാധവനാണ് നമ്പി നാരായാണനായി വേഷമിടുന്നത്. മാധവന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തമിഴ് നടി സിമ്രാനാണ് ചിത്രത്തിലെ നായിക. പതിനഞ്ച് വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

നമ്പി നാരായണന്‍ തന്നെ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മാധവന്റെ ട്രൈ കളര്‍ ഫിലിംസും വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കാനായി മാധവന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

എ.പി.ജെ അബ്ദുള്‍ കലാം മുതല്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശാസത്രഞ്ജന്‍മാരെയും ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഷാരൂഖ് ഖാനും തമിഴ് നടന്‍ സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ ചെയ്യുന്ന റോള്‍ തമിഴില്‍ സൂര്യയാണ് ചെയ്യുന്നത്.

ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്.

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കെജിഎഫ്: ചാപ്റ്റര്‍ 2 ന്റെ റിലീസിങ് ദിവസം സംബന്ധിച്ച് തീരുമാനമായി. ചിത്രം അടുത്ത വര്‍്ഷം ഏപ്രില്‍ 14ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷും ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമാണ് കെജിഎഫ്: ചാപ്റ്റര്‍ 2. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ ഏറ്റവും പ്രചാരമുള്ള ചിത്രങ്ങളിലൊന്നു കൂടിയാണിത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കെജിഎഫ്: ചാപ്റ്റര്‍ 1 ന്റെ രണ്ടാം ഭാഗമാണ് കെജിഎഫ്: ചാപ്റ്റര്‍ 2.

കെജിഎഫ്: ചാപ്റ്റര്‍ 2 ല്‍ സഞ്ജയ് ദത്ത്, പ്രകാശ് രാജ്, അച്യുത് കുമാര്‍, മാളവിക അവിനാഷ് എന്നിവരും ഉണ്ട്. അനന്ത് നാഗും രവീണ ടണ്ടനും നിര്‍ണായക വേഷങ്ങളിലെത്തുന്നുണ്ട്. 2020ല്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫ്: അധ്യായം 2, ജൂലൈ 16ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് രണ്ടാം തരംഗം കാരണം, ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവായി. ചോദ്യം ചെയ്യല്‍ നീട്ടിവെക്കാന്‍ ജാക്വലിന്‍ ഇഡിയോട് ആവശ്യപ്പെട്ടിരുന്നോ എന്നത് ഇതുവരെ വ്യക്തമല്ല

നേരത്തെ, താരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 200 കോടിയുടെ തട്ടിപ്പുകേസില്‍ രണ്ടാം തവണയാണ് നടിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

സുകേഷ് ചന്ദ്രശേഖര്‍ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ തന്റെ പ്രമോട്ടര്‍മാരായ രണ്‍ബാക്സി, ശിവിന്ദര്‍ സിങ്, മല്‍വിന്ദര്‍ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. 36കാരിയായ ജാക്വിലിനെയും ഇയാള്‍ പറ്റിച്ചതായാണ് സൂചന. സുകേഷിന്റെ ഭാര്യ ലീന പോള്‍ വഴിയാണ് നടി ഇവരുടെ കെണിയില്‍ വീണതെന്നാണു റിപ്പോര്‍ട്ട്.

കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം നടിയെ 5 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24ന് ഇയാളുടെ ചെന്നൈയിലെ ബംഗ്ലാവ്, 82.5 ലക്ഷം രൂപ, ആഡംബര കാറുകള്‍ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.

ബോളിവുഡ് താരം കങ്കണ റണാവത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി തകര്‍ത്താടിയ ചിത്രം ‘തലൈവി’ നെറ്റ്ഫ്‌ലിക്‌സ് റിലീസിന്.

സെപ്റ്റംബര്‍ പത്തിന് തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനു വന്‍ ജന സ്വീകര്യതയായിരുന്നു ലഭിച്ചത്. ചിത്രം ഇന്ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമായായിരിക്കും എത്തുന്നത്. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

യുവതാരം ടൊവിനോ തോമസിനെ നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നെറ്റ്ഫ്ളിക്സ് ഇന്ത്യ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും, മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. കോവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ലൈമാക്സ് ചിത്രീകരണം പൂര്‍ത്തിയായത്. 20 ദിവസങ്ങള്‍ കൊണ്ടാണ് ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചത്.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബര്‍ഗാണ്. വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം- ഷാന്‍ റഹ്‌മാന്‍.

തിരുവനന്തപുരം: കോവിഡ് ഇളവുകള്‍ മുന്‍നിര്‍ത്തി തിയേറ്ററുകള്‍ തുറക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ റിലീസിന് തയ്യാറെടുത്ത് നില്‍ക്കുകയാണ് പല ചിത്രങ്ങളും.

തിയേറ്റര്‍ ഒക്ടോബറില്‍ തുറന്നാല്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാകാന്‍ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്- ജോജു ജോര്‍ജ് ചിത്രമായ സ്റ്റാര്‍. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂ നിര്‍മ്മിച്ച് ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷീലു എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു.

പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിന്‍ എസ് സോമശേഖരനാണ്. ഷീ ടാക്‌സി, പുതിയ നിയമം, സോളോ, കനല്‍, പുത്തന്‍ പണം, ശുഭരാത്രി, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അബാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

എം ജയചന്ദ്രനും രഞ്ജിന്‍ രാജും സംഗീത സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാന്‍സിസ് ആണ്. തരുണ്‍ ഭാസ്‌കരന്‍ ക്യാമറയും ലാല്‍കൃഷ്ണന്‍ എസ് അച്യുതം എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

തിരുവനന്തപുരം: സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആറാട്ട് ചിത്രം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടെന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത തെറ്റാണെന്നാണ് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

‘ആറാട്ട്’ ഒക്ടോബറില്‍ റിലിസ് ചെയ്യുന്നു എന്ന വാര്‍ത്ത തെറ്റാണ്. ചിത്രത്തിന്റെ റിലിസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ആറാട്ടിന്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.