ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയെ അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങളുമായി പോലീസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങളുമായി പോലീസ്. ഇതിനായി പോലീസ് വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിൽ തമ്പടിച്ചത്. പ്രജ്വൽ ഞായറാഴ്ചയോ തിങ്കളാഴ്ച്ചയോ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ.

പ്രജ്വൽ കീഴടങ്ങാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജർമനിയിലേക്കു പോകാനും പ്രത്യേക അന്വേഷണ സംഘം തയാറെടുപ്പ് ആരംഭിച്ചു. ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. അശ്ലീല വിഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വൽ, 2 തവണ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി.

ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അതേസമയം, പ്രജ്വലിന്റെ ഹാസനിലെ വീട് പൊലീസ് മുദ്രവച്ചു. എംപി ക്വാർട്ടേഴ്‌സായ ഇവിടെ പീഡിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ദൾ വനിതാ നേതാവ് പരാതി നൽകിയിരുന്നു.