എംടി കഥകളുമായി നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി; മഹേഷ് നാരായണന്റെ ഷെര്‍ലക്കില്‍ ഫഹദ്‌

തമിഴില്‍ നവരസ ആയിരുന്നെങ്കില്‍ മലയാളത്തില്‍ എംടി കഥകളുടെ അടിസ്ഥാനത്തില്‍ ഒരു ആന്തോളജി ഒരുങ്ങുകയാണ്. എംടിയുടെ പത്ത് കഥകളെ ആസ്പദമാക്കിയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി പുറത്തിറങ്ങുന്നത്.

എംടിയുടെ ‘ഷെര്‍ലക്ക്’ എന്ന ചെറുകഥയെ ആസ്പദമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. ‘ബാലു’ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ബാലുവായി ഫഹദ് എത്തുമ്പോള്‍ ചേച്ചിയായി എത്തുന്നത് നദിയ മൊയ്തുവാണ്. ഈ വീട്ടിലെ പൂച്ചയുടെ പേരാണ് ഷെര്‍ലക്ക്. അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയവരാണ് മഹേഷ് നാരായണനെക്കൂടാതെ ഈ ആന്തോളജിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന മറ്റു സംവിധായകര്‍. പ്രിയദര്‍ശന്റെ രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ ബിജു മേനോനും, മറ്റൊന്നില്‍ മോഹന്‍ലാലുമാണ് അഭിനയിക്കുന്നത്. ലിജോ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ആണ് നായകന്‍. ലിജോ സംവിധാനം ചെയ്യുന്നത് കടുഗണ്ണാവ ഒരു യാത്ര എന്ന കഥയാണ്. ബിജു മേനോന്‍ നായകനാവുന്ന ചിത്രം ശിലാലിഖിതം ആണ്, മോഹന്‍ലാല്‍ നായകനായി എത്തുന്നത് ഓളവും തീരവും റീമേക്കില്‍ ആണ്. ഉണ്ണി മുകുന്ദന്‍ ആണ് ജയരാജ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്. സന്തോഷ് ശിവന്‍ ഒരുക്കുന്ന അഭയം തേടി എന്ന ചിത്രത്തില്‍ സിദ്ദിഖ് ആണ് നായകന്‍.