സുനിത വില്യംസിന്റെ ബഹിരാകാശയാത്ര മാറ്റിവെച്ചു; കാരണമിത്

ന്യൂയോർക്ക്: സുനിത വില്യംസും ബഹിരാകാശ ഗവേഷകൻ ബാരി വിൽമോറും അടങ്ങുന്ന രണ്ടംഗസംഘത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐ.എസ്.എസ്) യാത്ര മാറ്റിവെച്ചു. സാങ്കേതികത്തകരാറിനെ തുടർന്നാണ് നടപടി. റോക്കറ്റിലെ ഒരു വാൽവിന് തകരാറ് കണ്ടെത്തിയതോടെയാണ് യാത്ര മാറ്റിവെച്ചതെന്ന് അധികൃതർ അറിയിച്ചു. ലൈവ് വെബ്കാസ്റ്റിനിടെ യാത്ര മാറ്റിവെച്ച കാര്യം നാസ അറിയിക്കുകയായിരുന്നു.

മേയ് ഏഴിന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽ നിന്ന് സ്റ്റാർലൈനർ വിക്ഷേപിക്കാനായിരുന്നു തീരുമാനം. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം. ഐ.എസ്.എസിലേക്ക് ബഹിരാകാശ ഗവേഷകരെ എത്തിക്കുന്നതിനും തിരകെയെത്തിക്കുന്നതിനും നാസ തിരഞ്ഞെടുത്ത രണ്ട് സ്വകാര്യ കമ്പനികളിലൊന്നായ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിലാണ് സുനിത വില്യംസും വിൽമോറും പറക്കാനിരുന്നത്.

വിക്ഷേപണം ചൊവ്വാഴ്ച രാത്രി നടത്താനാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ നാസയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.