Entertainment (Page 161)

എ. ആര്‍ റഹ്മാന്‍ വീണ്ടും മലയാള സംഗീതലോകത്തേക്കെത്തുന്നു. ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തുന്ന ‘മലയന്‍ കുഞ്ഞ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് സംഗീത ഇതിഹാസം വീണ്ടും പശ്ചാത്തല സംഗീതമൊരുക്കുന്നത്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചുരുക്കം ചില ചിത്രങ്ങളിലാണ് ഇദ്ദേഹം മലയാളത്തില്‍ സാന്നിധ്യമറിയിച്ചത്. 1992 ല്‍ പുറത്തിറങ്ങിയ മോഹന്‍ ലാല്‍ ചിത്രം യോദ്ധയില്‍ എ.ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരുന്നത്. എല്ലാ പാട്ടുകളും വളരെ ശ്രദ്ധേയമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള ചിത്രമായ ‘ആടുജീവിത’ ത്തിലും റഹ്മാന്‍ സംഗീതമൊരുക്കി. വളരെയേറെ പ്രേക്ഷക സ്വീകാര്യതയുള്ള പാട്ടുകളാണ് എ.ആര്‍ റഹ്മാന്റെത്.

1983 യിലെ വേള്‍ഡ് കപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ ഒരുക്കിയ ’83’ തിയറ്ററുകളില്‍. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തില്‍ രണ്‍വീര്‍ സിങ് നായകനായി എത്തുന്നു.

ക്രിക്കറ്റ് ലോക കപ്പ് കിരീടത്തില്‍ ഇന്ത്യ ആദ്യമായി മുത്തമിട്ടത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു.. ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് കപില്‍ദേവ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. ജീവ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. 1960 മുതല്‍ 90കള്‍ വരെ സിനിമാ സംവിധാനത്തില്‍ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചു. മലയാള സിനിമാ മേഖലക്ക് അടിത്തറയിട്ട സംവിധായകന്‍ കൂടിയായിരുന്നു സേതുമാധവന്‍.

കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. സാഹിത്യകൃതികളായ ഓടയില്‍നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവ അദ്ദേഹം സിനിമകളാക്കി. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം. തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വികോടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം സംവിധായകന്‍ കെ രാംനാഥിന്റെ സഹായിയായി സിനിമയിലെത്തി. എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. സേതുമാധവന്‍ 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ജ്ഞാന സുന്ദരിയാണ് കെ എസ് സേതുമാധവന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് പടം. 1973 ല്‍ ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗീസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും കെ എസ് സേതുമാധവനായിരുന്നു. അറുപതില്‍ പരം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്‍.

പുരസ്‌കാരങ്ങള്‍
കേരള സംസ്ഥാന പുരസ്‌കാരം
1970 – മികച്ച സംവിധായകന്‍ (അരനാഴിക നേരം)
1971 – മികച്ച സംവിധായകന്‍ (കരകാണാകടല്‍)
1972 – മികച്ച സംവിധായകന്‍ (പണി തീരാത്ത വീട്)
1972 – മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 – മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 – മികച്ച സംവിധായകന്‍(ഓപ്പോള്‍)
1980 – മികച്ച ചിത്രം (ഓപ്പോള്‍)
2009 – മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം
1965 – മികച്ച മലയാളചലച്ചിത്രം ( ഓടയില്‍ നിന്ന്)
1969 – മികച്ച മലയാളചലച്ചിത്രം ( അടിമകള്‍)
1971 – മികച്ച മലയാളചലച്ചിത്രം ( കരകാണാകടല്‍)
1972 – മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം (അച്ഛനും ബാപ്പയും)
1972 – മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)
1980 – മികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോള്‍)
1990 – മികച്ച ചലച്ചിത്രം (മറുപക്കം)
1990 – മികച്ച തിരക്കഥ (മറുപക്കം)
1994 – മികച്ച തമിഴ് ചലച്ചിത്രം (നമ്മവര്‍)
1995 – മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)

സിനിമകള്‍
ജ്ഞാനസുന്ദരി 1961
കണ്ണും കരളും 1962
നിത്യകന്യക 1963
സുശീല 1963
മണവാട്ടി 1964
ഓമനക്കുട്ടന്‍ 1964
ദാഹം 1965
ഓടയില്‍ നിന്ന് 1965
അര്‍ച്ചന 1966
സ്ഥാനാര്‍ത്ഥി സാറാമ്മ 1966
കോട്ടയം കൊലക്കേസ് 1967
നാടന്‍ പെണ്ണ് 1967
ഒള്ളതുമതി 1967
ഭാര്യമാര്‍ സൂക്ഷിക്കുക 1968
തോക്കുകള്‍ കഥ പറയുന്നു 1968
യക്ഷി 1968
അടിമകള്‍ 1969
കടല്‍പ്പാലം 1969
കൂട്ടുകുടുംബം 1969
അര നാഴിക നേരം 1970
കുറ്റവാളി 1970
മിണ്ടാപ്പെണ്ണ് 1970
വാഴ്വേ മായം 1970
അനുഭവങ്ങള്‍ പാളിച്ചകള്‍ 1971
ഇങ്ക്വിലാബ് സിന്ദാബാദ് 1971
കരകാണാക്കടല്‍ 1971
ലൈന്‍ ബസ്സ് 1971
ഒരു പെണ്ണിന്റെ കഥ 1971
തെറ്റ് 1971
ആദ്യത്തെ കഥ 1972
അച്ഛനും ബാപ്പയും 1972
ദേവി 1972
പുനര്‍ജന്മം 1972
അഴകുള്ള സെലീന 1973
ചുക്ക് 1973
കലിയുഗം 1973
പണി തീരാത്ത വീട് 1973
ചട്ടക്കാരി 1974
കന്യാകുമാരി 1974
ചുവന്ന സന്ധ്യകള്‍ 1975
മക്കള്‍ 1975
പ്രിയംവദ 1976
അമ്മേ അനുപമേ 1977
ഓര്‍മ്മകള്‍ മരിക്കുമോ 1977
നക്ഷത്രങ്ങളേ കാവല്‍ 1978
അവിടത്തെപ്പോലെ ഇവിടെയും 1985
സുനില്‍ വയസ്സ് ഇരുപത്1986
വേനല്‍കിനാവുകള്‍1991

ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍. സിനിമയുടെ പ്രെമോഷന്റെ ഭാഗമായി രാജമൗലി തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. അഭിമുഖത്തില്‍ ബാലയ്യയെ വെച്ച് സിനിമ ചെയ്യാത്തതിനെ കുറിച്ച് എസ്എസ് രാജമൗലിയോട് ചോദ്യം ചോദിച്ചിരുന്നു. ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യാന്‍ തനിക്ക് പേടിയാണെന്നാണ് രാജമൗലി മറുപടിയായി പറഞ്ഞത്. സിനിമ സെറ്റില്‍ അദ്ദേഹവുമായി ഇടപെടാന്‍ ഭയമുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു

‘തനിക്ക് ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യാന്‍ ഭയമാണ്. കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. പ്രായഭേദമന്യേ എല്ലാവരേയും ഒരേ സമയം ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാല്‍, എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരും. ദേഷ്യം വന്നാല്‍ സ്ഥിതി വഷളാകും. സെറ്റില്‍ അദ്ദേഹവുമായി ഇടപെടാന്‍ എനിക്ക് പേടിയാണ്. എനിക്ക് അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല, അതിനാലാണ് താന്‍ ബാലകൃഷ്ണയ്ക്കൊപ്പം പ്രവര്‍ത്തിക്കാത്തതെന്നാണ് രാജമൗലി പറയുന്നത്.

മരക്കാര്‍ ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം ചിത്രത്തിന്റെ ബജറ്റിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രം മത്സരിച്ചത് ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിനോട് ആയിരുന്നെന്നാണ് പ്രിയദര്‍ശന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു. 100 മില്യണ്‍ ഡോളറിന് മുകളില്‍ നിര്‍മ്മാണച്ചെലവുള്ള പല ചിത്രങ്ങളും സ്പില്‍ബര്‍ഗ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹൊറര്‍ ചിത്രം ‘സോ’ (2004)യുടെ ബജറ്റ് 1.2 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. (ഇപ്പോഴത്തെ കണക്കനുസരിച്ച് 9.06 കോടി രൂപ). 18 ദിവസം കൊണ്ടാണ് അദ്ദേഹം ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. എന്നാല്‍, ബോക്‌സ് ഓഫീസില്‍ ചിത്രം കളക്റ്റ് ചെയ്തത് 103.9 മില്യണ്‍ ഡോളര്‍ ആയിരുന്നു. ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കിയത് ബജറ്റ് കൂടാതെയിരിക്കാനായിരുന്നുവെന്നും അല്ലാതെ ഒരു തിരക്കുകൂട്ടല്‍ ആയിരുന്നില്ല’. ‘ പ്രിയദര്‍ശന്‍ പറയുന്നു.

ഡിസംബര്‍ 2ന് ആണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. നീണ്ട 25 വര്‍ഷത്തെ തന്റെ കാത്തിരിപ്പാണ് മരക്കാര്‍ എന്നും സംവിധായകന്‍ പറയുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ യുദ്ധം കാണിക്കുന്നതില്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

നരസിംഹം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിലൂടെ സിനിമ നിര്‍മ്മാതാവായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു. ഇതില്‍ പലതും വലിയ റെക്കോര്‍ഡ് ആണ് മലയാള സിനിമക്ക് നല്‍കിയത്.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ രണ്ട് ദേശീയ അവാര്‍ഡുകളും നാല് കേരള സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 2000 ആരംഭിച്ച ആശിര്‍വാദ് സിനിമാസ് മോഹന്‍ലാല്‍ അഭിനയിച്ച 32 ചിത്രങ്ങളാണ് നിര്‍മ്മിച്ചത്. പ്രണവ് നായകനായ ആദിയും ആശിര്‍വാദ് സിനിമാസ് തന്നെയാണ് നിര്‍മ്മിച്ചത്.

കിലുക്കം മുതല്‍ 26 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. മുഴുനീള കഥാപാത്രമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ അഭിനയിച്ച ആന്റണി ഇപ്പോള്‍ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ഒരു നടന്‍ എന്ന നിലയില്‍ അംഗത്വം സ്വീകരിച്ചിരിക്കുകയാണ്. ഞായറാഴ്ച കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ആന്റണി അംഗത്വമെടുത്തിരിക്കുന്നത്.

മലയാളത്തിലെ യുവനടന്മാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. ഈ അടുത്ത് പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പി’ ലും ഭാസിപ്പിള്ളയായി മികച്ച പ്രകടനമാണ് ഷൈന്‍ കാഴ്ച വച്ചത്. സംവിധായകന്‍ ഭദ്രന്‍ കഴിഞ്ഞ ദിവസം ഷൈനിന്റെ അഭിനയത്തെ കുറിച്ച് പുകഴ്ത്തിയിരുന്നു. ‘മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ എന്ന് ഷൈനിന്റെ അഭിനയത്തെ കുറിച്ച് ഭദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഷൈനിനെ അഭിനന്ദിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ‘വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു പാവന പുരസ്‌കാരം. ആ നിലയില്‍, ഇതിനു മുന്‍പും ഷൈന്‍ പുരസ്‌കൃതനാണ്. ഇത് ഒരു സ്വര്‍ണപ്പതക്കവും. ‘ഗദ്ദാമ’യില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവന്‍ എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന,’ മുരളി ഗോപിയുടെ വാക്കുകള്‍.

നവംബര്‍ 12ന് തിയേറ്ററില്‍ റിലീസ് ചെയ്ത ‘കുറുപ്പ്’ കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സിലും എത്തിയിരുന്നു. ഇതോടെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കുറുപ്പിന്റെ സുഹൃത്ത് ഭാസിപ്പിള്ള ആയാണ് ഷൈന്‍ എത്തുന്നത്.

പാട്ടിന് ഏറെ പ്രാധാന്യം കൊടുത്ത് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ‘ദര്‍ശന’ സോംഗ് ഇതിനകം തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി കഴിഞ്ഞു. പിന്നീട് ഇറങ്ങിയ രണ്ട് പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പ്രണവിന്റെ അഭിനയത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രണവിന്റെ അഭിനയത്തില്‍ കാര്യമായ മാറ്റം വരുന്നുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെടുന്നത്. ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് പ്രണവിനും ലഭിച്ചിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്.

വിനീതിന്റെ വാക്കുകള്‍

‘നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്. കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക്ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്. അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്‌ബോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ്‌ പ്രണവ്’.

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തെ പുകഴ്ത്തി സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭദ്രന്‍ യുവനടനെ പുകഴ്ത്തി രംഗത്തെത്തിയത്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമാണ് ഇപ്പോള്‍ മനസിലുള്ളത്, അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി ഇരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷക്കും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്.

ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്. മോനേ കുട്ടാ, നൈസര്‍ഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങള്‍ കാഴ്ച്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത raw material ആണെന്ന് ഓര്‍ക്കുക…

ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തിയ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതെങ്കിലും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

ചിത്രത്തിനെതിരെ വളരെയേറെ ഡീഗ്രേഡിങ്ങും നടന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍. സിനിമയെ പലരും വാനോളം പുകഴ്ത്തി, ചിലര്‍ ബോധപൂര്‍വമായ ഡീഗ്രേഡിങ്ങിലൂടെ ഇന്‍ഡസ്ട്രിയെ കൊല്ലുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

‘ആരാണ് ഇത് ചെയ്യുന്നതെന്ന് നമുക്ക് അറിയാന്‍ സാധിക്കില്ലല്ലോ. ഇക്കാര്യത്തില്‍ അമ്മയ്ക്ക് ഒന്നും ചെയ്യാനാകില്ല. സിനിമ കണ്ടിട്ട് നല്ലതാണെങ്കില്‍ നല്ലതെന്ന് പറയാം മോശമാണെങ്കില്‍ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിംഗ് ഉണ്ടായി. അത് ഈ സിനിമക്ക് മാത്രമല്ല ഒരുപാട് സിനിമകള്‍ക്കെതിരെയും ഉണ്ടായി. ഇതിലൂടെ വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്.’