‘ചുരുളി’ യിലെ ഭാഷാ പ്രയോഗം; സംവിധായകനും, ജോജുവിനും, സെന്‍സര്‍ ബോര്‍ഡിനും നോട്ടീസയച്ച് ഹൈക്കോടതി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലിറങ്ങിയ ‘ചുരുളി’ പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജിയില്‍ സംവിധായകനും, കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും, നടന്‍ ജോജുവിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

ചിത്രത്തിലെ രംഗങ്ങള്‍ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകരമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍, അനുമതി നല്‍കിയ പതിപ്പല്ല പ്രദര്‍ശിപ്പിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.

സിനിമയിലെ ഭാഷാപ്രയോഗം സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന രീതിയിലാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സിനിമയിലെ ഭാഷാപ്രയോഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി വിശദവാദത്തിനായി വീണ്ടും പരിഗണിക്കും.