Entertainment (Page 112)

നടന്‍ വിക്രമിന് ഹൃദയാഘാതമായിരുന്നു എന്ന നിലയിലാണ് രണ്ട് ദിവസം മുന്നേ വാര്‍ത്തകള്‍ വന്നിരുന്നത്. പിന്നാലെ ഹൃദയാഘാതമല്ലെന്ന് പറഞ്ഞ് മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ ആശുപത്രിയില്‍ ആയതിന് പിന്നാലെ വന്ന വാര്‍ത്തകളെ കുറിച്ച് സംസാരിക്കുകയാണ് വിക്രം.

‘നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമായയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു. എനിക്ക് ഇഷ്ടമായി. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമില്ല’, എന്ന് വിക്രം തമാശ രൂപേണ കോബ്ര സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രതികരിച്ചു.

ഓഗസ്റ്റ് 11ന് ആണ് കോബ്ര റിലീസ് ചെയ്യുക. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും നടന്‍ പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കി. ‘കടുവ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ അവരില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ അറിയാമായിരുന്നുവെന്നും, യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് ധാരണയില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു. വിജയ് ബാബു പങ്കെടുത്ത ‘അമ്മ’യുടെ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കി.

‘ആദ്യം പറഞ്ഞ സംഭവത്തില്‍, ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ ഒരുപാട് സിനിമകള്‍ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് അവരില്‍ നിന്നുതന്നെ നേരിട്ട് അറിയാവുന്നതുമാണ്. ഈ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഞാന്‍ മാത്രമല്ല, അവര്‍ക്കൊപ്പം ജോലി ചെയ്തിട്ടുള്ള ഒരുപാടു പേര്‍ക്കും ഇതേ നിലപാടാണ്’ പൃഥ്വിരാജ് പറഞ്ഞു. പക്ഷേ, രണ്ടാമതു പറഞ്ഞ സംഭവത്തെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേക്കുറിച്ച് എനിക്ക് അറിയില്ല. നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വിവരങ്ങള്‍ മാത്രമേ എനിക്കും അറിയൂ. അതുവച്ച് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാന്‍ തയ്യാറെടുത്തിട്ടില്ല. ആ യോഗത്തില്‍ (വിജയ് ബാബു പങ്കെടുത്ത ‘അമ്മ’ സംഘടനയുടെ യോഗം) ഞാനും പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാന്‍ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ല. അതുകൊണ്ട് അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ആധികാരികമായി പറയാനുമാകില്ല’ -പൃഥ്വിരാജ് വിശദീകരിച്ചു. അമ്മ സംഘടനകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാമോ എന്നും വാര്‍ത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ചോദിച്ചു.

തിരുവനന്തപുരം: കടുവ സിനിമയിലെ വ്യാപക വിമർശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അറിയിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. പ്രസ്തുത സംഭാഷണം മാറ്റിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചുവെന്നും സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചാൽ തിങ്കളാഴ്ച്ച രാത്രി തന്നെ പ്രിന്റ് മാറ്റുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. സംവിധായകൻ ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വിവാദത്തെക്കുറിച്ച് ക്ഷമ ചോദിക്കുന്നു. ന്യായീകരിക്കുന്നില്ല. പക്ഷേ സാഹചര്യം വിശദീകരിക്കാം. പറയാൻ പാടില്ലാത്ത ഒരു കാര്യം ജോസഫിനോട് കുര്യച്ചൻ പറയുന്നു എന്നു തന്നെയാണ് ആ സീനിലൂടെ ഞങ്ങൾ ഉദ്ദേശിച്ചത്. അത് കഴിഞ്ഞാലുടൻ ജോസഫ് വണ്ടിക്കുള്ളിൽ ഇരുന്ന് പറയുന്നത് അവൻ എന്റെ ദിവസം നശിപ്പിച്ചു എന്നാണ്. കുര്യച്ചന്റെ മുഖഭാവത്തിലും അത് പറയേണ്ടിയിരുന്നില്ല എന്ന ഒരു ഭാവമാണ് ഞങ്ങൾ ഉദ്ദേശിച്ചത്. പക്ഷേ തങ്ങൾ മനസിലാക്കുന്നു. ഈ സിനിമയുടെ നായക സ്ഥാനത്ത് നിൽക്കുന്ന കഥാപാത്രമായതുകൊണ്ട് ഈ സിനിമ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നോ എന്ന് ഒരു പ്രേക്ഷകന് തോന്നിയാൽ ആ പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.

എന്തുകൊണ്ട് ഭിന്നശേഷിയുള്ള ഒരു കുട്ടിയെ ആ വേഷത്തിന് തെരഞ്ഞെടുത്തു എന്നതാണ് മറ്റൊരു ചോദ്യം. ആ സാഹചര്യത്തിൽ പക്ഷേ തങ്ങൾക്ക് മറിച്ചാണ് ഒരു സംശയം തോന്നിയത്. ആ വേഷത്തിലേക്ക് ഒരു സാധാരണ കുട്ടിയെ അഭിനയിപ്പിച്ചിട്ട്, ഏതെങ്കിലും രീതിയിൽ ആ കുട്ടി ഭിന്നശേഷിയുള്ള ആളാണെന്ന് വരുത്തിത്തീർത്താൽ അത് പ്രശ്‌നമാകില്ലേ എന്നാണ് തങ്ങൾ ചിന്തിച്ചത്. അതുകൊണ്ടാണ് ആ വേഷം ഒരു ഭിന്നശേഷിയുള്ള കുട്ടിയെക്കൊണ്ടുതന്നെ ചെയ്യിച്ചത്. ഇത് ചിത്രീകരിച്ച സമയത്തോ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തോ ഇതിലെ പ്രശ്‌നം ഞങ്ങൾ മനസിലാക്കിയില്ല. അതിനാലാണ് ക്ഷമ ചോദിച്ചത്. ഈ പറഞ്ഞത് ഒരു ന്യായീകരണമായി എടുക്കരുത്. സിനിമ ചെയ്യുന്ന സമയത്ത് ഇതേക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നത് എന്തെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇനി ഭാഗഭാക്കാവുന്ന സിനിമകളിലും ശരിയായ കാഴ്ചപ്പാടുകൾ തന്നെ ഉൾപ്പെടുത്താൻ ഇനിയും ശ്രമിക്കുമെന്നും പൃഥ്വിരാജ് വിശദമാക്കി.

ചീഫ് മൈനിങ് എന്‍ജിനിയറായ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിതം ‘ക്യാപ്‌സൂള്‍ ഗില്‍’ എന്ന പേരില്‍ സിനിമയാകുന്നു. ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്‍.

1989ലെ വെളളപ്പൊക്കത്തില്‍ വെസ്റ്റ് ബംഗാളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടന്ന 65പേരെ രക്ഷപ്പെടുത്തിയതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജസ്വന്ത്. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരിണീതി ചോപ്രയാണ് നായിക.

യു.കെയില്‍ ചിത്രീകരണം തുടരുന്ന ചിത്രം 2023 പകുതിയോട് കൂടി തന്നെ തിയറ്ററുകളില്‍ എത്തും. തമിഴ് ചിത്രമായ സൂരരൈ പോട്രിന്റെ ഷൂട്ടിങ് പൂര്‍ത്തായാക്കിയ ശേഷമാണ് ക്യാപ്‌സൂള്‍ ഗില്ലിലേക്ക് അക്ഷയ് കടന്നത്. തമിഴ് ത്രില്ലര്‍ ചിത്രം രാക്ഷസന്‍, മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ റിമേക്കുകളാണ് അക്ഷയ് കുമാറിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ടുകള്‍.

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഐഷ സുല്‍ത്താനയുടെ ഫ്‌ളഷ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ഈ മാസം 17 ന് കോഴിക്കോട് കൈരളി തിയറ്ററില്‍ വെച്ചാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. പൂര്‍ണമായി ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ‘ ഫ്‌ളഷ് ‘

ടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഫ്‌ളഷ് സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സില്‍ കൊണ്ട് നടക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുല്‍ത്താന പറയുന്നു.

അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്ബിള്‍പോള്‍ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. പൂര്‍ണമായും ലക്ഷദ്വീപില്‍ വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയും ഫ്‌ളഷിനുണ്ട്. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പോലും ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ഞാന്‍ ഒരു വെള്ളപേപ്പറില്‍ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്, ചിത്രം വരച്ച് തുടങ്ങിയപ്പോള്‍ തന്നെയവര്‍ ആ പേപ്പര്‍ വാങ്ങി ചുരുട്ടി കൂട്ടി എനിക്ക് നേരെ തന്നെ എറിഞ്ഞു തന്നു, അതേ പേപ്പര്‍ നിവര്‍ത്തിയെടുത്താണ് ഞാനീ ചിത്രം വരച്ച് തീര്‍ത്തത്’- യുവ സംവിധായികയായ ഐഷാ സുല്‍ത്താന തന്റെ ആദ്യ ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

കുത്തിയൊലിക്കുന്ന തൊടുപുഴയാറിലൂടെ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞുപോകുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടുടുത്ത് തലയില്‍ കെട്ടും കെട്ടി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്.

എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്‌കാരമാണിത്. ഓളവും തീരത്തിലെ പ്രണയ ജോഡികളായ ബാപ്പൂട്ടിയെയും നബീസയെയും അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. ബാപ്പൂട്ടിയായി മോഹന്‍ലാല്‍ എത്തുമ്‌ബോള്‍ നബീസ ആരാണെന്നത് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സന്തോഷ് ശിവന്‍ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് വ്യക്തമാക്കി നടി മംമ്ത മോഹന്‍ദാസ്.

‘ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കാറുണ്ട്. ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എപ്പോഴും ഇരയാകാന്‍ നിന്നു കൊടുക്കരുത്. ആ സംഭവത്തില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങള്‍ക്ക് രണ്ട് പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ട സ്ഥലങ്ങളില്‍ വ്യക്തിപരമായി ഇടപെടുമ്‌ബോഴാണ് പ്രശ്‌നം. ഞാനൊരു ഇരയാണെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ വീണ്ടും പഴയ സാഹചര്യമുണ്ടാകും. ദുര്‍ബലമായ പൊസിഷനിലാണ് നമ്മളെ വച്ചിരിക്കുന്നത്. അവിടെ നിന്ന് ഉയര്‍ന്നുവരണം. ഞാനും അതിജീവിച്ചാണ് ഇവിടെ നില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇരയാണെങ്കില്‍ പെട്ടെന്നൊന്നും അവര്‍ക്ക് സമൂഹത്തോട് എല്ലാം തുറന്നുപറയാന്‍ കഴിയില്ല. ഇമോഷണലായ കുറേ കാര്യങ്ങളുണ്ട് അതിനുപിന്നില്‍. യഥാര്‍ഥ ഇരയാണെങ്കില്‍ മാത്രം’- മംമ്ത പറഞ്ഞു.

കന്നഡ താരം രക്ഷിത് ഷെട്ടിയും ഒരു നായക്കുട്ടിയും പ്രധാന കഥാപാത്രമായി എത്തുന്ന 777 ചാര്‍ലി ജൂലൈ 29 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്റ്റില്‍ കാണാം.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ധര്‍മ്മ എന്ന കഥാപാത്രത്തിനും ചാര്‍ലി എന്നൊരു ലാബ്രഡോര്‍ നായകുട്ടിയ്ക്കും ഇടയില്‍ ഉടലെടുക്കുന്ന ആത്മബന്ധമാണ് ചിത്രം പറഞ്ഞത്.

സംഗീത ശൃംഗേരി ആണ് ചിത്രത്തിലെ നായിക. കിരണ്‍രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപ് ആണ്.

നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രം 777 ചാര്‍ലി കാഴ്ചക്കാരുടെ മുഴുവന്‍ ഉള്ളുലയ്ക്കും എന്നാണ് സിനിമ കണ്ടവര്‍ ഓരോരുത്തരും അഭിപ്രായപ്പെട്ടത്. ധര്‍മ എന്ന യുവാവിന്റെയും ചാര്‍ലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ വേളയില്‍ പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം രാജ്യത്ത് നായ്ക്കളുടേയും മൃഗങ്ങളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകള്‍ക്ക് നല്‍കാനാണ് 777 ചാര്‍ലി ടീമിന്റെ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാര്‍ലിയുടെ പേരിലായിരിക്കും ഈ തുക നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. ചാര്‍ളിയ്ക്ക് നിങ്ങള്‍ നല്‍കിയ അതിരില്ലാത്ത സ്‌നേഹത്തിന് നന്ദി. ചാര്‍ളി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. നിങ്ങള്‍ നല്‍കിയ അംഗീകാരം വളരെ വലുതാണ് എന്നും രക്ഷിത് പറഞ്ഞു.

ഈ സിനിമ ആഘോഷിക്കുക എന്നതില്‍ ഏറ്റവും നല്ല മാര്‍ഗം ഈ ചിത്രം നിങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ഇതിന് പിന്നില്‍ നിന്ന് എല്ലാവരുടെയും പ്രയത്‌നത്തെയും ആഘോഷിക്കുക എന്നതാണ്. അതിനാല്‍ ‘777 ചാര്‍ലി’ എന്ന ചിത്രത്തിന് ലഭിക്കുന്ന ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാധ്യമാക്കാന്‍ ഒപ്പം നിന്ന ഓരോ വ്യക്തിക്കും പങ്കിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’ എന്നും രക്ഷിത് പറഞ്ഞു.

വാര്‍ഷിക പ്രൈം ഡേയുമായി ‘ഡിസ്‌കവര്‍ ജോയ്’ ആമസോണ്‍ വീണ്ടും. ഇന്ത്യയിലെ പ്രൈം അംഗങ്ങളെ സഹായിക്കുന്നതിനായി രണ്ട് ദിവസത്തെ മികച്ച ഡീലുകള്‍, സേവിംഗ്‌സ്, ബ്ലോക്ക്ബസ്റ്റര്‍ വിനോദങ്ങള്‍, പുതിയ ലോഞ്ചുകള്‍, അങ്ങനെ പലതും 2022 ജൂലൈ 23 ന് 12:00 AM-ന് ആരംഭിച്ച് 2022 ജൂലൈ 24 മുഴുവനും തുടരുന്നതാണ്.

സ്വസ്ഥമായി ഇരിക്കാനും, റിലാക്‌സ് ചെയ്യാനും, എല്ലാ ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റുകളും ആസ്വദിക്കാനും, മനസ്സിന് തൃപ്തി വരുന്നതുവരെ ഷോപ്പ് ചെയ്യാനുമുള്ള സമയമാണിത്,

കാരണം ആമസോണ്‍ അതിന്റെ പ്രൈം അംഗങ്ങള്‍ക്ക് എല്ലാ കാറ്റഗറികളിലും മികച്ച ഡീലുകളും സേവിംഗ്‌സുമാണ് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ടിവികള്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി, പലവ്യഞ്ജനങ്ങള്‍, ആമസോണ്‍ ഡിവൈസുകള്‍, ഹോം ആന്‍ഡ് കിച്ചന്‍, ഫര്‍ണിച്ചറുകള്‍ മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വരെ, പ്രൈം അംഗങ്ങള്‍ക്ക് പുതിയ ലോഞ്ചുകളും ഇതുവരെ കേട്ടിട്ടില്ലാത്ത ഡീലുകളും മികച്ച എന്റര്‍ടെയിന്‍മെന്റ് ആനുകൂല്യങ്ങളും ആസ്വദിക്കാനാകും.