കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ല; വിശദീകരണവുമായി ഭാരത് ബയോടെക് കമ്പനി

മുംബൈ: കോവാക്‌സിന്റെ സുരക്ഷിതത്വത്തെ കുറിച്ച് വിശദീകരിച്ച് ഭാരത് ബയോടെക് കമ്പനി. കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് കമ്പനി അറിയിച്ചു. വാക്‌സിനിൽ ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയിരുന്നുവെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

കോവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമ്മാതാക്കളായ ആസ്ട്രസെനെക്ക യുകെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാരത് ബയോടെക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപന സമയത്ത് ഇന്ത്യയിൽ നൽകിവന്നിരുന്ന വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചതെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.

വാക്സിന് ലൈസൻസ് ലഭിക്കുന്ന പ്രക്രിയയുടെ ഭാഗമായി 27,000ത്തോളം വിഷയങ്ങളിലും വിശദമായ സുരക്ഷാ മാനദണ്ഡങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണ്. കോവാക്സിൻ സംബന്ധിച്ച് രക്തം കട്ടപിടിക്കുക, ത്രോംബോസൈറ്റോപീനിയ, ടി.ടി.എസ്., വി.ഐ.ടി.ടി., പെരികാർഡൈറ്റിസ്, മയോകാർഡൈറ്റിസ് തുടങ്ങിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഭാരത് ബയോടെക് വിശദീകരിച്ചു.