തിരുവനന്തപുരം: കടുവ സിനിമയിലെ വ്യാപക വിമർശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അറിയിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. പ്രസ്തുത സംഭാഷണം മാറ്റിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചുവെന്നും സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചാൽ തിങ്കളാഴ്ച്ച രാത്രി തന്നെ പ്രിന്റ് മാറ്റുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. സംവിധായകൻ ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വിവാദത്തെക്കുറിച്ച് ക്ഷമ ചോദിക്കുന്നു. ന്യായീകരിക്കുന്നില്ല. പക്ഷേ സാഹചര്യം വിശദീകരിക്കാം. പറയാൻ പാടില്ലാത്ത ഒരു കാര്യം ജോസഫിനോട് കുര്യച്ചൻ പറയുന്നു എന്നു തന്നെയാണ് ആ സീനിലൂടെ ഞങ്ങൾ ഉദ്ദേശിച്ചത്. അത് കഴിഞ്ഞാലുടൻ ജോസഫ് വണ്ടിക്കുള്ളിൽ ഇരുന്ന് പറയുന്നത് അവൻ എന്റെ ദിവസം നശിപ്പിച്ചു എന്നാണ്. കുര്യച്ചന്റെ മുഖഭാവത്തിലും അത് പറയേണ്ടിയിരുന്നില്ല എന്ന ഒരു ഭാവമാണ് ഞങ്ങൾ ഉദ്ദേശിച്ചത്. പക്ഷേ തങ്ങൾ മനസിലാക്കുന്നു. ഈ സിനിമയുടെ നായക സ്ഥാനത്ത് നിൽക്കുന്ന കഥാപാത്രമായതുകൊണ്ട് ഈ സിനിമ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നോ എന്ന് ഒരു പ്രേക്ഷകന് തോന്നിയാൽ ആ പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
എന്തുകൊണ്ട് ഭിന്നശേഷിയുള്ള ഒരു കുട്ടിയെ ആ വേഷത്തിന് തെരഞ്ഞെടുത്തു എന്നതാണ് മറ്റൊരു ചോദ്യം. ആ സാഹചര്യത്തിൽ പക്ഷേ തങ്ങൾക്ക് മറിച്ചാണ് ഒരു സംശയം തോന്നിയത്. ആ വേഷത്തിലേക്ക് ഒരു സാധാരണ കുട്ടിയെ അഭിനയിപ്പിച്ചിട്ട്, ഏതെങ്കിലും രീതിയിൽ ആ കുട്ടി ഭിന്നശേഷിയുള്ള ആളാണെന്ന് വരുത്തിത്തീർത്താൽ അത് പ്രശ്‌നമാകില്ലേ എന്നാണ് തങ്ങൾ ചിന്തിച്ചത്. അതുകൊണ്ടാണ് ആ വേഷം ഒരു ഭിന്നശേഷിയുള്ള കുട്ടിയെക്കൊണ്ടുതന്നെ ചെയ്യിച്ചത്. ഇത് ചിത്രീകരിച്ച സമയത്തോ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തോ ഇതിലെ പ്രശ്‌നം ഞങ്ങൾ മനസിലാക്കിയില്ല. അതിനാലാണ് ക്ഷമ ചോദിച്ചത്. ഈ പറഞ്ഞത് ഒരു ന്യായീകരണമായി എടുക്കരുത്. സിനിമ ചെയ്യുന്ന സമയത്ത് ഇതേക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നത് എന്തെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇനി ഭാഗഭാക്കാവുന്ന സിനിമകളിലും ശരിയായ കാഴ്ചപ്പാടുകൾ തന്നെ ഉൾപ്പെടുത്താൻ ഇനിയും ശ്രമിക്കുമെന്നും പൃഥ്വിരാജ് വിശദമാക്കി.

