‘777 ചാര്‍ലി’: ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ അഞ്ച് ശതമാനം മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക്

നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രം 777 ചാര്‍ലി കാഴ്ചക്കാരുടെ മുഴുവന്‍ ഉള്ളുലയ്ക്കും എന്നാണ് സിനിമ കണ്ടവര്‍ ഓരോരുത്തരും അഭിപ്രായപ്പെട്ടത്. ധര്‍മ എന്ന യുവാവിന്റെയും ചാര്‍ലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ വേളയില്‍ പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം രാജ്യത്ത് നായ്ക്കളുടേയും മൃഗങ്ങളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകള്‍ക്ക് നല്‍കാനാണ് 777 ചാര്‍ലി ടീമിന്റെ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാര്‍ലിയുടെ പേരിലായിരിക്കും ഈ തുക നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. ചാര്‍ളിയ്ക്ക് നിങ്ങള്‍ നല്‍കിയ അതിരില്ലാത്ത സ്‌നേഹത്തിന് നന്ദി. ചാര്‍ളി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. നിങ്ങള്‍ നല്‍കിയ അംഗീകാരം വളരെ വലുതാണ് എന്നും രക്ഷിത് പറഞ്ഞു.

ഈ സിനിമ ആഘോഷിക്കുക എന്നതില്‍ ഏറ്റവും നല്ല മാര്‍ഗം ഈ ചിത്രം നിങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ ഇതിന് പിന്നില്‍ നിന്ന് എല്ലാവരുടെയും പ്രയത്‌നത്തെയും ആഘോഷിക്കുക എന്നതാണ്. അതിനാല്‍ ‘777 ചാര്‍ലി’ എന്ന ചിത്രത്തിന് ലഭിക്കുന്ന ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാധ്യമാക്കാന്‍ ഒപ്പം നിന്ന ഓരോ വ്യക്തിക്കും പങ്കിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’ എന്നും രക്ഷിത് പറഞ്ഞു.