‘വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തു’: നടന്‍ വിക്രം

നടന്‍ വിക്രമിന് ഹൃദയാഘാതമായിരുന്നു എന്ന നിലയിലാണ് രണ്ട് ദിവസം മുന്നേ വാര്‍ത്തകള്‍ വന്നിരുന്നത്. പിന്നാലെ ഹൃദയാഘാതമല്ലെന്ന് പറഞ്ഞ് മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ ആശുപത്രിയില്‍ ആയതിന് പിന്നാലെ വന്ന വാര്‍ത്തകളെ കുറിച്ച് സംസാരിക്കുകയാണ് വിക്രം.

‘നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമായയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു. എനിക്ക് ഇഷ്ടമായി. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമില്ല’, എന്ന് വിക്രം തമാശ രൂപേണ കോബ്ര സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രതികരിച്ചു.

ഓഗസ്റ്റ് 11ന് ആണ് കോബ്ര റിലീസ് ചെയ്യുക. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.