വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജരാകാന്‍ നിവര്‍ത്തിയില്ലാത്ത കുട്ടികള്‍ക്ക് സഹായമൊരുക്കി വിദ്യാഭ്യാസവകുപ്പ്. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ഇടപെടാന്‍ തീരുമാനിച്ചു. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ എല്ലാ കുട്ടികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പ് വരുത്താനായി പുതിയ സമിതിയെ രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.

എവിടെയെല്ലാമാണ് കുട്ടികള്‍ വേണ്ടത്ര ഇന്റര്‍നെറ്റ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്നും, എങ്ങനെ ഇന്റര്‍നെറ്റ് സൗകര്യമില്ലായ്മയും, റേഞ്ച് ഇല്ലാത്ത പ്രശ്‌നവും പരിഹരിക്കാമെന്നതും ഐടി സെക്രട്ടറി അധ്യക്ഷനായ സമിതി വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. മുഖ്യമന്ത്രി ഇന്ന് വിളിച്ച യോഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ 15 ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ പങ്കെടുത്തു.

ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. ആദിവാസി മേഖലകളില്‍ വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകള്‍, സോളാര്‍ സംവിധാനം എന്നിവ എത്തിച്ച് വൈദ്യുതി ലഭ്യമാക്കണം.ചുരുക്കത്തില്‍ ഡിജിറ്റല്‍ അന്തരം പരിഹരിക്കാന്‍ വിപുലമായ യജ്ഞത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.