മാനസയുടെ കൊലപാതകം ആസൂത്രിതം; രാഖിൽ ഉപയോഗിച്ചത് നാടൻ തോക്ക്‌

തിരുവനന്തപുരം: മാനസയെ കൊലപ്പെടുത്താനായി പ്രതി രാഖിൽ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ്. മാനസയെ നിരന്തരം നിരീക്ഷിച്ച ശേഷം ആസൂത്രണം ചെയ്താണ് രാഖിൽ കൊലപാതകം നടത്തിയത്. 7.62 എംഎം പിസ്റ്റളാണ് കൊലപാതകം നടത്താനായി രാഖിൽ ഉപയോഗിച്ചത്. ഇത് എവിടെ നിന്നാണ് രാഖിൽ സംഘടിപ്പിച്ചതെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മംഗലാപുരം ഭാഗത്ത് നിന്നാണോ കണ്ണൂരിൽ നിന്നും തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കേരളത്തിൽ നിന്നാണ് തോക്ക് വാങ്ങിയതെങ്കിൽ 60000 രൂപ മുതൽ 70000 രൂപ വരെ ചെലവായിക്കാണുമെന്നുമെന്നാണ് പോലീസിന്റെ നിഗമനം. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലൊക്കെ 30000 മുതൽ 40000 രൂപ വരെയാണ് ഇത്തരം പിസ്റ്റലുകളുടെ വിലയെന്ന് കേരള പോലീസിലെ ആയുധ വിദഗ്ദ്ധൻ ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാൻ ഇത്തരം പിസ്റ്റളുകൾക്ക് കഴിയും. ഒറ്റ സെക്കന്റ് വ്യത്യാസത്തിൽ ഫയർ ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത. ലൈസൻസോടെ ഇത്തരം പിസ്റ്റൾ വാങ്ങാൻ 80000 രൂപ വരെയാണ് നൽകേണ്ടത്. ജമ്മുവിൽ നിന്ന് പിരിഞ്ഞുവരുമ്പോൾ സൈനികർ ഇത്തരം തോക്കുകൾ ലൈസൻസോടെ വാങ്ങുന്നത് ഈ വിലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

രാഖിൽ എവിടെ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് കണ്ടെത്താനായി ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.

വെള്ളിയാഴ്ച്ചയാണ് മെഡിക്കൽ വിദ്യാർത്ഥിനിയായി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൽ എന്ന യുവാവ് ജീവനൊടുക്കിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയതെന്നും പോലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രാഖിൽ മാനസയുടെ താമസ സ്ഥലത്തെത്തിയത്. ഇയാളെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നാണ് ഒപ്പമുണ്ടായിരുന്ന സഹപാഠികൾ പോലീസിനോട് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാൾ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനികൾ വീട്ടുടമസ്ഥയെ വിവരമറിയിക്കാൻ പോയി. എന്നാൽ ഇതിനിടെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടുവെന്നും മുറി തുറന്ന് നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയെയും രാഖിലിനെയുമാണ് കണ്ടതെന്നും ഇവർ വ്യക്തമാക്കി.