മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

.

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനില്‍ ദേശ്മുഖിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ, പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന്, അദ്ദേഹം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

വ്യാജ ട്രസ്റ്റുകളിലൂടെയും മറ്റും വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് അനില്‍ ദേശ്മുഖിനെതിരെയുള്ള കേസ്. ആഭ്യന്തര മന്ത്രിയായിരിക്കെ പോലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസിലും തെളിവുകള്‍ പുറത്ത് വന്നിരുന്നു. ബാറുടമകളില്‍ നിന്ന് വാങ്ങിയ നാല് കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നിരുന്നത്.

പോലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും നൂറ് കോടി രൂപ പിരിക്കാന്‍ അനില്‍ ദേശ്മുഖ് ശ്രമിച്ചെന്ന മുന്‍ ബോംബെ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് സംഭവങ്ങളുടെ തുടക്കം. മുതിര്‍ന്ന എന്‍സിപി നേതാവായ അനില്‍ ദേശ്മുഖ് അങ്ങനെ അഴിമതി ആരോപണത്തില്‍ മുങ്ങി രാജി വെക്കുകയായിരുന്നു.