കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപക; ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനാണ് പ്രതി ആക്രമണം നടത്തിയതെന്ന് കോട്ടയം എസ് പി

കോട്ടയം: കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപകയെന്ന് പോലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയെ തുടർന്നാണ് ഷാനിന്റെ കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്റെ മൊഴിയെന്ന് കോട്ടയം എസ്പി ഡി ശിൽപ അറിയിച്ചു. കൊല്ലാൻ വേണ്ടിയായിരുന്നില്ല മറിച്ച് എതിർ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആൾക്കാരെ കണ്ടെത്താനുമായിരുന്നു ജോമോൻ ആക്രമണം നടത്തിയതെന്നും എസ്പി പറഞ്ഞു.

കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയ വ്യക്തിയാണ് കൊലപാതക കേസിലെ പ്രതി ജോമോൻ കെ ജോസ്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് ജോമോൻ ഷാനിനെ കൊലപ്പെടുത്തിയതെന്നും ഡി ശിൽപ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും എസ് പി വിശദമാക്കി. കൃത്യം നടത്തിയത് പ്രതി തനിച്ചല്ലെന്നാണ് പോലീസിന്റെ നിഗമനം.

കാപ്പ ചുമത്തി ജോമോനെ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോകുകയും ജോമോന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു. ജോമോൻ തിരിച്ചു വന്നപ്പോൾ ജില്ലയിൽ ഇയാളുടെ സ്വാധീനം കുറഞ്ഞു. ഇതിനിടെ സൂര്യൻ എന്നയാളുടെ നേതൃത്വത്തിൽ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ജോമോന്റെ സംഘത്തിൽ മുൻപുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രദേശത്ത് ഇവർ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.

സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മർദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരം ശേഖരിക്കാനായിരുന്നു ജോമോന്റെ പദ്ധതി. അതേസമയം കൊല്ലപ്പെട്ട ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.