പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ

ന്യൂഡൽഹി: തർക്കങ്ങൾക്കൊടുവിൽ കേന്ദ്ര ഐടി നിയമം പാലിച്ച് ട്വിറ്റർ. ഐടി ചട്ടം അനുസരിച്ച് ട്വിറ്റർ പരാതി പരിഹാര ഓഫീസറെ നിയമിച്ചു. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്.

തങ്ങളുടെ വെബ്‌സൈറ്റിൽ ട്വിറ്റർ ഈ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതി പരിഹാര ഓഫീസറെ ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും ട്വിറ്റർ നൽകിയിട്ടുണ്ട്. അതേസമയം ചീഫ് കംപ്ലെയൻസ് ഓഫീസറെ ട്വിറ്റർ ഇതുവരെ നിയമിച്ചിട്ടില്ല. താൽക്കാലികമായി ഒരു നിയമനം നടത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. സ്ഥിരമായി ഒരാളെ നിയമിക്കാൻ എട്ടാഴ്ച സമയം വേണമെന്നാണ് ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 11-നകം സ്ഥിതിവിവര റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി വിനയ് പ്രകാശിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചത്. ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ട്വിറ്ററിന്റെ നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

ഐടി ചട്ടം പാലിക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായിരുന്നു. നാലു സംസ്ഥാനങ്ങളിലാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്.