ആപ്ലിക്കേഷൻ വിതരണത്തിലും പേയ്മെന്റുകളിലും കുത്തക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു; ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്ത് യുഎസ് സംസ്ഥാനങ്ങൾ

google

വാഷിംഗ്ടൺ: ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്ത് യുഎസ് സംസ്ഥാനങ്ങൾ. ആപ്ലിക്കേഷൻ വിതരണത്തിലും പ്ലേ സ്റ്റോറിലെ പേയ്മെന്റുകളിലും കുത്തക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് 36 യുഎസ് സംസ്ഥാനങ്ങളാണ് ഗൂഗിളിനെതിരെ പരാതി നൽകിയത്.

ഷെർമാൻ ആക്റ്റ് എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് നിയമങ്ങളിലെ സെക്ഷൻ 1, 2 എന്നിവ ഗൂഗിൾ ലംഘിച്ചുവെന്നാണ് സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പരാതി. ആൻഡ്രോയിഡ് ആപ്പുകൾക്ക് വേണ്ടി യുഎസിലെ 90% ആൻഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിൾ പ്ലേ സ്റ്റോറാണ് ഉപയോഗിക്കുന്നത്. മറ്റൊരു ആപ്ലിക്കേഷൻ സ്റ്റോറിനും മാർക്കറ്റിന്റെ 5% ത്തിൽ കൂടുതൽ വിപണി വിഹിതം ഇല്ല. ഗൂഗിളിന്റെ ആരോപണവിധേയമായ കുത്തക ആപ്ലിക്കേഷൻ വിതരണത്തെ മാത്രമല്ല, അതിന്റെ പേയ്മെന്റുകൾ വാങ്ങുന്ന രീതിയിലും ഗൂഗിളിനെതിരെ വിമർശനം ഉന്നയിക്കപ്പെടുന്നുണ്ട്. ഏകദേശം 30 ശതമാനത്തോളം പേയ്മെന്റ് കൈകാര്യം ചെയ്യുന്നതിനു ഫീസ് വാങ്ങുന്നതായാണ് പരാതിക്കാരുടെ ആരോപണം.

വിപണിയിൽ നിലനിൽക്കുന്ന പേപാൽ അല്ലെങ്കിൽ ബ്രെയിൻട്രീ പോലുള്ള ഇതര പേയ്മെന്റ് പ്രോസ്സസ്സറുകൾ ഗൂഗിൾ പ്ലേ ബില്ലിംഗിനേക്കാൾ വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്നാണ് ഇവരുടെ വാദം. മൊബൈൽ ഉപകരണ നിർമ്മാതാക്കളുമായുള്ള വിതരണ കരാറുകൾ, മുന്നറിയിപ്പുകൾ ഉൾപ്പെടെ സൈഡ്ലോഡിംഗ് ആപ്ലിക്കേഷനുകളിൽ നിന്ന് ഉപയോക്താക്കളെ പിന്തിരിപ്പിക്കാൻ ഗൂഗിൾ സ്വീകരിക്കുന്ന അഞ്ച് പ്രധാന ഘട്ടങ്ങളും വാദികൾ ഉയർത്തി കാണിക്കുന്നുണ്ട്.

സൈഡ്ലോഡിംഗിന്റെ അപകടസാധ്യതയെ പെരുപ്പിച്ചു കാണിക്കുകയും ഒപ്പം ഒരു കരാറിൽ ഒപ്പിടാൻ ഡെവലപ്പർമാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതിക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഔദ്യോഗിക പ്രസാതവനങ്ങളൊന്നും നടത്തിയിട്ടില്ല.