ഗൂഗിൾ കമ്പനിയ്ക്കുള്ളിൽ വിള്ളൽ? പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ

google

വാഷിംഗ്ടൺ: ഗൂഗിൾ കമ്പനിയ്ക്കുള്ളിൽ വിള്ളൽ വീണ് തുടങ്ങിയതായി റിപ്പോർട്ട്. ജോലിക്കാർ തമ്മിൽ ഭിന്നത രൂക്ഷമാണെന്നാണ് ലഭ്യമാകുന്ന വിവരം. കമ്പനിയ്ക്കുള്ളിൽ വെച്ച് തീർക്കേണ്ട പല പ്രശ്‌നങ്ങളും ഇപ്പോൾ പുറംലോകം അറിയുകയാണ്. ശക്തമായ തീരുമാനങ്ങളും നിലപാടുകളും സ്വീകരിക്കാൻ ഗൂഗിൾ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമർശനവും ശക്തമാണ്.

ഗൂഗിളിന്റെ പല എക്‌സിക്യൂട്ടീവുമാരും സ്ഥാനം രാജിവെയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. ഗൂഗിൾ നേരിടുന്ന പല പ്രശനങ്ങളുടെയും കാരണക്കാരൻ സുന്ദർ പിച്ഛെയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

മരവിച്ചു തുടങ്ങിയ ഉദ്യോഗസ്ഥമേധാവിത്വമാണ് കമ്പനിയിൽ നിലനിൽക്കുന്നത്. ഉറച്ച നിലപാടില്ലാത്തതും പൊതുജനം എന്തു കരുതുമെന്ന ഭീതിയും ഗൂഗിളിന്റെ കരുത്തോടെയുള്ള കുതിപ്പിന് തടസമാകുമെന്ന് ഗൂഗിളിൽ നിന്നും സ്ഥാനം രാജിവെച്ച എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥർ പറയുന്നു.

ആപത്കരമായ ഒരു പ്രതിസന്ധിയിലൂടെയാണ് ഗൂഗിൾ കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ടെക്നോളജി കമ്പനികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്. അമേരിക്കയിൽ വലത്-ഇടത് രാഷ്ട്രീയ പ്രവർത്തകർ ഗൂഗിളിനോടുള്ള വിശ്വാസക്കുറവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ നല്ലനാളുകൾ അവസാനിച്ചുവെന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം കമ്പനിയ്ക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടെന്നാരോപിച്ച് സുന്ദർ പിച്ഛെയെ ബലിയാടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിക്കുന്നവരും ഉണ്ട്.