പരിഷ്‌ക്കരിച്ച മാറ്റങ്ങളുമായി ജെപിഇജി ഇമേജ് ഫയൽ; അറിയാം ജെഎക്സ്എൽ ഫോർമാറ്റിനെ കുറിച്ച്

കാലത്തിനൊപ്പം പരിഷ്‌ക്കരിച്ച മാറ്റങ്ങളുമായി ജെപിഇജി ഇമേജ് ഫയൽ. ജെപിഇജി ഫോർമാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം ഈ വർഷം അവസാനത്തോടെയാണ് ഔദ്യോഗികമായി പുറത്തിറങ്ങും. ജെഎക്സ്എൽ എന്ന ഫോർമാറ്റിലാണ് ജെപിഇജി ഫോർമാറ്റിന്റെ പരിഷ്‌ക്കരിച്ച രൂപം പുറത്തിറക്കുക.

പരിഷ്‌ക്കരിച്ച രൂപത്തിന്റെ ബീറ്റ വേർഷൻ ഇപ്പോൾ വിപണിയിലുണ്ട്. കൂടുതൽ ഒപ്റ്റിമൈസേഷനാണ് ഇതിന്റെ പ്രത്യേകത. കൂടാതെ വെബ് അധിഷ്ഠിത ഇമേജുകൾക്ക് കൂടുതൽ പിന്തുണയും ലോഡിങ് വേഗതയും നൽകും.

ഫയൽ ബാൻഡ്വിഡ്ത്ത്, സ്റ്റോറേജ് ചെലവ് എന്നിവയിൽ ഗണ്യമായ കുറവ് ജെഎക്‌സ്എൽ ഫോർമാറ്റിൽ ഉണ്ടാകുമെന്നാണ് വിവരം. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ) ഗവേഷകർ 1980 കളിലാണ് ജെപിഇജി ഇമേജ് ഫോർമാറ്റ് ആദ്യമായി വികസിപ്പിച്ചത്. ഡിജിറ്റൽ ക്യാമറകളിലെയും വേൾഡ് വൈഡ് വെബിലെയും ഫോട്ടോകൾക്കായുള്ള മികച്ച ഫോർമാറ്റായി കാലക്രമേണ ജെപിഇജി വളർന്നു. അക്കാലത്തെ മറ്റ് ഫോർമാറ്റുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങൾ ജെപിഇജിയ്ക്ക് ഉണ്ടായിരുന്നു. ഇമേജുകൾ ലോഡ്ചെയ്യാൻ എടുത്ത സമയവും ഒപ്പം ഒരു മെമ്മറി കാർഡിൽ 1 എന്നതിലുപരി 50 ചിത്രങ്ങൾ വരെ സംഭരിക്കാനുള്ള കഴിവുമായിരുന്നു ഇതിന്റെ പ്രധാന പ്രത്യേകത.

നിലവിലുള്ള ജെപിഇജി ഫയലുകളെ ജെപിഇജി എക്സ്എലുകളാക്കാനും അവയെ ട്രാൻസ്‌കോഡ് ചെയ്യാനും കഴിയും. ഇതൊരു സെർവറിൽ സംഭരിക്കാനും തിരികെ മാറ്റാനും കഴിയും. ഡോട്ട് ജെഎക്സ്എൽ എന്ന എക്സ്റ്റൻഷനിലാണ് ഇതു വരുന്നത്.

വൈഡ് കളർ ഗാമറ്റ്, എച്ച്ഡിആർ (ഉയർന്ന ഡൈനാമിക് റേഞ്ച്), ഉയർന്ന ബിറ്റ് ഡെപ്ത് ഇമേജുകൾ എന്നിവ ഉൾപ്പെടുത്തിയ ഫോർമാറ്റ് ഫോട്ടോഗ്രാഫർമാർക്ക് കൂടുതൽ പ്രയോജനപ്രദമാകും. ടാബ്ലെറ്റുകൾ, സ്മാർട്ട്ഫോണുകൾ എന്നിവപോലുള്ള വിപുലമായ ഉപകരണങ്ങളിൽ നിലവിലെ ഇന്റർനെറ്റ് ഉപയോക്തൃ ആവശ്യങ്ങളെയും ഇത് പിന്തുണക്കും.