Sports (Page 20)

ഹാങ് ചൗ വിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിന് 634 റെക്കോർഡ് സംഘത്തെ അയക്കാനൊരുങ്ങി ഇന്ത്യ. മുഴുവൻ താരങ്ങൾക്കും ഗെയിംസിൽ പങ്കെടുക്കാനുള്ള അനുമതി ഇന്ത്യൻ കായിക മന്ത്രാലയം നൽകി കഴിഞ്ഞു. 2018 ൽ ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 572 അത്‌ലറ്റുകളെയാണ് ഇന്ത്യ പങ്കെടുപ്പിച്ചത്. അടുത്തമാസം 23ന് ആരംഭിക്കുന്ന ഹാങ് ചൗ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ 850 താരങ്ങളെ ആയിരുന്നു ഒളിമ്പിക് അസോസിയേഷൻ നിർദ്ദേശിച്ചത്.

ട്രാക്ക് ആൻഡ് ഫീൽ ഇനത്തിൽ മത്സരിക്കാൻ 34 പുരുഷ താരങ്ങളും 31 വനിതാ താരങ്ങളും ഉണ്ട്. 38 ഇനങ്ങളിൽ മത്സരിക്കാനുള്ള താരങ്ങളുടെ പട്ടിക ഇതിനോടകം റെഡിയായി കഴിഞ്ഞു. 22 പുരുഷ താരങ്ങളും 22 വനിതാ താരങ്ങളും അടക്കം 44 ഫുട്ബോൾ താരങ്ങളാണ് ഗെയിംസിനായി പോകുന്നത്. ഹോക്കി മത്സരത്തിനായി 18 പുരുഷ താരങ്ങളും 18 വനിത താരങ്ങളും പോകുന്നുണ്ട്. 15 പേർ അടങ്ങുന്ന ക്രിക്കറ്റ് സംഘവും ഉണ്ട്. പുരുഷ വനിത ടീമുകൾ ക്രിക്കറ്റിൽ മത്സരിക്കുന്നുണ്ട്. സെയ്ലിംഗിൽ 33 പേരടങ്ങുന്ന സംഘവും ഷൂട്ടിങ്ങിൽ 30 പേർ അടങ്ങുന്ന സംഘവും ഉണ്ട്. ഭാരോദ്വഹനം, , ഹാന്‍ഡ്ബോള്‍, റഗ്ബി, ജിംനാസ്റ്റിക്സ് എന്നിവയിൽ മത്സരിക്കുന്നതിനായി ഒരു പുരുഷ താരത്തിനും മന്ത്രാലയം അനുമതി നൽകിയിട്ടില്ല.

കൊൽക്കത്ത : ഡ്യൂറന്‍ഡ് കപ്പിൽ തോൽവി ഏറ്റുവാങ്ങി ഗോകുലം. ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിന് രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലം കേരള തോറ്റത്. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ പൂർണമായും ആധിപത്യം സ്ഥാപിച്ചിരുന്നു . തുടക്കത്തിൽ തിരിച്ചടിച്ചു നിന്നെങ്കിലും ആദ്യപകുതിക്ക് ശേഷം ഈസ്റ്റ് ബംഗാളിനെ പ്രതിരോധിക്കാൻ ഗോകുലത്തിന് കഴിഞ്ഞില്ല.

ബൗബ അമീനുവിന്റെ ഹെഡ്ഡറിലൂടെ 57 മത്തെ മിനിറ്റിൽ ഗോൾ അടിച്ച് ഗോകുലം ഈസ്റ്റ് ബംഗാളിന് ഒപ്പം എത്തി. അഭിജിത്ത് നൽകിയ ക്രോസ് ആയിരുന്നു ബൗബ ഹെഡറിലൂടെ വലയിലാക്കിയത്. എന്നാൽ 77 മത്തെ മിനിറ്റിലുള്ള ബൗബയുടെ തന്നെ സെൽഫ് ഗോളാണ് ഗോകുലത്തിന് വില്ലൻ ആയത്. ഇതോടെ ഈസ്റ്റ് ബംഗാൾ കളിയിൽ ലീഡ് പിടിച്ച് അവസാന നാലിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. യോഗ്യത ഘട്ടത്തിലെ ആദ്യ ശ്രമത്തിൽ ഫൈനലിൽ യോഗ്യത ഉറപ്പിക്കുന്ന തരത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 88.77 എന്ന സീസണിലെ തന്നെ മികച്ച ദൂരം എറിഞ്ഞായിരുന്നു നീരജ് ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്. ഈ പ്രകടനത്തോടെ 2024 ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിലേക്കും ഇന്ത്യൻ താരം യോഗ്യത നേടി.

ടോക്യോ ഒളിമ്പിക്സിൽ സ്വർണവും കഴിഞ്ഞ വർഷം നടന്ന യുജിൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഇന്ത്യയ്ക്കായി നീരജ് ചോപ്ര നേടിയിരുന്നു. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുന്നത് ഞായറാഴ്ചയാണ്. ഇന്ത്യയ്ക്കായി നീരജിന് പുറമേ കിഷോർ കുമാർ ജെന, ഡി പി മനു എന്നിവരും മത്സരത്തിനുണ്ട്.

ഡബ്ള്യു ഡബ്ള്യു ഇ മുൻ ചാമ്പ്യൻ ആയിരുന്ന ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച റസ്‌ലിങ് താരത്തിന് 36 വയസായിരുന്നു. ഡബ്ള്യു ഡബ്ള്യു ഇ യുടെ ചീഫ് കണ്ടന്റ് ഓഫീസർ ട്രിപ്പിൾ എച്ചാണ് വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ മൂലം മത്സരങ്ങളിൽ നിന്ന് കുറച്ചു കാലമായി വയറ്റ് വിട്ട് നിൽക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ യാഥാർത്ഥ പേര് വിന്റം റോറ്റുണ്ട എന്നായിരുന്നു. എക്‌സിലൂടെയായിരുന്നു വയറ്റിന്റെ മരണ വാർത്ത ട്രിപ്പിൾ എച്ച് അറിയിച്ചത്. ലക്ഷക്കണക്കിന് ആരാധകരുള്ള വയറ്റ് 2009 മുതൽ ഡബ്ള്യു ഡബ്ള്യു ഇ യുടെ ഭാഗമായി മത്സരങ്ങളിലുണ്ട്. യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ്‌ ഡബ്ള്യു ഡബ്ള്യു ഇ ചാമ്പ്യൻഷിപ് എന്നിവ വിജയിച്ചിട്ടുണ്ട്. മുൻ റസ്‌ലിങ് താരമായ മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രേ വയറ്റ്.

ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനലിൽ രണ്ടാം ദിവസവും ലോകത്തിലെ നമ്പർ വൺ താരമായ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് പ്രഗ്നാനന്ദ. 30 നീക്കങ്ങൾക്കൊടുവിലായിരുന്നു ഇരുവരും സമനിലയിലേക്ക് എത്തിയത്. ഇതോടെ ഇന്നു നടക്കുന്ന ട്രൈബ്രേക്കർ മാഗ്നെസ് കാൾസനും പ്രഗ്നാനന്ദയ്ക്കും നിർണായകമായിരിക്കും. ബുധനാഴ്ചത്തെ ഒരു മണിക്കൂർ നീണ്ട വാശിയേറിയ പോരാട്ടത്തിന് ഒടുവിലായിരുന്നു കളി സമനിലയിലേക്ക് നീങ്ങിയത്. ചൊവ്വാഴ്ച നടന്ന ആദ്യ കളി 35 നീക്കങ്ങൾക്കൊടുവിലായിരുന്നു സമനിലയിലെത്തിയത്.

ചെസ്സ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചായിരുന്നു ഇന്ത്യൻ താരം പ്രഗ്നാനന്ദ ക്വാർട്ടറിൽ എത്തിയത്. സെമിയിൽ പ്രഗ്നാനന്ദ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെയാണ് തളച്ചത്. ചെസ്സ് ലോകകപ്പിൽ വിശ്വനാഥൻ ആനന്ദിന് ശേഷം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ . വിശ്വനാഥൻ ആനന്ദ് രണ്ട് തവണ ചെസ് ലോകകപ്പ് ചാമ്പ്യനായിരുന്നു. 2005ൽ ലോകകപ്പ് ഫോർമാറ്റ് നോക്ക് ഔട്ട് രീതിയിലേക്ക് മാറ്റിയതിനുശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

ഇന്ത്യ -അയർലൻഡ് മൂന്നാം ട്വന്റി -20 മത്സരം കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ മത്സരമെങ്കിലും ജയിക്കണമെന്ന അയർലൻഡിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്. പ്ലേയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ നായകനായി പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയെയാണ്.

ഇതോടെ ഏഷ്യ കപ്പ്, ഏഷ്യൻ ഗെയിംസ് എന്നീ ലോകകപ്പ് ടൂര്ണമെന്റുകൾക്ക് മുൻപ് ഇന്ത്യൻ ടീം കളിക്കേണ്ടിയിരുന്ന അവസാന ട്വന്റി-20 മത്സരമാണ് ഉപേക്ഷിച്ചിരിക്കുന്നത്. അതു കൊണ്ട് ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനും ഫോം നഷ്ടപ്പെട്ട താരങ്ങൾക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുമുള്ള അവസാന അവസരമാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.

തന്റെയും രോഹിത് ശർമയുടെയും മാച്ചിലെ കൂട്ടുകെട്ടിനെ സംബന്ധിച്ച് വാചാലനായി ശുഭ്മാൻ. ഞങ്ങളുടെ വ്യത്യസ്തമായ ബാറ്റിങ് രീതി ഓപ്പണിങ് കൂട്ടുകെട്ടിനെ മികച്ചതാക്കുന്നുവെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഏകദിനത്തിലെ 9 ഇന്നിങ്‌സുകളിൽ നിന്നായി ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ട് 685 റൺസ് വരെ എത്തിയിട്ടുണ്ട്.

‘രോഹിതിന്റെ ബാറ്റിംഗ് രീതി എന്റേതിൽ നിന്നും വ്യത്യസ്തമാണ്. പവർ പ്ലേയിൽ തകർത്ത് കളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാൻ ഗ്യാപ്പുകൾ കണ്ടെത്തി പന്ത് അതിർത്തി കടത്താൻ നോക്കുമ്പോൾ രോഹിത് സിക്‌സറുകൾ അടിക്കാൻ ഇഷ്ടപ്പെടുന്നു. അതിനാലാണ് ഞങ്ങളുടെ കൂട്ടുകെട്ട് നന്നായി പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നത്’ എന്നാണ് ഗിൽ വ്യക്തമാക്കിയത്.

ക്യാപ്റ്റൻ എന്ന രീതിയിൽ രോഹിത് ശർമ്മ എല്ലാവർക്കും അവരുടെ സ്വാഭാവികമായ രീതിയിൽ കളിയ്ക്കാൻ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും ഗിൽ പ്രതികരിച്ചു. അതേ സമയം ഏഷ്യ കപ്പിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യയുടെ ആദ്യത്തെ മത്സരം പാകിസ്താനെതിരെ സെപ്റ്റംബർ 2 നാണ് നടക്കുന്നത്.

ഏഷ്യ കപ്പിനുള്ള 17 അംഗ ടീമിനെ തിരഞ്ഞെടുത്തത് മുതൽ വിവാദങ്ങൾ കനക്കുകയാണ്. യൂസ് വേന്ദ്ര ചഹാൽ ,രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നും സഞ്ജുവിനെ സ്റ്റാൻഡ് ബൈ പ്ലേയറാക്കിയെന്നും പറഞ്ഞായിരുന്നു കൂടുതൽ എതിർപ്പുകളുമുണ്ടായത്. ഈ സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. ഏഷ്യ കപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ടീമിൽ തിരഞ്ഞെടുത്ത അംഗങ്ങളെ അംഗീകരിക്കണമെന്നുമാണ് മുൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ ചില താരങ്ങളെ ടീമിൽ പരിഗണിച്ചില്ലെന്നത് സത്യമാണ്. എന്നാൽ ഏഷ്യ കപ്പിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ടീമിനെ ഇഷ്ടമായില്ലെങ്കിൽ നിങ്ങൾ കളി കാണേണ്ട.പക്ഷേ ഏതെങ്കിലും താരത്തെ പേരെടുത്ത് ഉൾപ്പെടുത്തണമെന്ന് പറയുന്നത് ശരിയല്ല. ഏഷ്യ കപ്പ് അവസാനിക്കുമ്പോൾ അതിൽ നിന്നാകും ലോകകപ്പിനുള്ള 15 താരങ്ങളെ തിരഞ്ഞെടുക്കുന്നത്’ എന്നുമായിരുന്നു സുനിൽ ഗാവസ്‌കറിന്റെ പ്രതികരണം.തിരഞ്ഞെടുത്ത സംഘത്തെ ടീമായി അംഗീകരിച്ച് വിവാദമുണ്ടാക്കുന്നത് നിർത്തണമെന്നും ഗാവസ്‌കർ കൂട്ടി ചേർത്തു.

ഇന്ത്യൻ താരം പ്രഗ്നാനന്ദ ചെസ്സ് ലോകകപ്പ് ഫൈനലിൽ ഇടം നേടി. സെമിഫൈനലിൽ അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയയെ തോൽപിച്ചായിരുന്നു ഫൈനലിൽ പ്രവേശിച്ചത്.

ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യൻ താരങ്ങളിൽ ടൂർണമെന്റിൽ അവശേഷിക്കുന്ന പ്രഗ്നാനന്ദ ഫൈനലിൽ നേരിടാൻ പോകുന്നത് മാഗ്നസ് കാൾസനെയായിരിക്കും. ഇന്ത്യൻ താരം അർജുൻ എരിഗൈസിയെ മുൻപ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയിരുന്നു. നോക്ക് ഔട്ട് 2005 ൽ തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

വിംബിൾഡണിൽ കാർലോസ് അൽക്കാരസിനോടേറ്റ പരാജയത്തിന് സിൻസിനാറ്റിയിൽ പകരം വീട്ടി നൊവാക് ജോക്കോവിച്ച്. ഫൈനൽ മത്സരത്തിൽ അൽക്കാരസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. വിംബിൾഡണിൽ തോൽവി കഴിഞ്ഞു 35 ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു ജോക്കോവിച്ചിന്റെ വിജയം. എ ടി പി ടൂർണമെന്റ് ചരിത്രത്തിലെ തന്നെ മികച്ച മത്സരമായിരുന്ന മാച്ച് നീണ്ടത് 3 മണിക്കൂർ 49 മിനിറ്റായിരുന്നു. 2012 ൽ റാഫേൽ നദാലുമായി കളിച്ച മത്സരമാണ് അൽക്കാരസുമായി കളിച്ചപ്പോൾ ഓർമ വന്നതെന്നും അൽക്കാരസിന്റെ പ്രകടനം മികച്ചതാണെന്നും ജോക്കോവിച്ച് പ്രതികരിച്ചു.

ഈ കളിയിലെ ജയം ജോക്കോവിച്ചിന്റെ 39 മത്തെ മാസ്റ്റേഴ്സ് നേട്ടമാണ്. ഇതോടെ ജോക്കോവിച്ചിന് അൽക്കാരസിന്റെ തൊട്ടടുത്ത റാങ്കിങ്ങിൽ എത്താനായി. ഓഗസ്റ്റ് 28 ന് ആരംഭിക്കുന്ന യു എസ് ഓപ്പണിലെ ആദ്യ റൗണ്ടിൽ ജയിക്കാനായാൽ ജോക്കോയ്ക്ക് ഒന്നാമത്തെ റാങ്ക് തിരിച്ച് പിടിക്കാൻ കഴിയും.മത്സരം കഴിഞ്ഞ ശേഷമുള്ള നൊവാക് ജോക്കോവിച്ചിന്റെ വിജയാഘോഷം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.