ഏഷ്യ കപ്പിനുള്ള 17 അംഗ ടീമിനെ തിരഞ്ഞെടുത്തത് മുതൽ വിവാദങ്ങൾ കനക്കുകയാണ്. യൂസ് വേന്ദ്ര ചഹാൽ ,രവിചന്ദ്രൻ അശ്വിൻ, ശിഖർ ധവാൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നും സഞ്ജുവിനെ സ്റ്റാൻഡ് ബൈ പ്ലേയറാക്കിയെന്നും പറഞ്ഞായിരുന്നു കൂടുതൽ എതിർപ്പുകളുമുണ്ടായത്. ഈ സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. ഏഷ്യ കപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ടീമിൽ തിരഞ്ഞെടുത്ത അംഗങ്ങളെ അംഗീകരിക്കണമെന്നുമാണ് മുൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ ചില താരങ്ങളെ ടീമിൽ പരിഗണിച്ചില്ലെന്നത് സത്യമാണ്. എന്നാൽ ഏഷ്യ കപ്പിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ടീമിനെ ഇഷ്ടമായില്ലെങ്കിൽ നിങ്ങൾ കളി കാണേണ്ട.പക്ഷേ ഏതെങ്കിലും താരത്തെ പേരെടുത്ത് ഉൾപ്പെടുത്തണമെന്ന് പറയുന്നത് ശരിയല്ല. ഏഷ്യ കപ്പ് അവസാനിക്കുമ്പോൾ അതിൽ നിന്നാകും ലോകകപ്പിനുള്ള 15 താരങ്ങളെ തിരഞ്ഞെടുക്കുന്നത്’ എന്നുമായിരുന്നു സുനിൽ ഗാവസ്‌കറിന്റെ പ്രതികരണം.തിരഞ്ഞെടുത്ത സംഘത്തെ ടീമായി അംഗീകരിച്ച് വിവാദമുണ്ടാക്കുന്നത് നിർത്തണമെന്നും ഗാവസ്‌കർ കൂട്ടി ചേർത്തു.

