Sports (Page 21)

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലുള്ള 16 അംഗ ടീമിനെയാണ് ബി സി സി ഐ തിരഞ്ഞെടുത്തിരിക്കുന്നത്. അജിത് അഗർക്കാരിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ടീമിൽ മലയാളി താരം സഞ്ജുവില്ലെങ്കിലും റിസർവ് താരമായി മാറ്റി നിർത്തിയിട്ടുണ്ട് . ഇത്തവണ കെ എൽ രാഹുലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. സൂര്യ കുമാർ യാദവിന്റെ സ്ഥാനം നിലനിർത്തിയതും തിലക് വർമയ്ക്ക് അവസരം നൽകിയതും ശ്രദ്ധേയമായിട്ടുണ്ട്.

ബൗളിങ് നിരയിൽ യുസ്വേന്ദ്ര ചാഹലിന് ഇടം നൽകിയില്ലെങ്കിലും പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയിട്ടുണ്ട് . രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലുള്ള ടീമിൽ ശുഭ് മാൻ ഗിൽ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, തിലക് വർമ, ഇഷാൻ കിഷൻ, സൂര്യ കുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശാർദുൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നീ താരങ്ങളാണുള്ളത്.

അയർലൻഡിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ട്വന്റി-20 മത്സരത്തിൽ 33 റൺസിന് ഇന്ത്യ ജയിച്ചു. 186 റൺസ് വിജയലക്ഷ്യം കണ്ടിറങ്ങിയ അയർലൻഡിന്റെ ഇന്നിങ്‌സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിലാണ് അവസാനിച്ചത്. ഇന്ത്യൻ ടീമിനായി ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റ് നേടി. അർഷ് ദീപ് സിംഗ് ഒരു വിക്കറ്റ് കൂടി നേടിയതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയിരുന്നു. സഞ്ജു സാംസന്റെയും ഋതു രാജ് ഗെയ്ക് വാദിന്റെയും ഇന്നിംഗ്സ് മത്സരത്തിലെ ഇന്ത്യയുടെ സ്കോർ ഉയർത്തി.

നാലാം നമ്പറിൽ ഇറങ്ങിയ സഞ്ജു 26 പന്തിൽ 5 ഫോറും ഒരു സിക്‌സുമുൾപ്പെടെ 40 റൺസ് നേടി. യശസ്വി ജെയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവർ ഔട്ടായെങ്കിലും ഇന്ത്യൻ ബാറ്റർ ശിവം ദുബെ ഔട്ടാകാതെ നിന്നത് കളിയിൽ നിർണായകമായി. മൂന്നാം വിക്കറ്റിൽ പരുങ്ങി നിന്ന ഇന്ത്യയെ 71 റൺസിലെത്തിച്ചത് സഞ്ജു -ഗെയ്ക് വാദ് കൂട്ടുകെട്ടാണ്. അഞ്ചാം വിക്കറ്റിൽ ശിവം ദുബെ, റിങ്കു സിംഗ് എന്നിവർ ചേർന്ന് 55 റൺസ് നേടിയതോടെയാണ് ഇന്ത്യയുടെ സ്കോർ 180 കടന്നത്. മികച്ച നീക്കം നടത്തി ഇന്ത്യയെ ജയിപ്പിച്ച റിങ്കു സിംഗായിരുന്നു കളിയിലെ താരം.

india

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട്കോലിക്ക് വജ്രം കൊണ്ട് ഉണ്ടാക്കിയ ബാറ്റ് നൽകാനൊരുങ്ങി ഗുജറാത്തിലെ സൂററ്റിലുള്ള ബിസിനസുകാരൻ. ഏകദിന ലോകകപ്പ് മത്സരത്തിനു മുമ്പ് 1.04 കാരറ്റ് വജ്ര കല്ലുകൊണ്ട് ഉണ്ടാക്കിയ ബാറ്റാണ് വിരാടിന് നൽകുന്നത്. 10 ലക്ഷം രൂപയോളം വിലമതിക്കുന്ന ബാറ്റ് ഒരു മാസമെടുത്താണ് നിർമ്മിക്കുന്നത്. ഉത്പൽ മിസ്ത്രിയെന്ന ഡയമണ്ട് ടെക്നോളജി വിദഗ്ധന്റെ നേതൃത്വത്തിലാണ് ബാറ്റ് നിർമ്മിക്കുന്നത്. പ്രകൃതിദത്തമായ ഡയമണ്ടാണ് ബാറ്റ് നിർമിക്കാനായി ഉപയോഗിക്കുന്നതെന്ന് മിസ് ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് 18ന് രാജ്യാന്തര ക്രിക്കറ്റിൽ കോലി 15 വർഷം പൂർത്തിയാക്കിയിരുന്നു. ശ്രീലങ്കയിലെ ദംമ്പുള്ളയിൽ 2008 ഓഗസ്റ്റ് 18നാണ് കോലി രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയത്. താരം ഇപ്പോൾ ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞവർഷത്തെ ഏഷ്യാകപ്പിൽ 276 റൺസെടുത്ത് റൺവേട്ട ക്കാരിൽ വിരാട് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കരിയറിലെ പതിനാറാം വർഷത്തിൽ ഇന്ത്യയ്ക്കായി ഏഷ്യാ കപ്പ് ഉയർത്താമെന്ന പ്രതീക്ഷയിലാണ് കോലി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി -20 യിലും അയർലണ്ടിനെതിരെയുള്ള പര്യടനത്തിനും കളിക്കാതിരുന്ന താരം ഇപ്പോൾ ഏഷ്യാകപ്പിനായുള്ള ഒരുക്കത്തിലാണ്.

ലോഡർഹിൽ : മോറിസ് വില്ല യൂണിറ്റി ടീമിനായി ന്യൂയോർക്ക് മാസ്റ്റേഴ്സ് ടി -20 ടൂർണമെന്റിൽ അരങ്ങേറി ശ്രീശാന്ത്. യൂണിറ്റിയുടെ ആദ്യ മത്സരത്തിൽ ന്യൂയോർക്ക് വാരിയേഴ്സിനോട് 6 റൺസിനാണ് ടീം തോറ്റത്. ഒരു ഓവറിൽ മാത്രമാണ് 10 ഓവറായി നടക്കുന്ന മത്സരത്തിൽ താരം പന്തെറിഞ്ഞത്. മൂന്ന് സിക്സ് നേടി ശ്രീശാന്ത് 19 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് ഒന്നും തന്നെ ലഭിച്ചില്ല. ഹർഭജൻ സിംഗാണ് യൂണിറ്റി ടീമിന്റെ ക്യാപ്റ്റൻ. രാഹുൽശർമ, മൻവീന്ദർ ബിസ്ല, പാർഥീവ് പട്ടേൽ എന്നീ താരങ്ങളും യൂണിറ്റിയിൽ കളിക്കുന്നുണ്ട്.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മുൻ താരം മിസ്ബ ഉൾ ഹഖാണ് ന്യൂയോർക്കിന്റെ ക്യാപ്റ്റൻ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂയോർക്ക് വാരിയേഴ്‌സ് 124 റൺസ് മാത്രമാണ് എടുത്തത്. 25 പന്തുകൾ നേരിട്ട റിച്ചഡ് ലെവി 66 റൺസ് നേടി. 125 റൺസ് വേണ്ടിയിരുന്ന യൂണിറ്റിക്ക് 118 റൺസ് കിട്ടിയത് 5 വിക്കറ്റ് നഷ്ടത്തിലാണ്. യൂണിറ്റിയുടെ ടോപ് സ്‌കോററായത് 12 പന്തിൽ 35 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഓബസ് പെനാറാണ്.

ഇന്ത്യൻ വനിത സ്പ്രിന്റർ ദ്യുതി ചന്ദിന് വിലക്കേർപ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയെ തുടർന്നായിരുന്നു താരത്തിന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. 2023 ജനുവരി മുതൽ തുടങ്ങിയ വിലക്കിനെ തുടർന്ന് 2027 വരെ ദ്യുതിയ്ക്ക് കളികളിൽ പങ്കെടുക്കാനാവില്ല. കഴിഞ്ഞ ഡിസംബറിലെടുത്ത സാംപിളുകളുടെ പരിശോധനയിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നടപടി.

താരത്തിന് സമിതിയ്ക്ക് മുൻപാകെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. പുരുഷ ഹോർമോൺ കൂടുതലാണെന്ന കാരണത്താൽ നേരത്തെ ദ്യുതിക്ക് ഒന്നരവർഷത്തോഇളം വിലക്കുണ്ടായിരുന്നു. രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയുടെ അനുകൂല വിധി വന്നതോടെയാണ് വീണ്ടും താരത്തിന് മത്സരത്തിനിറങ്ങാൻ കഴിഞ്ഞത് . 2018 ൽ ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 100,200 മീറ്റർ മത്സരത്തിൽ ദ്യുതിക്ക് വെള്ളി ലഭിച്ചിരുന്നു.

ഡബ്ലിൻ : അയർലണ്ടിനെതിരെ നടന്ന ആദ്യ ടി -20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഗ്രൗണ്ടിൽ മഴ പെയ്തതോടെ കളി മുഴുപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഡെക്ക് വർത്ത് ലൂയിസ്‌ നിയമമനുസരിച്ചാണ് ഇന്ത്യയ്ക്ക് ജയം ലഭിച്ചത്. രണ്ട് റണ്ണിന്റെ ജയമാണ് ഇന്ത്യയ്ക്ക് ഈ കളിയിലുള്ളത്. 7 വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ സ്വന്തമാക്കിയത് 139 റൺസാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ മൂലം കളി മുടങ്ങിയത് .

പിന്നീട് മാച്ച് തുടരാൻ സാധിക്കാതെ വന്നതോടെയാണ് ഡെക്ക് വർത്ത് നിയമപ്രകാരം ഇന്ത്യ ജയം ഉറപ്പിച്ചത് . 23 പന്തിൽ 24 റൺസെടുത്ത ഓപ്പണറായ യശസ്വി ജെയ്സ്വാൾ, നേരിട്ട ആദ്യ പന്തിൽ തന്നെ ഒന്നും നേടാതെ ഇരുന്ന തിലക് വർമ്മ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യൻ ടീമിന് നഷ്ടമായത്. കളി മഴ മൂലം നിർത്തുന്ന സമയം 19 റൺസുമായി റിതുരാജ് ഗെയ്ക് വാഥും ഒരു റണ്ണുമായി സഞ്ജു സാംസണുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. കളിയിൽ പരിക്ക് കഴിഞ്ഞു തിരിച്ചെത്തിയ ബുമ്ര ആദ്യ ഓവറിൽ തന്നെ അയർലൻഡിനെ ഞെട്ടിച്ചു. ആദ്യ ഓവറിൽ രണ്ടാം പന്തും അഞ്ചാം പന്തും എറിഞ്ഞു വിക്കറ്റുകൾ വീഴ്ത്തി ബുമ്ര താരമായി.

വാലറ്റത്ത് ഇറങ്ങിയ ബറി മക്കാർത്തിയുടെ കൂറ്റനടികളാണ് അയർലണ്ടിനെ 139 എന്ന സ്‌കോറിൽ കൊണ്ടെത്തിച്ചത് . മധ്യനിരയിലെ കുർട്ടിസ് കാംഫർ 33 പന്തിൽ ഒരു സിക്‌സും 3 ഫോറും അടിച്ചു. ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് 11 റൺസും മാർക്ക് അഡയർ 16 റൺസും നേടി. ബുമ്ര നാല് ഓവറിലായി 24 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റിലൂടെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. നാലോവറിൽ 23 റൺസ് വഴങ്ങി രവി ബിഷ്‌ണോയിയും കളിയിൽ രണ്ട് വിക്കറ്റ് എടുത്തിരുന്നു.

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി കോഹ്ലി ഉണ്ടായിരുന്നുവെങ്കിൽ 2023 ലോകകപ്പ് ഇന്ത്യയ്ക്ക് കിട്ടുമായിരുന്നുവെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നിലവിൽ ക്യാപ്റ്റനായ രോഹിത് ശർമ്മ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെയും പ്രധാന കിരീടം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിട്ടില്ല. ഐ സി സി ടൂർണമെന്റുകൾ വിജയിക്കാൻ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമിന് പറ്റിയിട്ടില്ലെന്നതും മറ്റൊരു വാസ്തവമാണ്.

നിലവിൽ പ്രധാന താരങ്ങൾ പരിക്കിലായതിനാൽ ലോകകപ്പിന് ഏതൊക്കെ താരങ്ങളെ ഇറക്കുമെന്ന കാര്യത്തിൽ വ്യക്തമായ ധാരണയായിട്ടില്ല. ‘കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ പല തവണ മാറ്റം വരുത്തി നിരവധി താരങ്ങളെ വച്ച് പരീക്ഷണം നടത്തിയെങ്കിലും അതും ഫലം കണ്ടിട്ടില്ല. ബാറ്റിങ്ങിൽ 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ പുതിയ ഒരു താരത്തെയും സ്ഥിരമായി കളിക്കാൻ ഇന്ത്യ സമ്മതിച്ചിട്ടില്ല’ എന്നുമായിരുന്നു റാഷിദ് യൂ ട്യൂബ് വീഡിയോയിലൂടെ പ്രതികരിച്ചത്.

റിസ്ക് ഫാക്ടർ ആണെങ്കിലും സീനിയർ താരങ്ങൾക്ക് പ്രാധാന്യം നൽകി ലോകകപ്പിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.
വിരാട് കോഹ്ലി ക്യാപ്റ്റനായി ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ടീം 100 % ഏകദിന ലോകകപ്പിന് ഇപ്പോൾ തയ്യാറാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പേസർ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം 3 മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരയ്ക്കായി അയർലൻഡിലെത്തി. പരിക്ക് മൂലം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഏറെ നാളായി വിട്ട് നിന്നിരുന്ന ബുമ്രയുടെ തിരിച്ചു വരവിന് ഇതോടെ അയർലൻഡ് വേദിയാകും. ഇന്ത്യൻ ടീമിലെ യുവ താര നിരയാണ് അയർലൻഡിലെ മാച്ചിനെ നേരിടാൻ പോകുന്നത്.

ഐ പി എല്ലിൽ മികവ് തെളിയിച്ച റിങ്കു സിംഗ്, ജിതേഷ് ശർമ തുടങ്ങിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ കപ്പ് , ഏകദിന ലോകകപ്പ് എന്നീ മത്സരങ്ങൾക്കുള്ള സെലക്ഷൻ ട്രയൽസ് കൂടിയാകും ഈ മത്സരങ്ങൾ. ഡബ്ലിനിലെ ദ് വില്ലേജ് സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30 നാണ് കളി നടക്കുന്നത്. ബാക്കി രണ്ട് മത്സരങ്ങൾ 20, 23 എന്നീ തീയതികളിൽ നടക്കും.

ഇഷാൻ കിഷന് വിശ്രമം പറഞ്ഞിരിക്കുന്നതിനാൽ വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങുന്നത് സഞ്ജുവോ ജിതേഷ് ശർമയോ ആയിരിക്കും. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ട്വന്റി -20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിയാത്തതിനാൽ ഏഷ്യ കപ്പിലേക്കും ഏകദിന ലോക കപ്പിലേക്കും അവസരം ലഭിക്കണമെങ്കിൽ സഞ്ജുവിന് ഈ മത്സരത്തിൽ മികവ് തെളിയിക്കേണ്ടി വരും.

ടി – 20 പരമ്പരയിലെ അയർലൻഡിനെതിരെയുള്ള മൂന്ന് മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കുന്നു. വെസ്റ്റിൻഡീസിലെ സ്ലോ പിച്ചിൽ നിന്ന് അയർലണ്ടിലെ ബാറ്റിംഗ് പിച്ചിലേക്ക് കളി മാറുമ്പോൾ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകർ കരുതുന്നത്. 2022 ൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സഞ്ജു അർദ്ധ സെഞ്ച്വറി നേടിയത്.

അന്നത്തെ ആദ്യ മത്സരം മഴ മൂലം തടസ്സപ്പെട്ടപ്പോൾ 12 ഓവർ വീതം എന്ന നിലയിൽ കളി ചുരുക്കിയിരുന്നു. 12 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് 108 റൺസ് അടിച്ചപ്പോൾ ഇന്ത്യ 9 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ആദ്യം മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ദീപക് ഹൂഡയാണ് 47 റൺസെടുത്ത് ടോപ്പ് സ്കോററായത്. ദിനേശ് കാർത്തിക് വിക്കറ്റ് കീപ്പറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രണ്ടാം മത്സരത്തിൽ സഞ്ജുവിനെ ഇഷാൻ കിഷനൊപ്പം ഓപ്പണറായി ഇറക്കി.

മൂന്നാം നമ്പറിൽ എത്തിയ ദീപക് ഹൂഡയ്ക്കൊപ്പം സഞ്ജു മികച്ച പ്രകടനം അന്ന് കാഴ്ചവച്ചിരുന്നു. 104 റൺസ് 57 പന്തിൽ ദീപക് ഹൂഡ നേടിയപ്പോൾ സഞ്ജു 42 പന്തിൽ 77 റൺസ് നേടുകയായിരുന്നു. ഇരുവരും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യൻ ടീം 20 ഓവറിൽ 225 റൺസ് അടിച്ചെങ്കിലും അയർലൻഡ് 20 ഓവറിൽ 224 റൺസ് എടുത്തു. അന്നത്തെ കളിയിൽ നാലു റൺസിനായിരുന്നു ഇന്ത്യ ജയിച്ചത്. നാളെ നടക്കുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മുംബൈ : വെസ്റ്റിൻഡീസിനെതിരെ നടന്ന ട്വന്റി -20 പരമ്പരയിൽ സ്ഥിരം പൊസിഷനിൽ ഇറങ്ങാൻ സാധിക്കാത്തതിനാൽ സഞ്ജുവിന് ഇനിയും അവസരം ലഭിക്കുമെന്ന് വ്യക്തമാക്കി മുൻ ക്രിക്കറ്റ് താരം അഭിഷേക് നായർ. ട്വന്റി20 യിലെ മൂന്ന് ഇന്നിങ്സുകളിലായി 32 റൺസ് ആണ് താരം നേടിയത്. കിട്ടിയ അവസരം സഞ്ജു ശരിയായ രീതിയിൽ വിനിയോഗിച്ചില്ലെന്ന് മത്സരത്തിനുശേഷം വിമർശനം ഉയർന്നിരുന്നു.` സഞ്ജു മികച്ച പ്രകടനം അവസരങ്ങൾ കിട്ടിയപ്പോൾ കാഴ്ചവച്ചോയെന്നതിനെപ്പറ്റി അറിയില്ല. പക്ഷേ അദ്ദേഹത്തിന് ഇനിയും ടീമിൽ അവസരങ്ങൾ ലഭിക്കും.

നിങ്ങൾ അദ്ദേഹത്തിന്റെ സ്ഥാനത്തായിരുന്നെങ്കിൽ ഒരു ചോദ്യം ഉറപ്പായും ചോദിക്കുമായിരുന്നു. താൻ ആറാം നമ്പർ ബാറ്ററാണോ, തനിക്ക് ആ പൊസിഷനിൽ നിന്ന് ശീലം ഉണ്ടോ എന്നതായിരിക്കും ആ ചോദ്യം. ആ ബാറ്റിംഗ് പൊസിഷൻ സഞ്ജുവിനെ സംബന്ധിച്ച് പുതിയ കാര്യമാണ് എന്നാണ് തോന്നുന്നതെന്നും ജിയോ സിനിമയുടെ ചർച്ചയിൽ അഭിലാഷ് നായർ വ്യക്തമാക്കി. സഞ്ജു കഴിവ് തെളിയിച്ചിട്ടുള്ളത് മൂന്നാം നമ്പറിലാണ്. മൂന്നാമനായി ബാറ്റിംഗിന് ഇറക്കിയാൽ മാത്രമേ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുവെന്നും അഭിലാഷ് നായർ വിശദീകരിച്ചു.