വിംബിൾഡൺ പരാജയത്തിന് ജോക്കോവിച്ചിന്റെ മധുര പ്രതികാരം ;സിൻസിനാറ്റി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി

വിംബിൾഡണിൽ കാർലോസ് അൽക്കാരസിനോടേറ്റ പരാജയത്തിന് സിൻസിനാറ്റിയിൽ പകരം വീട്ടി നൊവാക് ജോക്കോവിച്ച്. ഫൈനൽ മത്സരത്തിൽ അൽക്കാരസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. വിംബിൾഡണിൽ തോൽവി കഴിഞ്ഞു 35 ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു ജോക്കോവിച്ചിന്റെ വിജയം. എ ടി പി ടൂർണമെന്റ് ചരിത്രത്തിലെ തന്നെ മികച്ച മത്സരമായിരുന്ന മാച്ച് നീണ്ടത് 3 മണിക്കൂർ 49 മിനിറ്റായിരുന്നു. 2012 ൽ റാഫേൽ നദാലുമായി കളിച്ച മത്സരമാണ് അൽക്കാരസുമായി കളിച്ചപ്പോൾ ഓർമ വന്നതെന്നും അൽക്കാരസിന്റെ പ്രകടനം മികച്ചതാണെന്നും ജോക്കോവിച്ച് പ്രതികരിച്ചു.

ഈ കളിയിലെ ജയം ജോക്കോവിച്ചിന്റെ 39 മത്തെ മാസ്റ്റേഴ്സ് നേട്ടമാണ്. ഇതോടെ ജോക്കോവിച്ചിന് അൽക്കാരസിന്റെ തൊട്ടടുത്ത റാങ്കിങ്ങിൽ എത്താനായി. ഓഗസ്റ്റ് 28 ന് ആരംഭിക്കുന്ന യു എസ് ഓപ്പണിലെ ആദ്യ റൗണ്ടിൽ ജയിക്കാനായാൽ ജോക്കോയ്ക്ക് ഒന്നാമത്തെ റാങ്ക് തിരിച്ച് പിടിക്കാൻ കഴിയും.മത്സരം കഴിഞ്ഞ ശേഷമുള്ള നൊവാക് ജോക്കോവിച്ചിന്റെ വിജയാഘോഷം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.