ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. യോഗ്യത ഘട്ടത്തിലെ ആദ്യ ശ്രമത്തിൽ ഫൈനലിൽ യോഗ്യത ഉറപ്പിക്കുന്ന തരത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 88.77 എന്ന സീസണിലെ തന്നെ മികച്ച ദൂരം എറിഞ്ഞായിരുന്നു നീരജ് ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്. ഈ പ്രകടനത്തോടെ 2024 ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിലേക്കും ഇന്ത്യൻ താരം യോഗ്യത നേടി.
ടോക്യോ ഒളിമ്പിക്സിൽ സ്വർണവും കഴിഞ്ഞ വർഷം നടന്ന യുജിൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഇന്ത്യയ്ക്കായി നീരജ് ചോപ്ര നേടിയിരുന്നു. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുന്നത് ഞായറാഴ്ചയാണ്. ഇന്ത്യയ്ക്കായി നീരജിന് പുറമേ കിഷോർ കുമാർ ജെന, ഡി പി മനു എന്നിവരും മത്സരത്തിനുണ്ട്.

