Sports (Page 19)

ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ അഞ്ചു വിക്കറ്റ് ജയം. ബംഗ്ലാദേശിന്റെ 165 റൺസെന്ന വിജയലക്ഷ്യം 11 ഓവർ ബാക്കി നിൽക്കെയാണ് ശ്രീലങ്ക മറികടന്നത്. ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. ചരിത് അസലങ്ക, സധീര സമര വിക്രമ എന്നിവരുടെ അർദ്ധ സെഞ്ച്വറിയാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.

ശ്രീലങ്കയുടെ ബോളിങ്ങിനു മുന്നിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിലം പതിക്കുകയായിരുന്നു. നജ്മൽ ഷാന്റോയുടെ 89 റൺസ് എടുത്ത ഒറ്റയാൾ പോരാട്ടമാണ് 150 എന്ന സ്കോറിലേക്ക് ലേക്ക് ടീമിനെ കൊണ്ടുപോയത്. മതീഷാ പതിരണ ശ്രീലങ്കയ്ക്കായി മികച്ച ബോളിംഗ് പ്രകടനം കളിയിൽ പുറത്തെടുത്തു. 7.4 ഓവറിൽ 32 റൺസ് എടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ കെഎൽ രാഹുലിന് വീണ്ടും പരിക്ക്. മുൻപ് കാലിനേറ്റ പരിക്ക് മാറിയതിന് ശേഷമാണ് രാഹുൽ ഏഷ്യ കപ്പിനുള്ള ടീമിൽ ഇടം പിടിച്ചത്. ഇപ്പോൾ പരിശീലനത്തിനിടെ താരത്തിന് ചെറുതായി പരിക്കേറ്റതിനാൽ ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാകുമെന്നാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചിരിക്കുന്നത്. താരത്തിന് മുൻപുണ്ടായ പരിക്കുമായി പുതിയ പരിക്കിന് ബന്ധമില്ലെന്നും പരിശീലകൻ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം ഏഷ്യാകപ്പിൽ പങ്കെടുക്കാനായി ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചെങ്കിലും കെ എൽ രാഹുൽ ടീമിനൊപ്പം പോയിട്ടില്ല. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരത്തിന്റെ ചികിത്സ തുടരുകയാണ്. ഫിറ്റ്നസ് ഉറപ്പുവരുത്തിയ ശേഷം മാത്രമേ കെ എൽ രാഹുലിന്റെ ഏഷ്യാ കപ്പിലേക്കുള്ള പങ്കാളിത്തത്തെ സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിന് പ്രൊഫഷണൽ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. സഹതാരങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ജോൺ സ്റ്റോൺസ്, ആഴ്സണലിന്റെ മാർട്ടിൻ ഒഡെഗാർഡ്, ബുക്കയോ സാക്ക, ഇപ്പോൾ ബയേൺ മ്യൂണിക്കിനൊപ്പം ഉള്ള മുൻ ടോട്ടൻഹാം താരം ഹാരി കെയ്ൻ എന്നിവരെക്കാൾ കൂടുതൽ വോട്ടുകളാണ് 23-കാരനായ എർലിംഗ് ഹാലണ്ടിന് ലഭിച്ചത്.


പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ താരത്തിന്റെ സിറ്റി ട്രിപ്പിൾ വിജയത്തിന് കാരണമായ പ്രകടനം ശ്രദ്ധേയമായ മത്സരങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ സീസണിൽ 53 മത്സരങ്ങളിൽ നിന്ന് 52 ​​ഗോളുകൾ നേടിയിരുന്നു. പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദി സീസൺ, ഫുട്‌ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ മെൻസ് പ്ലെയർ ഓഫ് ദ ഇയർ എന്നീ പദവികളും ഹാളണ്ട് നേടിയിരുന്നു.

ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് നായകൻ ബാബർ അസം ക്രിക്കറ്റ് ചരിത്രത്തിൽ 19 ഏകദിന സെഞ്ച്വറികൾ തികയ്ക്കുന്ന അതിവേഗ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കി. മുൾട്ടാനിൽ നേപ്പാളിനെതിരെയുള്ള ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് ഏകദിനത്തിൽ ഒന്നാം റാങ്കിങ്ങിൽ ഉള്ള താരം ഈ നേട്ടം സ്വന്തമാക്കുന്നത്.

104 ഇന്നിംഗ്സുകളിൽ മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹാഷിം അംലയുടെ റെക്കോർഡ് ആണ് 28 കാരനായ അസം 102 ഇന്നിംഗ്സുകളിൽ തിരുത്തി കുറിച്ചത്. മുൻ ഇന്ത്യൻ നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്ലി 124 ഇന്നിംഗ്സുകളിലും ഓസിസ് ഓപ്പണർ ഡേവിഡ് വാർണർ 130കളിലും ആണ് ഈ നേട്ടം കൈവരിച്ചത് .

ഏകദിനത്തിൽ 19 ടെസ്റ്റിൽ ഒൻപത് ടി ട്വന്റി യിൽ മൂന്ന് തുടങ്ങി 31 അന്താരാഷ്ട്ര സെഞ്ചറികൾ അസമിന്റെ പേരിൽ ഉണ്ട് . 131 പന്തിൽ 151 റൺസ് എടുത്ത് അസം 14 ബൗണ്ടറികളും നാല് സിക്സറും പറത്തി പാക്കിസ്ഥാനെ 342/6 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു.

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം നീരജ് ചോപ്ര. ഇപ്പോഴിതാ താരം ചെയ്ത ഒരു പ്രവർത്തിക്കൂടി അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നീരജ്. മെഡൽ നേടിയതിന് ശേഷം ഓട്ടോഗ്രാഫ് ചോദിച്ച് നീരജിനെ ഒരു ഹംഗറിയൻ വനിത സമീപിച്ചു. അവർ ഇന്ത്യൻ പതാകയിലാണ് ഓട്ടോഗ്രാഫ് ചോദിച്ചത്.

എന്നാൽ പതാകയിൽ ഔട്ടോഗ്രാഫ് നൽകാൻ നീരജ് വിസമ്മതിക്കുകയും പകരം അവരുടെ ടീ ഷർട്ടിന്റെ സ്ലീവില്‍ ഓട്ടോഗ്രാഫ് നൽകുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ കൂടിയായ നീരജിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഒരു മാധ്യമ പ്രവർത്തകനാണ് ഈ സംഭവത്തിന്റെ ചിത്രം പകർത്തിയത്. അത് ഉടനടി സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒളിംപിക്‌സിലും ലോക അത്‌ലറ്റിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ഡയമണ്ട് ലീഗിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരൻ കൂടിയാണ് നീരജ് ചോപ്ര.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ടൂർണമെന്റിന് ഇന്നു മുതൽ തുടക്കമാവും. ആറ് രാജ്യങ്ങളാണ് ലോക കിരീടത്തിനായി ഇന്നു പോരിനിറങ്ങുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ,ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുന്നത്. 6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഇന്നു വൈകിട്ട് 3ന് പാക്കിസ്ഥാനും നേപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ശനിയാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പാക്കിസ്ഥാനിലും ശ്രീലങ്കയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ശ്രീലങ്കയിലെ പല്ലെകെലെയിൽ വച്ചാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യാ കപ്പിന്റെ ഫൈനൽ സെപ്റ്റംബർ 17 ന് നടക്കും.17 അംഗ ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റിസർവ് താരമായി സഞ്ജു സാംസണും ടീമിലുണ്ട്. ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്.

കനേഡിയൻ പ്രൊഫഷണൽ സ്കേറ്ററും ഒളിമ്പ്യനുമായ അലക്സാണ്ട്രാ പോൾ കാറപകടത്തിൽ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് 7 കാറുകളിൽ ഇടിച്ചായിരുന്നു താരം മരിച്ചത്. ട്രക്കിടിച്ച ഏഴ് കാറുകളിൽ ഒന്ന് അലക്സാണ്ട്രയുടേതായിരുന്നു. 31 വയസ്സായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. കാനഡയിലെ മെലാങ്ത്തോൾ ടൗൺഷിപ്പിൽ വെച്ചുണ്ടായ അപകടത്തിൽ അലക്സാണ്ട്രക്കൊപ്പം 10 മാസം മാത്രം പ്രായമുള്ള അവരുടെ മകനും ഉണ്ടായിരുന്നു.

കാർ ഓടിച്ചിരുന്ന അലക്സാണ്ട്ര സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെങ്കിലും കുഞ്ഞുപരിക്കുകളോടെ രക്ഷപ്പെട്ടു. റഷ്യയിൽ വച്ച് 2014 ൽ നടന്ന ശൈത്യകാല ഒളിമ്പിക്സിൽ കാനഡയെ പ്രതിനിധീകരിച്ച് ഭർത്താവിനൊപ്പം മിക്സഡ് ഐസ് ഡാൻസ് മത്സരത്തിൽ താരം പങ്കെടുത്തിരുന്നു. സ്കേറ്റിംഗ് രംഗത്തും സജീവമായി ഉണ്ടായിരുന്നു.

ഏഷ്യൻ ഗെയിംസിലേക്കുള്ള ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് തോമസ് ഡെന്നർബിയാണ് 22 അംഗ സംഘത്തിന്റെ പ്രഖ്യാപനം നടത്തിയത്. മുൻ ക്യാപ്റ്റനും സ്ട്രൈക്കറുമായ ബാലാദേവി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. വനിതാ ടീമിന് പ്രായ നിയന്ത്രണം ഇല്ലാത്തതിനാൽ സീനിയർ അംഗങ്ങൾക്കും മത്സരിക്കാം. ഫിഫ റാങ്കിങ്ങിൽ 61 മത് സ്ഥാനത്തുള്ള ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് കളിക്കാൻ ഇറങ്ങുന്നത്. ഗ്രൂപ്പിൽ ഇന്ത്യയെക്കാൾ മുമ്പിലുള്ള ചൈനീസ് തായ് പേയ്, തായ്‌ലൻഡ് ടീമുകളാണ് പ്രധാനമായും ഇന്ത്യൻ ടീമിന്റെ എതിരാളികൾ. ചൈനീസ് തായ്പേയ് 38മത്തെ റാങ്കിലും തായ്‌ലൻഡ് 46 മത്തെ റാങ്കിലുമാണ്.

17 ഗ്രൂപ്പുകളെ 5 ടീമാക്കിയാണ് പോരാട്ടം നടത്തുന്നത്. എബിസി ഗ്രൂപ്പിൽ മൂന്ന് ടീമുകളും സിഡി ഗ്രൂപ്പിൽ നാല് ടീമുകളും ആണ് ഉൾപ്പെടുന്നത്. ഇവയിലെ അഞ്ച് ഗ്രൂപ്പ് ജേതാക്കളും ഏറ്റവും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ആയിരിക്കും ക്വാർട്ടറിലേക്ക് കടക്കുന്നത്. വിദേശ ലീഗിൽ കളിച്ചിട്ടുള്ള ഇന്ത്യൻ താരം ബാലാദേവി നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. യൂറോപ്പ്യൻ ലീഗിൽ കളിക്കുകയും ഗോൾ നേടുകയും ചെയ്ത ആദ്യ ഇന്ത്യൻ താരം ആണ് ബാലാദേവി. ഇത് മൂന്നാമത്തെ തവണയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം മത്സരിക്കാനായി ഇറങ്ങുന്നത്.

കോപ്പൻഹേഗൻ : മലയാളി താരം എച്ച് എസ് പ്രണോയിക്ക് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം. സെമിഫൈനൽ മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം തായ്‌ലൻഡിന്റെ വിറ്റിഡ്സരനോടാണ് താരം പരാജയപ്പെട്ടത്. ആദ്യ ഗെയിം പ്രണോയി സ്വന്തമാക്കിയെങ്കിലും തുടർന്നുള്ള രണ്ട് ഗെയിമുകൾ താരത്തിന് നഷ്ടപ്പെടുകയായിരുന്നു. 21-18, 13-21,14-21 എന്നിങ്ങനെയായിരുന്നു കളിയിലെ സ്കോർ നില.

സെമിയിൽ പരാജയപ്പെട്ടെങ്കിലും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടം പ്രണോയിക്കു സ്വന്തമാക്കാനായി. മെഡൽ നേട്ടത്തിൽ എത്തിയ ആദ്യ പുരുഷ താരം എന്ന ബഹുമതിയും പ്രണോയിക്കാണ്. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസനെ അട്ടിമറിച്ചായിരുന്നു പ്രണോയ് സെമിയിൽ എത്തിയത്.

ന്യൂ ഡൽഹി : ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളോ പ്രമോഷണൽ ഉള്ളടക്കമോ കാണിക്കുന്നതിൽ നിന്ന് ഉടൻ വിട്ടുനിൽക്കാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും ഓൺലൈൻ പരസ്യ ഇടനിലക്കാരോടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. അല്ലാത്തപക്ഷം അത്തരക്കാർക്ക് എതിരെ സർക്കാർ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് സർക്കാർ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത്തരം പരസ്യങ്ങൾക്കായി പണം നൽകുന്നതിന് കള്ളപ്പണം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇതിലൂടെ ഉൾപ്പെട്ടേക്കാവുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ആവർത്തിച്ചുള്ള ഉപദേശങ്ങൾ ഉണ്ടായിരുന്നിട്ടും, പരസ്യ ഇടനിലക്കാരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെയുള്ള ചില മാധ്യമ സ്ഥാപനങ്ങൾ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളിൽ വാതുവെപ്പും ചൂതാട്ടവും പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ അനുവദിച്ചിരുന്നു.

ഒരു പ്രധാന കായിക ഇനത്തിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ, അത്തരം വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പ്രോത്സാഹനം വർദ്ധിപ്പിക്കുന്ന പ്രവണത ഉണ്ടെന്നും നിരീക്ഷിക്കപ്പെടുന്നതായും , കൂടാതെ അത്തരത്തിലുള്ള ഒരു സുപ്രധാന അന്താരാഷ്ട്ര ഇവന്റ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. പ്രസ്സ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്ക് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പത്രങ്ങൾ, സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ, ഡിജിറ്റൽ മീഡിയയിലെ വാർത്തകളുടെയും സമകാലിക വിഷയങ്ങളുടെയും ഉള്ളടക്ക പ്രസാധകർ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

2022 ജൂൺ 13, 2022 ഒക്‌ടോബർ 3, 2023 ഏപ്രിൽ 6 എന്നീ തീയതികളിലെ സമാന ഉത്തരവുകൾ പിന്തുടരുന്നുകൊണ്ടാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അതിനാൽ ഏതെങ്കിലും മാധ്യമ പ്ലാറ്റ്‌ഫോമിൽ നേരിട്ടോ അല്ലാതെയോ അത്തരം പ്രവർത്തനങ്ങളുടെ പരസ്യമോ ​​പ്രമോഷനോനടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിനും പ്രസ് കൗൺസിൽ നിയമത്തിനും കീഴിലുള്ള വിവിധ വകുപ്പുകൾ പ്രകാരം തെറ്റാണെന്നും ഉത്തരവിൽ പരാമർശിക്കുന്നു. ഇൻഫർമേഷൻ ടെക് അനുവദനീയമല്ലാത്ത ഒരു ഓൺലൈൻ ഗെയിമിന്റെ പരസ്യം അല്ലെങ്കിൽ സറഗേറ്റ് പരസ്യം അല്ലെങ്കിൽ പ്രമോഷൻ സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങൾക്കെതിരെയും അല്ലെങ്കിൽ അത്തരം ഓൺലൈൻ ഗെയിം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഇടനിലക്കാർക്കെതിരെയും നിയമങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിലെ കേന്ദ്ര സർക്കാർ, മന്ത്രാലയം, മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളോടും അത്തരം പരസ്യങ്ങൾ/പ്രമോഷണൽ ഉള്ളടക്കങ്ങൾ ഏതെങ്കിലും രൂപത്തിൽ കാണിക്കുന്നതിൽ നിന്ന് ഉടനടി വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നുന്നുണ്ട് പരാജയപ്പെട്ടാൽ സർക്കാർ വിവിധ ചട്ടങ്ങൾ പ്രകാരം ഉചിതമായ നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.