Sports (Page 185)

ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ക്വാര്‍ട്ടറിലേക്ക് ജയിച്ചുകേറി. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡടിനെയാണ് സിന്ധു നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-15, 21-13.

ആദ്യ പോയിന്റുകള്‍ ഡെന്മാര്‍ക്ക് താരം സ്വന്തമാക്കിയെങ്കിലും ഒട്ടും വൈകാതെ സിന്ധു 11-6ന്റെ ലീഡ് നേടി. എന്നാല്‍ ബ്രേക്കിന് ശേഷം സിന്ധുവിന്റെ ലീഡ് 13-11 ആക്കി കുറയ്ക്കാന്‍ മിയയ്ക്ക് സാധിച്ചു. ഗെയിമിന്റെ അവസാനത്തോടെ സിന്ധു തന്റെ മികവുയര്‍ത്തിയപ്പോള്‍ ഗെയിം 21-15ന് സിന്ധു സ്വന്തമാക്കി.

രണ്ടാം പകുതിയിലും തന്റെ ആധിപത്യം തുടര്‍ന്നപ്പോള്‍ ഗെയിം 21-13ന് സ്വന്തമാക്കി സിന്ധു ക്വാര്‍ട്ടറിലേക്ക് കടന്നു.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. നാല് വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക ഇന്തയ്‌ക്കൊപ്പമെത്തി.

20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്ത ഇന്ത്യയെ നാല് വിക്കറ്റും രണ്ട് പന്തും ബാക്കി നില്‍ക്കേ ശ്രീലങ്ക മറികടന്നു.

കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തില്‍ വന്നതിന് തുടര്‍ന്ന് പല പ്രധാന താരങ്ങള്‍ക്കും കളിക്കാനാവാതെ പോയത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായി. ധവാനൊപ്പം ഋതുരാജ് ഗയ്കവാദ് ആണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മൂന്നാമത് ഇറങ്ങി ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

ലക്ഷ്യം ചെറുതായിരുന്നിട്ടും, ശ്രീലങ്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ അവിഷ്‌ക ഫെര്‍ണാണ്ടോ മടങ്ങി. സദീര സമരവിക്രമയും മിനോദ് ഭനുകയും നന്നായി തുടങ്ങിയെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാനായില്ല.

ഒരു വശത്ത് ഭനുക നിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. ഒടുവില്‍ ധനഞ്ജയ ഡി സില്‍വയും കരുണരത്നയും അവസാന ഓവര്‍ വരെ നിന്ന് കളിച്ചതോടെ ആതിഥേയര്‍ക്ക് വിജയ ലക്ഷ്യം മറികടക്കാനായി. ധനഞ്ജയ ഡി സില്‍വ 34 പന്തില്‍ 40 റണ്‍സ് നേടി. മിനോദ് ഭനുക 36 റണ്‍സും.

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 പരമ്പരക്കിടെ ഇന്ത്യന്‍ ടീമിനെ വെട്ടിലാക്കി കോവിഡ് ബാധ. മത്സരത്തിന് മുന്‍പായി നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ആള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്നത്തേയ്ക്ക് മാറ്റി.

ഇന്ത്യന്‍ ടീമിലെ എട്ടോളം പേര്‍ ക്രുനാലുമായി അടുത്തിടപഴകിയിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ, എല്ലാ താരങ്ങളുടേയും ആര്‍.ടി.പി.സി.ആര്‍ ഫലം വന്നതിന് ശേഷം മാത്രമേ ഇന്ന് മത്സരം നടക്കൂ. താരങ്ങള്‍ റൂം ക്വാറന്റൈനിലാണ്.

ക്രുനാല്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. മാത്രമല്ല, പരമ്പരയ്ക് ശേഷം ക്രുനാലിന് മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് തിരികെപ്പോകാനുമാവില്ല. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ താരം മീരാഭായ് ചാനു ഇന്നലെ ന്യൂഡല്‍ഹിയിലെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും എയര്‍പോര്‍ട്ട് ജീവനക്കാരും ചേര്‍ന്ന് ചാനുവിനും കോച്ച് വിജയ് ശര്‍മ്മയ്ക്കും ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. രാജ്യത്തെ ഓരോരുത്തരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദിയുണ്ടെന്ന് വെയ്റ്റ്‌ലിഫ്ടിംഗ് താരം ചാനു പറഞ്ഞു.

അതേസമയം, ഒരു കോടി രൂപ സമ്മാനത്തിന് പുറമെ, ചാനുവിന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസായി നിയമനവും നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് അറിയിച്ചു.

കൂടാതെ, ചാനുവിന്റെ വെള്ളിമെഡല്‍ സ്വര്‍ണമായി ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചാനുവിനെ മറികടന്ന് സ്വര്‍ണം നേടിയ ചൈനീസ് താരം ഹാവോ ഷിഹുയിയോട് ഉത്തേജക പരിശോധനാഫലം വന്നശേഷമേ ടോക്കിയോ വിടാവൂ എന്ന അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ) നിര്‍ദേശമാണ് ചാനുവിന്റെ മെഡലിന്റെ മാറ്റ് കൂട്ടാനുള്ള സാഹചര്യം തുറന്നിരിക്കുന്നത്.

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇത്തവണത്തെ അരങ്ങേറ്റ ഇനം സ്‌കേറ്റ് ബോര്‍ഡിംഗില്‍ മെഡലുകള്‍ കരസ്ഥമാക്കി കുട്ടികള്‍. സ്വര്‍ണവും വെള്ളിയും നേടിയ താരങ്ങള്‍ക്ക് പ്രായം വെറും പതിമൂന്ന് മാത്രം, വെങ്കലം നേടിയത് പതിനാറുകാരിയും.

സ്വര്‍ണം ജപ്പാന്റെ മോമിജി നിഷിയയും വെള്ളി ബ്രസീലിന്റെ റെയ്‌സ ലീലിനുമാണ് കരസ്ഥമാക്കിയത്. ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. വെങ്കലം നേടിയത് ഫ്യൂന നകായാമയാണ്.

ഇതിനെ തുടര്‍ന്ന് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ഏറ്രവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമായി മോമിജി. 13 വര്‍ഷവും 330 ദിവസവുമാണ് സ്വര്‍ണം നേടുമ്പോള്‍ മോമിജിയുടെ പ്രായം.

അതേസമയം, ആധുനിക കാലത്ത് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് റെയ്സ സ്വന്തമാക്കിയിരിക്കുന്നത്. 13 വര്‍ഷവും 203 ദിവസവുമാണ് മെഡല്‍ നേടുമ്പോള്‍ റെയ്‌സയുടെ പ്രായം.

കൊളംബോ: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഭുവനേശ്വര്‍ കുമാറിന്റേയും ദീപക് ചാഹറിന്റെയും ബോളിങ് മികവില്‍ 38 റണ്‍സിനാണ് ഇന്ത്യന്‍ ജയം.

165 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയത്. ദീപക് ചാഹര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ചഹല്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 126 റണ്ണിന് ഇന്ത്യ ആള്‍ഔട്ട് ആക്കി.

ചാരിത് അസലങ്കയ്ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. 26 പന്തില്‍ 44 റണ്‍സാണ് അസലങ്കനേടിയത്. ഓപ്പണറായി എത്തിയ അവിഷ്‌ക ഫെര്‍ണാണ്ടോ (26), ദസുന്‍ ഷനക (16), മിനോദ് ഭാനുക (10) എന്നിവരൊഴികെ ലങ്കന്‍ ടീമില്‍ ആരും രണ്ടക്കം കടന്നില്ല.

അതേസമയം, സൂര്യ കുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 34 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളും രണ്ട് സിക്സും സഹിതം സൂര്യകുമാര്‍ യാദവ് 50 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (46) അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് ബാക്കി നില്‍ക്കെയാണ് പുറത്തായത്. 20 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജു ധവാനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്താണ് പുറത്തായത്.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ടെന്നിസ് വനിതാ ഡബിള്‍സില്‍ പരാജയം. ഇന്ത്യയുടെ സാനിയ മിര്‍സ- അങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി വഴങ്ങി പുറത്തായി. ആദ്യ സെറ്റ് 6-0ത്തിന്ന് അനായാസം നേടിയ ഇന്ത്യന്‍ സഖ്യം പിന്നീട് ഉക്രൈന്റെ കിച്ചെനോക്ക് സഹോദരിമാക്ക് (നദാലീയ- ല്യൂഡ്മില) മുന്നില്‍ പതറുകയായിരുന്നു. ആദ്യ സെറ്റില്‍ ഒരു പോയിന്റ് പോലും നേടാന്‍ കഴിയാതിരുന്ന കിച്ച്നോക്ക് സഹോദരിമാര്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും ടൈബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്. സ്‌കോര്‍: 6-0, 6-7, 8-10.

അനായാസ വിജയം മുന്നില്‍ക്കണ്ട് ഇറങ്ങിയ സാനിയ – അങ്കിത സഖ്യത്തിനുണ്ടായ അപ്രതീക്ഷിത പിഴവുകളാണ് വന്‍ തോല്‍വിയിലേക്ക് വഴിവെച്ചത്.

ബുടാപെസ്റ്റ്: രാജ്യത്തിന് അഭിമാനമായി ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. ബെലാറസ് താരം സിനിയ പറ്റാപോവിച്ചിനെ 5-0ന് നിലംപരിശാക്കിയാണ് 73 കിലോഗ്രാം വിഭാഗത്തില്‍ പ്രിയാ മാലിക്ക് സ്വര്‍ണ പതക്കത്തില്‍ മുത്തമിട്ടത്. ഹംഗറിയിലെ ബുടാപെസ്റ്റിലാണ് ഒരു വനിതാ താരം ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

കൂടാതെ, 43 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നു, 48 കിലോ വിഭാഗത്തില്‍ അമന്‍ ഗുലിയ, 80 കിലോ വിഭാഗത്തില്‍ സാഗര്‍ ജഗ്‌ളാന്‍ എന്നിവരും നേരത്തെ വിജയകിരീടം ചൂടിയിരുന്നു.

ഇതോടെ, അമേരിക്കയെ (143) പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തി(147). മൂന്നാം സ്ഥാനത്തെത്തിയ റഷ്യയ്ക്ക് 140 പോയിന്റാണ്‌ ലഭിച്ചത്.

ടോക്കിയോ: ഒളിമ്ബിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ജയത്തുടക്കം. ന്യൂസിലാന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ കീഴടക്കി.

മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ ഉഗ്രന്‍ സേവുകളാണ് ഇന്ത്യയെ വിജയത്തേരിലേറ്റിയത്. ഒന്നാം ക്വാര്‍ട്ടറില്‍ ഒരു ഗോളിനു പിന്നിലായിരുന്ന ഇന്ത്യ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയം കൈപ്പിടിയിലാക്കിയത്. എന്നാല്‍ ഒരു ഗോള്‍ തിരിച്ചടിച്ചും അവസാന സമയത്ത് നിരന്തരം പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്തും കിവിപ്പട ഇന്ത്യയെ വിറപ്പിച്ചു.

ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് തുടര്‍ച്ചയായി മൂന്ന് പെനാല്‍റ്റി കോര്‍ണറുകളാണ് ന്യൂസിലാന്‍ഡ് നേടിയത്. എന്നാല്‍, ഇന്ത്യന്‍ വലയ്ക്കുമുന്‍പില്‍ വന്‍മതില്‍ ഒരുക്കി ശ്രീജേഷും പ്രതിരോധനിരയും ഒന്നിച്ചപ്പോള്‍ കിവികള്‍ മുട്ടുകുത്തി.

ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ് (26′, 33′) രണ്ടുതവണയും രൂപീന്ദര്‍ പാല്‍ (10′) സിങ് ഒരുവട്ടവും ലക്ഷ്യം കണ്ടു. കെയ്ന്‍ റസലും (21′) സ്‌റ്റെഫാന്‍ ജെന്നിസുമാണ് (27′) ന്യൂസിലാന്‍ഡ് സ്‌കോറര്‍മാര്‍. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ആസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.

ടോക്കിയോ: ഒളിംപിക്സില്‍ മീരാഭായ് ചാനുവിലൂടെ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി ഉജ്വല പ്രകടനത്തോടെയാണ് മണിപ്പൂരുകാരി മീരാഭായ് ചാനു ഇന്ത്യയെ അഭിമാനത്തിന്റെ നിറുകയില്‍ എത്തിച്ചത്.

21 വര്‍ഷത്തിനു ശേഷമാണു ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം, ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ വെള്ളി നേട്ടവും മീരാഭായിയിലൂടെയാണ്. ചൈനയുടെ ലോക ഒന്നാം നമ്പര്‍ സിഹുയി ഹോയ്ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം. വെങ്കലം ഇന്തോനീഷ്യയുടെ വിന്‍ഡി കാന്റിക ഐസയ്ക്കുമാണ്.

സ്നാച്ചില്‍ 84 കിലോഗ്രാമും 87 കിലോഗ്രാമും ഉയര്‍ത്തിയതിനു ശേഷം 89 കിലോഗ്രാം ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ചാനു രണ്ടാം സ്ഥാനത്തായിരുന്നു. അതേ സമയം 94 കിലോഗ്രാം ഉയര്‍ത്തി സിയുവി സ്നാച്ചില്‍ ഒളിംപിക് റെക്കോര്‍ഡ് സ്ഥാപിച്ചു. പിന്നീടു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോഗ്രാം ഉയര്‍ത്തിയ ചാനു രണ്ടാം ശ്രമത്തില്‍ 115 കിലോഗ്രാം ഉയര്‍ത്തിയാണു മെഡല്‍ ഉറപ്പിച്ചത്.

2000ലെ സിഡ്നി ഒളിംപിക്സില്‍ 69 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ മെഡല്‍ നേട്ടത്തിലെത്തുന്നത്. ഉത്തര കൊറിയ മത്സരത്തില്‍നിന്നു പിന്‍മാറിയതോടെ 2 താരങ്ങള്‍ ഒഴിവായപ്പോള്‍ ചാനുവിന്റെ ലോക റാങ്കിങ് നാലില്‍നിന്നു രണ്ടിലേക്കെത്തിയിരുന്നു.