Sports (Page 184)

ടോക്കിയോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ബാഡ്മിന്റണ്‍ താരം പി. വി സിന്ധു ലോക ഒന്നാം റാങ്കുകാരിക്ക് മുന്നില്‍ മുട്ടുകുത്തി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സെമിയില്‍ ചൈനീസ് തായ് പേയ്യുടെ തായി സൂ യിംഗാണ് സിന്ധുവിനെ സെമിയില്‍ വീഴ്ത്തിയത്. 21-18,21-12 നായിരുന്നു ചൈനീസ് താരത്തിന്റെ വിജയം.

ഒരു ഗെയിമും നഷ്ടപ്പെടുത്താതെ സെമിവരെയെത്തിയ സിന്ധു കരുത്തയായ എതിരാളിക്ക് മുന്നില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തന്നെ അടിയറവു പറയുകയായിരുന്നു. ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ സിന്ധുവിനെതിരെ വ്യക്തമായ മുന്‍തൂക്കം ഉള്ള താരമാണ് യിംഗ്. കഴിഞ്ഞതവണ റിയോയില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് പകരം വീട്ടല്‍ കൂടിയായി ചൈനീസ് താരത്തിന് ഈ വിജയം.

സിന്ധു ഇനി വെങ്കല മെഡലിനായി മത്സരിക്കും. ഇന്ന് വൈകിട്ട് 5ന് ചൈനയുടെ ഹീ ബിന്‍ജിയാവോയെയാണ് സിന്ധുവിന് നേരിടേണ്ടത്.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഡിസ്‌കസ് ത്രോയില്‍ അപ്രതീക്ഷിത മുന്നേറ്റം നല്‍കി കമല്‍പ്രീത് കൗര്‍. വനിതകളുടെ ഡിസ്‌കസ് ത്രോ യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 31 പേരില്‍ കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയവരെപ്പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് പഞ്ചാബുകാരിയായ കമല്‍പ്രീത്.

നാളെ അരങ്ങേറാനൊരുങ്ങുന്ന ഫൈനല്‍ പോരാട്ടത്തില്‍ കമലിന്റെ ഏറ് സ്വര്‍ണ്ണം തൊടുവാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.

ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടില്‍ 64 മീറ്ററാണ് കമല്‍പ്രീത് കണ്ടെത്തിയ മികച്ച ദൂരം. അമേരിക്കയുടെ വലേരി അല്ലമന്‍(64.42മീറ്റര്‍) മാത്രമാണ് ഇന്ത്യന്‍ താരത്തിന് മുന്നിലെത്തിയത്.

രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ ഡിസ്‌കസ് പായിച്ച കമല്‍പ്രീത് ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അവസാന ശ്രമത്തിലാണ് 64 മീറ്റര്‍കണ്ടത്. ലണ്ടന്‍, റിയോ ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ ക്രൊയേഷ്യക്കാരി സാന്ദ്ര പെര്‍കോവിച്ചിന് യോഗ്യതാ റൗണ്ടില്‍ 63.75 മീറ്ററേ എറിയാനായിട്ടുളളൂ. ഇതിനെ മറികടന്നാണ് കമലയുടെ പ്രകടനം.

ഡിസ്‌കസ് ത്രോയിലെ ഇന്ത്യന്‍ റെക്കാഡ് ഇരുപത്തഞ്ചുകാരിയായ കമല്‍പ്രീതിന്റെ പേരിലാണ്; 66.59 മീറ്റര്‍ ഡിസ്‌കസ് ത്രോയില്‍ 65 മീറ്റര്‍ ദൂരം പിന്നിടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കാഡും കമലിന്റെ പേരിലാണ്.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി ഒരു മെഡല്‍ കൂടി ഉറപ്പാക്കി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. വനിതകളുടെ 69 കിലോഗ്രാം ബോക്‌സിംഗില്‍ മുന്‍ ലോകചാമ്പ്യനായ ചൈനീസ് തായ്‌പേയ് താരം നിയെന്‍ ചിന്‍ ചെന്നിനെ 4-1ന് കീഴടക്കിയാണ് ലവ്‌ലിന മെഡല്‍ ഉറപ്പാക്കിയത്. നാലാം തീയതി നടക്കുന്ന സെമിയില്‍ മറ്റൊരു മുന്‍ ലോകചാമ്പ്യന്‍ തുര്‍ക്കിയുടെ സുമനേലിയെയാണ് ലവ്‌ലിന എതിരിടേണ്ടത്.

രണ്ടു തവണ ലോക ചാംപ്യന്‍ഷിപ്പിലും രണ്ടു തവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും മെഡല്‍ നേടിയിട്ടുള്ള താരമാണ് അസമിന്റെ 23 വയസ്സുകാരി ലവ്ലിന.

വിജന്ദേര്‍ സിംഗിനും എം.സി. മേരികോമിനും ശേഷം ബോക്‌സിംഗില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാകും ഇനി ലവ്ലിന. ബോക്‌സിംഗ് സെമിയില്‍ കടന്നാല്‍ വെങ്കല മെഡല്‍ ഉറപ്പാണ്.

ടോക്കിയോയില്‍ ഇന്ത്യ നേടിയ മെഡലുകള്‍ രണ്ടും വനിതകളുടെ സംഭാവനയാണ്. നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാ ഭായ് ചാനുവും വെള്ളി മെഡല്‍ നേടിയിരുന്നു.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങളില്‍ മുത്തമിടാന്‍ ഒരുങ്ങി പി.വി സിന്ധു. ജപ്പാനെ കീഴടക്കി വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി സിന്ധു സെമി ഫൈനലിലെത്തി.

റാങ്കിംഗില്‍ തന്നേക്കാള്‍ മുന്നിലുള്ള അകേന്‍ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്‌കോര്‍ 21-13, 22-20.

ആദ്യ സെറ്റില്‍ല്‍ ആദ്യ പോയിന്റ് സ്വന്തമാക്കിയത് യമാഗുച്ചിയാണ്. എന്നാല്‍ പിന്നീട് സിന്ധു കളം നിറഞ്ഞ് ആടുകയായിരുന്നു. തുടര്‍ന്ന് 21-13ന് സിന്ധു ഗെയിം സ്വന്തമാക്കി.

എന്നാല്‍ രണ്ടാം ഗെയിമില്‍ യമാഗുച്ചി കൂടുതല്‍ അപകടകാരിയായി. തുടക്കത്തില്‍ സിന്ധു തന്നെയായിരുന്നു മുന്നിലെങ്കിലും ഇടയ്ക്ക് യമാഗുച്ചി 15-15ന് ഒപ്പമെത്തി. പിന്നീട്, കളിയില്‍ അങ്ങോട്ട് ലീഡ് നേടി യമാഗുച്ചിയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ വാശിയോടെ കളത്തില്‍ പോരടിച്ചു നിന്ന സിന്ധു 22-20ന് മാച്ച് പോയിന്റും ഗെയിം പോയിന്റും സ്വന്തമാക്കുകയായിരുന്നു.

സെമി ജയിച്ചാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കല മെഡലിനായുള്ള മത്സരം കളിക്കണം.

ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ് പേയുടെ തായ് സൂ യിംഗാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തായ് സൂ യിംഗിനോട് സിന്ധു തോറ്റിരുന്നു.

ടോക്കിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ മികച്ച പ്രകടനത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍. ക്വാര്‍ട്ടറില്‍ ഇന്ത്യ ബ്രിട്ടനെയാണ് നേരിടേണ്ടത്.

ഗ്രൂപ്പ് ബിയിലായിരുന്ന ഇന്ത്യ മികച്ച പ്രകടനത്തോടെ ആണ് ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്. ഇതുവരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയോട് മാത്രമാണ് ഇന്ത്യയ്ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.

എന്നാല്‍, ബ്രിട്ടന് കാര്യമായ പ്രകടനം നടത്താനായിട്ടില്ല. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് ബ്രിട്ടന്‍ എത്തിയത്.

അതേസമയം, മത്സരത്തില്‍ സ്വര്‍ണം മെഡല്‍ കരസ്ഥമാക്കിയാല്‍ പഞ്ചാബ് സംസ്ഥാനത്തിലെ ടീമംഗങ്ങള്‍ക്ക് 2.25 കോടി രൂപ സമ്മാനം നല്‍കുമെന്ന് കായിക മന്ത്രി റാണ ഗുരുമിത് പറഞ്ഞു. 11 കളിക്കാര്‍ പഞ്ചാബില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ട്.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20യിലെ തോല്‍വിക്ക് ശേഷം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണിന് നേരെ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ്.

ലങ്കന്‍ പര്യടനത്തില്‍ മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ തിളങ്ങാന്‍ ലഭിച്ച മികച്ച അവസരമാണു സഞ്ജു പാഴാക്കിയതെന്ന് ദ്രാവിഡ് കുറ്റപ്പെടുത്തി. എന്നാല്‍ യുവ നിരയെ തള്ളിപ്പറയാറായിട്ടില്ലെന്നും അവരുടെ മികച്ച പ്രടനത്തിനുവേണ്ടി നാം ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വന്റി20 യില്‍ ആകെ 34 റണ്ണെടുക്കാനെ സഞ്ജുവിന് കഴിഞ്ഞുള്ളു. മൂന്നാം ട്വന്റി20 യില്‍ മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. 19, ആറ്, എട്ട്, രണ്ട്, 23, 15, 10, 27, ഏഴ് എന്നിങ്ങനെയാണ് സഞ്ജു കഴിഞ്ഞ മത്സരത്തിലെടുത്ത റണ്ണുകള്‍.

അതിനിടെ ലെഗ് സ്പിന്നര്‍ ചാഹാല്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ക്കും കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവരാണ് ഇരുവരും. മൂന്നു താരങ്ങളും നെഗറ്റീവാകുന്നതു വരെ കൊളംബോയില്‍ തുടരും.

ടോക്കിയോ: ഒളിംപിക്‌സ് നീന്തലില്‍ മലയാളിതാരം സജന്‍ പ്രകാശ് പുറത്തായി. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈയില്‍ ഹീറ്റ്‌സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തിട്ടും താരം പുറത്താവുകയായിരുന്നു. 53.45 സെക്കന്‍ഡിലാണ് സജന്‍ ഫിനിഷ് ചെയ്തത്. സജനെക്കാള്‍ 0.06 സെക്കന്‍ഡ് വേഗത്തില്‍ ഫിനിഷ് ചെയ്ത ഘാനയുടെ അബേക്കു ജാക്‌സണാണ്(53.39) ഹീറ്റ്‌സില്‍ വിജയം നേടിയത്.

നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കിലും സജന് സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. 200 ബട്ടര്‍ഫ്‌ലൈ ഹീറ്റ്‌സില്‍ നാലാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്.

അതേസമയം, പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ശ്രീഹരി നടരാജും വനിതാ വിഭാഗത്തില്‍ മാനാ പട്ടേലും പുറത്തായതോടെ ഒളിംപിക്‌സില്‍ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ ഇടിക്കൂട്ടിലെ മിന്നും താരം മേരി കോമിന് തോല്‍വി. വനിതാ ബോക്സിങ്ങില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ മേരി തോല്‍വിയില്‍ അവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റ് കാണുമ്പോഴാണ് പരാജയമേറ്റെന്ന് അറിയുന്നതെന്ന് താരം പറഞ്ഞു.

താന്‍ ജയിച്ചുവെന്നാണ് കരുതിയതെന്നും തോറ്റ വിവരം അറിഞ്ഞപ്പോള്‍ ഞെട്ടി, മത്സരശേഷം ഉത്തേജകമരുന്ന് പരിശോധനയ്ക്കായി സാംപിള്‍ നല്‍കാന്‍ പോയപ്പോഴും തോറ്റ കാര്യം വിശ്വസിക്കാനായിരുന്നില്ല, മാത്രമല്ല, ഞാനാണ് വിജയി എന്നാണ് കോച്ച് പറഞ്ഞുകൊണ്ടിരുന്നത്, അപ്പോഴാണ് എന്റെ പരാജയത്തെക്കുറിച്ചുള്ള കിരണ്‍ റിജിജുവിന്റെ ട്വീറ്റ് കാണുന്നത്, അതു എനിക്ക് ഭയങ്കര ഞെട്ടലായിരുന്നു, ഈ തീരുമാനം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ഒളിംപിക്സില്‍ അപ്പീല്‍ പോകാന്‍ അവസരമില്ലാത്തതിനാലാണ് ആ വഴിക്കു നീങ്ങാതിരുന്നതെന്നും മേരി കോം നിറകണ്ണുകളോടെയാണ് പ്രതികരിച്ചത്.

ഒളിംപിക്സ് വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ പ്രീക്വര്‍ട്ടറില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം കീഴടങ്ങിയത്. 3-2നാണ് വലന്‍സിയയുടെ ജയം. സ്‌കോര്‍ (30-27, 29-28, 27-30, 29-28, 28-29).

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു മേരി കോം. സ്വര്‍ണം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ടോക്യോയിലേക്ക് തിരിക്കുംമുന്‍പെ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയ താരം കൂടിയാണ് മേരി.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് കനത്തതോല്‍വി. പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ ജയിച്ചിരുന്ന ടീമിന്റെ ക്യാംപിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ അടിതെറ്റിയ ഇന്ത്യന്‍ സംഘത്തെ അവസാന രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായ പരാജയമേല്‍പ്പിച്ചാണ് ലങ്കയുടെ ജയം.

അവസാന ടി20യില്‍ വെറും 81 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ഏഴ് വിക്കറ്റുകളും 33 പന്തുകളും ശേഷിക്കെ ശ്രീലങ്കന്‍ നിര ലക്ഷ്യം മറികടന്നു. 9 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹസരംഗയാണ് കളിയിലേയും പരമ്പരയിലേയും താരം.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ലങ്കയുടെ സ്പിന്‍ കുരുക്കില്‍ തകരുകയായിരുന്നു. മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. വാനിന്ദു ഹസാരംഗ ആണ് ഇന്ത്യയെ എറിഞ്ഞു തകര്‍ത്തത്. 9 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് ആണ് താരം നേടിയത്.

ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ബാറ്റിങില്‍ രണ്ടക്കം കടന്നത്. 28 പന്തില്‍ 23 റണ്ണുമായി പുറത്താകാതെനിന്ന കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഗെയ്ക് വാദ് 14 റണ്‍സ് എടുത്തു. ഭുവനേശ് കുമാര്‍ 16 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പൂജ്യരായി മടങ്ങി. നിതീഷ് റാണ ആറ് റണ്‍സും ദേവ്ദത്ത് പടിക്കല്‍ 9 റണ്‍സും നേടി.

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു പൂജാ റാണി . അള്‍ജീരിയയുടെ ഐചര്‍ക് ചായിബായ്‌ക്കെതിരെ സമ്പൂര്‍ണ ആധിപത്യത്തിലാണ് 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ പൂജയുടെ ജയം. സ്‌കോര്‍ 5-0.

ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടക്കാരിയാവും ഈ ഹരിയാനക്കാരി. മാത്രമല്ല, പൂജയുടെ കരിയറിലെ ആദ്യ ഒളിമ്പിക്‌സാണിത്.

ദുബായില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റില്‍ താരം സ്വര്‍ണ മെഡല്‍ നേടിയിരുന്നു.