Sports (Page 186)

ടോക്കിയോ: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ഒളിംപിക്‌സിന് ഗംഭീര തുടക്കം. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലാണ് 32-ാം ഒളിംപിക്‌സിന് ഔദ്യോഗികമായി തിരിതെളിഞ്ഞത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും പതാകയേന്തി ഇന്ത്യന്‍ നിരയെ നയിച്ചു.

ഗംഭീര കരിമരുന്ന് പ്രയോഗത്തോടെയും ലൈറ്റ് ഷോയോടെയും ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. പിന്നാലെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് താരങ്ങളും ദേശീയ പതാകയുമായെത്തി. കാണികളില്ലാതെ നടക്കുന്ന ഒളിംപിക്‌സിന്റെ മാറ്റ് കുറയാതിരിക്കാന്‍ വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ഒളിംപിക്‌സിന്റെ ജന്മനാടായ ഗ്രീസാണ് മാര്‍ച്ച് പാസ്റ്റില്‍ ഒന്നാമതായി എത്തിയത്. ത്രിവര്‍ണ്ണ പതാകയേന്തി ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും, പിന്നാലെ ഭാരതത്തിന്റെ അഭിമാനമായ 20 കായകതാരങ്ങടക്കം 28 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘവും ഇരുപത്തി ഒന്നാമതായാണ് മാര്‍ച്ച് ചെയ്തത്.

ഇന്ത്യയ്ക്ക് ആശംസകളും പ്രത്സാഹനവുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. പ്രത്യകം സജ്ജമാക്കിയ സ്‌ക്രീനിലൂടെയായിരുന്നു അനുരാഗ് താക്കൂര്‍ ഇന്ത്യന്‍ നിരയ്ക്കായി ആശംസകള്‍ അറിയിച്ചത്.

മാത്രമല്ല, 130കോടി ഇന്ത്യക്കാരും ഈ സമയം താരങ്ങള്‍ക്കായി ഹര്‍ഷാരവം മുഴക്കുന്നുണ്ടെന്ന് അനുരാഗ് താക്കൂര്‍ ട്വിറ്ററിലൂടെയും അറിയിച്ചു.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് പുറത്തായി. തുടര്‍ന്ന് 47ഓവറില്‍ 227 റണ്‍സ് ലക്ഷ്യവുമായി കളത്തില്‍ ഇറങ്ങിയ ലങ്ക 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് തന്നെയാണ് പരമ്പര (2-1).

മലയാളി താരം സഞ്ജു സാംസണ്‍ന്റെ ഏകദിന അരങ്ങേറ്റം കൂടിയായിരുന്നു മത്സരം. മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു 46 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പടെ 46 റണ്‍സെടുത്ത് പുറത്തായി. അര്‍ദ്ധസെഞ്ചുറിക്ക് അടുത്തെത്തിയ സഞ്ജുവിനെ ആവിഷ്‌ക ഫെര്‍ണാണ്ടോ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

മഴമൂലം ഇടയ്ക്ക് തടസപ്പെട്ട മത്സരത്തില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍(13),പൃഥ്വി ഷാ (49) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തേ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. മഴയ്ക്ക് ശേഷം കളി ആരംഭിക്കുമ്പോള്‍ ആറ് വിക്കറ്റുകള്‍ തുടരെ ലങ്കന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തി. 40 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമാണ് സഞ്ജുവിനെ കൂടാതെ ലങ്കയ്‌ക്കെതിരെ ക്രീസില്‍ പിടിച്ചുനിന്നത്.

സഞ്ജു സാംസണ്‍ ഉള്‍പ്പടെ അഞ്ച് താരങ്ങളായിരുന്നു ലങ്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചത്. സഞ്ജുവിനൊപ്പം കൃഷ്ണപ്പ ഗൗതം, ചേതന്‍ സക്കറിയ, നിതീഷ് റാണ, രാഹുല്‍ ചാഹര്‍ എന്നിവരാണ് കന്നി മത്സരത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയത്.

ടോക്യോ: ലോക കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും. ഇന്ന് പ്രാദേശിക സമയം വൈകീട്ട് 8:30-നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകര്‍ അറിയിച്ചു.11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള അത്‌ലറ്റുകളോട് സമ്മതപത്രം നല്‍കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 28 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയതെന്ന് ഐ.ഒ.സി അറിയിച്ചു.

കോവിഡ് ഭീഷണി കണക്കിലെടുത്ത് ഒരു രാജ്യത്ത് നിന്ന് 50 പേരെ മാത്രമേ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ഐ.ഒ.സി ഉദ്ദേശിച്ചിരുന്നുള്ളൂ.ഒമ്പതു മലയാളികളുള്‍പ്പടെ ഇന്ത്യയില്‍ നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്.വെല്ലുവിളികള്‍ പലതും നേരിട്ടാണ് ടോക്യോ ഒളിമ്പിക്‌സ് ദീപം തെളിയുന്നത്. 2020 ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സ്, കോവിഡ് വ്യാപനത്തില്‍ നീട്ടുകയായിരുന്നു. 125 വര്‍ഷംനീണ്ട ആധുനിക ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഗെയിംസ് നീട്ടിവെച്ചത് ഇതാദ്യം.

olympics

ടോക്കിയോ: 2000ല്‍ സിഡ്‌നി ഒളിമ്പിക്‌സിന് ശേഷം ആസ്‌ട്രേലിയന്‍ നഗരം ഒളിമ്പിക്‌സ് വേദിയാകുന്നു. 2032ലെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കുള്ള വേദിയായാണ് ആസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിനെ തിരഞ്ഞെടുത്തത്. 2024ല്‍ പാരിസും 2028ല്‍ ലോസ് ഏഞ്ചല്‍സും ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചതിനു ശേഷമായിരിക്കും ബ്രിസ്‌ബേനിന്റെ ഊഴം എത്തുക.

ഒളിമ്പിക്‌സ് പോലുള്ള വന്‍ കായികമേളകള്‍ നടത്താന്‍ സാധിക്കുന്ന നഗരങ്ങളെ മുന്‍കൂട്ടി തിരഞ്ഞെടുത്ത് അവരുടെ പ്രതിനിധികളെ നേരില്‍ ചെന്ന് കണ്ട് അവരോട് സംസാരിച്ചായിരിക്കും ഇനി മുതല്‍ ഐ ഒ സി ഒളിമ്പിക്‌സ് വേദി തീരുമാനിക്കുക. വോട്ട്കച്ചവടം എന്ന ആരോപണവും പ്രചരണ പരിപാടികള്‍ക്ക് ഉണ്ടാകുന്ന വന്‍ സാമ്പത്തിക ബാദ്ധ്യതയും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

ടോക്യോ: ഒളിംമ്പിക്‌സ് വില്ലേജില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്നു. രണ്ട് താരങ്ങള്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ ആകെ 86 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അമേരിക്കന്‍ പുരുഷ ബീച്ച് വോളിബോള്‍ താരം ടെയ്‌ലര്‍ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പര്‍ സ്‌കീറ്റ് ഷൂട്ടര്‍ ആംബര്‍ ഹില്‍സ് എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഡച്ച് സ്‌കേറ്റ്‌ബോര്‍ഡര്‍ കാന്‍ഡി ജേക്കബിനും കോവിഡ് കാരണം ഒളിമ്പിക്‌സ് നഷ്ടമാകും.

ടോക്കിയോ : ഒളിംപിക്‌സ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ, ഗെയിംസ് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒഫിഷ്യലാണു കോവിഡ് പോസിറ്റീവയത്. ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റീനിലാക്കി.ഗെയിംസ് വില്ലേജിലെ ഒരാള്‍ കോവിഡ് പോസിറ്റീവായതായും ഇത് ആദ്യത്തെ സംഭവം ആണെന്നും ടോക്കിയോ ഒളിംപിക്‌സ് സംഘാടക സമിതി വക്താവു മാസ ടകായ സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടെന്നീസ് ലോക റാങ്കിങ്ങില്‍ 15ാം സ്ഥാനക്കാരനായ അലക്‌സ് ഡി മിനോര്‍ ഒളിംപിക്‌സില്‍നിന്നു പിന്മാറുന്നതായി ഓസ്‌ട്രേലിയന്‍ ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. ടോക്കിയോയില്‍ കുതിച്ചുയരുന്ന കോവിഡ് നിരക്കും ഒളിംപിക്‌സിന്റെ നടത്തിപ്പിനു കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിനായുള്ള ഇന്ത്യയുടെ ആദ്യ സംഘം ജൂലൈ 17ന് പുറപ്പെടും. ടോക്കിയോയിൽ എത്തിയ ശേഷം മൂന്ന് ദിവസം ടീമംഗങ്ങൾ ക്വാറന്റെയ്‌നിൽ കഴിയണമെന്നാണ് നിർദ്ദേശം. ജൂലൈ 23 നാണ് ടോക്കിയോ ഒളിമ്പിക്‌സ് ആരംഭിക്കുക. 120 ഓളം ഇന്ത്യൻ താരങ്ങളാണ് ഒളിമ്പിക്‌സിനായി യോഗ്യത നേടിയത്.

ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. താരങ്ങളുടെ യാത്രയും വാക്‌സിനേഷനും ഉൾപ്പടെയുള്ള കാര്യങ്ങളും അദ്ദേഹം അവലോകനം ചെയ്ത്. ടോക്കിയോയിൽ മത്സരിക്കുന്ന അത്‌ലറ്റുകളുമായി ജൂലൈ 13 ന് ഓൺലൈനിലൂടെ കൂടിക്കാഴ്ചച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെച്ചത്. കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെയാണ് ഇത്തവണത്തെ ടോക്കിയോ ഒളിമ്പിക്‌സ് നടക്കുന്നത്. അതേസമയം ടോക്കിയോയിൽ ജൂലൈ 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ടോക്കിയോ നഗരത്തിൽ കോവിഡ് കേസുകൾ ഉയരുന്നതും ആശങ്കയായിരിക്കുകയാണ്.

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിനായി സംഗീത വിഡിയോയുമായി എ.ആര്‍ റഹ്മാനും ഗായിക അനന്യ ബിര്‍ളയും. ഇരുവരും സംയുക്തമായി ഒരുക്കുന്ന ‘ഹിന്ദുസ്ഥാനി വേ’ മോട്ടിവേഷണല്‍ ഗാനമായാണ് പുറത്തിറങ്ങുക.മികവുറ്റ ഗായികയായ അനന്യയ്‌ക്കൊപ്പം ചേര്‍ന്ന് നമ്മുടെ ഒളിമ്പ്യന്‍മാരെ പ്രചോദിപ്പിക്കാനാണ് പാട്ട് പുറത്തിറക്കുന്നതെന്നെന്ന് എ.ആര്‍ റഹ്മാന്‍ പറയുന്നു.

നമ്മുടെ കായിക താരങ്ങള്‍ ടോക്കിയോ ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുമ്പോള്‍ നമുക്ക് ആഘോഷിക്കാം, റഹ്മാന്‍ സാറിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ക്കായി ഈ ഗാനം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം’ എന്നാണ് അനന്യയുടെ സമൂഹമാധ്യമ കുറിപ്പ്.
‘ഒരു രാജ്യം മുഴുവന്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന നമ്മുടെ കായികതാരങ്ങള്‍ക്കു തോന്നണം എന്ന ലക്ഷ്യത്തോടെയാണ് പാട്ടൊരുക്കിയത്. മികച്ച ഗായികയായ അനന്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷം’, എ.ആര്‍.റഹ്മാന് പറഞ്ഞു.

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കാന്‍ മലപ്പുറം സ്വദേശി എം.പി.ജാബിര്‍ ഇടം നേടിയതോടെ വാനോളം ഉയര്‍ന്ന് മലയാളികളുടെ അഭിമാനം. കഴിഞ്ഞ ദിവസം പട്യാലയില്‍ സമാപിച്ച ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക്‌സില്‍ 49.78 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയതാണു തുണച്ചത്. യോഗ്യതാ മാര്‍ക്ക് (48.90) കണ്ടെത്താനായില്ലെങ്കിലും ലോക റാങ്കിങ് ക്വോട്ടയില്‍ സ്ഥാനം പിടിച്ചാണു ജാബിര്‍ ടോക്കിയോ ബെര്‍ത്ത് ഉറപ്പിച്ചത്.പി.ടി.ഉഷയ്ക്കുശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ മലയാളി താരം കൂടിയാണ ജാബിര്‍.

ജാബിറിനു പുറമേ സ്പ്രിന്റര്‍ ദ്യുതി ചന്ദ് (100 മീ, 200 മീ.), ജാവലിന്‍ ത്രോ താരം അന്നു റാണി എന്നിവരും ലോക റാങ്കിങ്ങിലൂടെ യോഗ്യത ഉറപ്പിച്ചതോടെ വ്യക്തിഗത ഇനങ്ങളില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന അത്‌ലറ്റിക്‌സ് താരങ്ങളുടെ എണ്ണം 15 ആയി. പുരുഷ 4400 മീറ്റര്‍ റിലേ ടീമും റാങ്കിങ് വഴി യോഗ്യത നേടി.വ്യക്തിഗത ഇനത്തില്‍ കെ.ടി.ഇര്‍ഫാന്‍ (നടത്തം), എം.ശ്രീശങ്കര്‍ (ലോങ്ജംപ്), സജന്‍ പ്രകാശ് (നീന്തല്‍) എന്നീ മലയാളികള്‍ നേരത്തേ ഒളിംപിക് യോഗ്യത ഉറപ്പിച്ചിരുന്നു.

sourav-ganguly

മുംബൈ: ട്വന്റി-20 ലോകകപ്പിന് യു.എ.ഇ വേദിയാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യയില്‍ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാലുമാണ് വേദി മാറ്റിയത്.ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നല്‍കിയിരുന്നു.ഐപിഎല്‍ ഈ സീസണിലെ രണ്ടാം ഘട്ടത്തിനും വേദിയാകുന്നത് യു.എ.ഇയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ നടന്ന ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.