കാവലായി ശ്രീജേഷ്; ഹോക്കിയില്‍ ന്യൂസിലാന്‍ഡിനെ പൂട്ടിക്കെട്ടി ഇന്ത്യ (3-2)

ടോക്കിയോ: ഒളിമ്ബിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ജയത്തുടക്കം. ന്യൂസിലാന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ കീഴടക്കി.

മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ ഉഗ്രന്‍ സേവുകളാണ് ഇന്ത്യയെ വിജയത്തേരിലേറ്റിയത്. ഒന്നാം ക്വാര്‍ട്ടറില്‍ ഒരു ഗോളിനു പിന്നിലായിരുന്ന ഇന്ത്യ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയം കൈപ്പിടിയിലാക്കിയത്. എന്നാല്‍ ഒരു ഗോള്‍ തിരിച്ചടിച്ചും അവസാന സമയത്ത് നിരന്തരം പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്തും കിവിപ്പട ഇന്ത്യയെ വിറപ്പിച്ചു.

ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് തുടര്‍ച്ചയായി മൂന്ന് പെനാല്‍റ്റി കോര്‍ണറുകളാണ് ന്യൂസിലാന്‍ഡ് നേടിയത്. എന്നാല്‍, ഇന്ത്യന്‍ വലയ്ക്കുമുന്‍പില്‍ വന്‍മതില്‍ ഒരുക്കി ശ്രീജേഷും പ്രതിരോധനിരയും ഒന്നിച്ചപ്പോള്‍ കിവികള്‍ മുട്ടുകുത്തി.

ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ് (26′, 33′) രണ്ടുതവണയും രൂപീന്ദര്‍ പാല്‍ (10′) സിങ് ഒരുവട്ടവും ലക്ഷ്യം കണ്ടു. കെയ്ന്‍ റസലും (21′) സ്‌റ്റെഫാന്‍ ജെന്നിസുമാണ് (27′) ന്യൂസിലാന്‍ഡ് സ്‌കോറര്‍മാര്‍. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ആസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.