ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ്; ട്വന്റി-20 പരമ്പര മാറ്റിവെച്ചു, മറ്റ് താരങ്ങളും നിരീക്ഷണത്തില്‍

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 പരമ്പരക്കിടെ ഇന്ത്യന്‍ ടീമിനെ വെട്ടിലാക്കി കോവിഡ് ബാധ. മത്സരത്തിന് മുന്‍പായി നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ആള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്നത്തേയ്ക്ക് മാറ്റി.

ഇന്ത്യന്‍ ടീമിലെ എട്ടോളം പേര്‍ ക്രുനാലുമായി അടുത്തിടപഴകിയിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ, എല്ലാ താരങ്ങളുടേയും ആര്‍.ടി.പി.സി.ആര്‍ ഫലം വന്നതിന് ശേഷം മാത്രമേ ഇന്ന് മത്സരം നടക്കൂ. താരങ്ങള്‍ റൂം ക്വാറന്റൈനിലാണ്.

ക്രുനാല്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. മാത്രമല്ല, പരമ്പരയ്ക് ശേഷം ക്രുനാലിന് മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് തിരികെപ്പോകാനുമാവില്ല. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.