കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. നാല് വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക ഇന്തയ്‌ക്കൊപ്പമെത്തി.
20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്ത ഇന്ത്യയെ നാല് വിക്കറ്റും രണ്ട് പന്തും ബാക്കി നില്‍ക്കേ ശ്രീലങ്ക മറികടന്നു.
കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തില്‍ വന്നതിന് തുടര്‍ന്ന് പല പ്രധാന താരങ്ങള്‍ക്കും കളിക്കാനാവാതെ പോയത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായി. ധവാനൊപ്പം ഋതുരാജ് ഗയ്കവാദ് ആണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മൂന്നാമത് ഇറങ്ങി ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
ലക്ഷ്യം ചെറുതായിരുന്നിട്ടും, ശ്രീലങ്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ അവിഷ്‌ക ഫെര്‍ണാണ്ടോ മടങ്ങി. സദീര സമരവിക്രമയും മിനോദ് ഭനുകയും നന്നായി തുടങ്ങിയെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാനായില്ല.
ഒരു വശത്ത് ഭനുക നിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. ഒടുവില്‍ ധനഞ്ജയ ഡി സില്‍വയും കരുണരത്നയും അവസാന ഓവര്‍ വരെ നിന്ന് കളിച്ചതോടെ ആതിഥേയര്‍ക്ക് വിജയ ലക്ഷ്യം മറികടക്കാനായി. ധനഞ്ജയ ഡി സില്‍വ 34 പന്തില്‍ 40 റണ്‍സ് നേടി. മിനോദ് ഭനുക 36 റണ്‍സും.

