കൊളംബോ: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഭുവനേശ്വര്‍ കുമാറിന്റേയും ദീപക് ചാഹറിന്റെയും ബോളിങ് മികവില്‍ 38 റണ്‍സിനാണ് ഇന്ത്യന്‍ ജയം.
165 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയത്. ദീപക് ചാഹര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ചഹല്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 126 റണ്ണിന് ഇന്ത്യ ആള്‍ഔട്ട് ആക്കി.
ചാരിത് അസലങ്കയ്ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. 26 പന്തില്‍ 44 റണ്‍സാണ് അസലങ്കനേടിയത്. ഓപ്പണറായി എത്തിയ അവിഷ്‌ക ഫെര്‍ണാണ്ടോ (26), ദസുന്‍ ഷനക (16), മിനോദ് ഭാനുക (10) എന്നിവരൊഴികെ ലങ്കന്‍ ടീമില്‍ ആരും രണ്ടക്കം കടന്നില്ല.
അതേസമയം, സൂര്യ കുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 34 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളും രണ്ട് സിക്സും സഹിതം സൂര്യകുമാര്‍ യാദവ് 50 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (46) അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് ബാക്കി നില്‍ക്കെയാണ് പുറത്തായത്. 20 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജു ധവാനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്താണ് പുറത്തായത്.

