ഇന്ത്യ മീരാഭായ് ചാനുവിനെ വരവേറ്റു; ഒരു കോടി സമ്മാനത്തിന് പുറമെ പോലീസ് നിയമനവും

ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ താരം മീരാഭായ് ചാനു ഇന്നലെ ന്യൂഡല്‍ഹിയിലെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും എയര്‍പോര്‍ട്ട് ജീവനക്കാരും ചേര്‍ന്ന് ചാനുവിനും കോച്ച് വിജയ് ശര്‍മ്മയ്ക്കും ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. രാജ്യത്തെ ഓരോരുത്തരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദിയുണ്ടെന്ന് വെയ്റ്റ്‌ലിഫ്ടിംഗ് താരം ചാനു പറഞ്ഞു.

അതേസമയം, ഒരു കോടി രൂപ സമ്മാനത്തിന് പുറമെ, ചാനുവിന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസായി നിയമനവും നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് അറിയിച്ചു.

കൂടാതെ, ചാനുവിന്റെ വെള്ളിമെഡല്‍ സ്വര്‍ണമായി ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചാനുവിനെ മറികടന്ന് സ്വര്‍ണം നേടിയ ചൈനീസ് താരം ഹാവോ ഷിഹുയിയോട് ഉത്തേജക പരിശോധനാഫലം വന്നശേഷമേ ടോക്കിയോ വിടാവൂ എന്ന അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ) നിര്‍ദേശമാണ് ചാനുവിന്റെ മെഡലിന്റെ മാറ്റ് കൂട്ടാനുള്ള സാഹചര്യം തുറന്നിരിക്കുന്നത്.