Sports (Page 171)

ലണ്ടന്‍: ഓവലിലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതായി.

പുതിയ പോയിന്റ് ടേബിളില്‍ രണ്ട് ജയവും ഒന്നുവീതം പരാജയവും ജയവുമുള്ള ഇന്ത്യ 26 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത്. 54.17 ആണ് വിജയ ശതമാനം.

പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസുമാണ് രണ്ടാം സ്ഥാനത്ത്. ഇരുടീമുകള്‍ക്കും 12 പോയിന്റുകള്‍ വീതമുണ്ട്. 50 ആണ് വിജയ ശതമാനം.

ഇംഗ്ലണ്ടിന് 14 പോയന്റുണ്ടെങ്കിലും വിജയശതമാനത്തില്‍ പിന്നിലായതിനാല്‍ മൂന്നാം സ്ഥാനത്താണ്. 29.17 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 157 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 368 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് അവസാനദിനമായ ഇന്നലെ 210 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 191/10, 466/10, ഇംഗ്ലണ്ട് 290/10, 210/10.

വിജയത്തോടെ ഇന്ത്യ 5 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ബുംറ, ജഡേജ, ഷര്‍ദ്ദുല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ പേസ് ബൗളര്‍ എന്ന റെക്കാഡും ബുംറ സ്വന്തമാക്കി. അഞ്ചാം ടെസ്റ്റ് സെപ്തംബര്‍ 10ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 466 റണ്‍സ്. ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സ് മാത്രം നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 368 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. 290 റണ്‍സ് ആണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചത്. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്ങ്‌സില്‍ ഓപ്പണര്‍ രോഹിത് ശര്‍മ സെഞ്ചുറിയും ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ അര്‍ദ്ധസെഞ്ചുറിയും നേടി.

256 പന്തില്‍ നിന്ന് ഒരു സിക്സും 14 ഫോറുമടക്കം 127 റണ്‍സാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറില്‍ രോഹിത്തിന്റെ എട്ടാം സെഞ്ചുറിയാണിത്. പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 61 റണ്‍സെടുത്തു. രാഹുല്‍ 101 പന്തില്‍ നിന്ന് 46 റണ്‍സ് നേടി.

റിഷഭ് പന്ത് 106 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 50 റണ്‍സും, ഷര്‍ദുല്‍ ഠാക്കൂര്‍ 72 പന്തില്‍ നിന്ന് 60 റണ്‍സും നേടി. കെഎല്‍ രാഹുല്‍ 101 പന്തില്‍ നിന്ന് 46 റണ്‍സും, വിരാട് കോഹ്ലി 96 പന്തില്‍ നിന്ന് 44 റണ്‍സും, രവീന്ദ്ര ജഡേജ 59 പന്തില്‍ നിന്ന് 17 റണ്‍സെടുത്തും, അജിങ്ക്യ രഹാനെ എട്ട് പന്തില്‍ നിന്ന് റണ്‍സൊന്നും നേടാതെയും പുറത്തായി. ഉമേഷ് യാദവ് 23 പന്തില്‍ നിന്ന് 25 റണ്‍സും, ജസ്പ്രീത് ബുംറ 38 പന്തില്‍ നിന്ന് 24 റണ്‍സും നേടി പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സെടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മോയീന്‍ അലിയും ഒലി റോബിന്‍സണും രണ്ട് വീതം വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, നായകന്‍ ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സാവോ പോളോ: ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ തുടങ്ങിയ താരങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്നാരോപിച്ച് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി ഇവരെ തടഞ്ഞതോടെയാണ് മത്സരം നിര്‍ത്തിവെച്ചത്.

നേരത്തെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് അര്‍ജന്റീന താരങ്ങളും ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ക്വാറന്റൈനില്‍ കഴിയണമെന്ന് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു.

പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്ക് വേണ്ടി കളിക്കുന്ന മാര്‍ട്ടിനെസിനേയും ബ്യൂണ്ടിയയെയും ടോട്ടന്‍ഹാമില്‍ കളിക്കുന്ന ലോ സെല്‍സോയും റൊമേറോയും ആണ് യോഗ്യത മത്സരത്തിനായി എത്തിയത്. മത്സരശേഷം തിരിച്ചുവരുമ്പോള്‍ ഹോട്ടലില്‍ 10 ദിവസം ക്വാറന്റൈന്‍ ചെയ്യേണ്ടതിനാല്‍ ഇവരെ അന്താരാഷ്ട്ര മത്സരത്തിനയക്കാന്‍ ക്ലബ്ബുകള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല.

എന്നാല്‍ ഇവര്‍ മത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ചേരുകയായിരുന്നു. നാല് പേരോടും യുകെയിലേക്ക് മടങ്ങി പോകാന്‍ ബ്രസീല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

മാച്ച് റഫറിയുടെ തീരുമാനം പ്രകാരം ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം നിര്‍ത്തിവെച്ചതായി കോണ്‍മെബോള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ടോക്കിയോ: ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയ്ക്ക് സാക്ഷ്യം വഹിച്ച ടോക്കിയോ പാരാലിമ്പിക്സിന് സമാപനം. അവസാന ദിവസമായ ഇന്നലെ ഓരോ സ്വര്‍ണവും വെള്ളിയും നേടിയ ഇന്ത്യ അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലങ്ങളുമടക്കം 19 മെഡലുകളുമായാണ് മടങ്ങുന്നത്.

പാരാലിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടക്കം കടക്കുന്നത്. 1984 ലും 2016 ലെ റിയോ ഗെയിംസിലും 4 മെഡലുകള്‍ വീതം നേടിയതാണ് ഇതുവരെ ഏറ്റവും മികച്ച പ്രകടനമായിരുന്നത്.

അവസാന ദിവസമായ ഇന്നലെ ബാഡ്മിന്റണ്‍ വ്യത്യസ്ത കാറ്റഗറികളിലായി കൃഷ്ണ നാഗര്‍ സ്വര്‍ണവും ഐ.എ.എസുകാരന്‍ കൂടിയായ സുഹാസ് യതിരാജ് വെള്ളിയും നേടി. അവനി ലെഖാര, സുമിത് ആന്റില്‍, മനീഷ് നര്‍വാള്‍, പ്രമോദ് ഭഗത് എന്നിവരാണ് സ്വര്‍ണം നേടിയ മറ്റു താരങ്ങള്‍.

സമാപനച്ചടങ്ങുകളുടെ ഭാഗമായി ഇന്നലെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ അവനി ലെഖാര ദേശീയ പതാകയേന്തി.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹിറ്റ്മാന്റെ ചിറകിലേറി കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ. 99 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം മൂന്ന് വിക്കറ്റിന് 270 റണ്ണെന്ന നിലയിലാണ്. ഇതോടെ, ഇന്ത്യക്ക് 171 റണ്ണിന്റെ ലീഡ് നേടാനായി.

നായകന്‍ വിരാട് കോഹ്ലിയും (37 പന്തില്‍ 22 ) രവീന്ദ്ര ജഡേജയുമാണ് (ഒന്‍പത്) ക്രീസില്‍. സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ (256 പന്തില്‍ ഒരു സിക്സറും 14 ഫോറുമടക്കം 127), അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ചേതേശ്വര്‍ പൂജാര (127 പന്തില്‍ 61), ലോകേഷ് രാഹുല്‍ (101 പന്തില്‍ 46) എന്നിവര്‍ പുറത്തായി.

വിക്കറ്റ് പോകാതെ 43 റണ്ണെന്ന നിലയില്‍ മൂന്നാം ദിവസം തുടങ്ങിയ ഇന്ത്യക്ക് രോഹിതും ലോകേഷ് രാഹുലും (101 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 46) മികച്ച തുടക്കം നല്‍കി. ഓപ്പണിങ് കൂട്ടുകെട്ട് 83 റണ്ണെടുത്തു നില്‍ക്കേ രാഹുല്‍ മടങ്ങി. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ പിടിച്ചാണു രാഹുല്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ പൂജാരയും രോഹിതും ഇംഗ്ലീഷ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. 88 പന്തില്‍ 50 റണ്‍ കുറിച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ അവര്‍ക്കായില്ല. 145 പന്തില്‍ രോഹിത് 50 കടന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 173 പന്തില്‍ 100 കടന്നു.

204 പന്തുകളിലാണു രോഹിത് മൂന്നക്കം കടന്നത്. വിദേശ ടെസ്റ്റില്‍ ആദ്യമായാണു ഹിറ്റ്മാന്‍ സെഞ്ചുറി കടക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 11,000 റണ്‍ തികച്ചിരിക്കുകയാണു രോഹിത്. ഈ നേട്ടത്തിലെത്തിയ ലോകത്തിലെ വേഗമേറിയ രണ്ടാമത്തെ ഓപ്പണര്‍ കൂടിയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍.

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷ വിഭാഗം ഷൂട്ടിങ്ങില്‍ (പി4 50 മിക്സഡ് മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച്.1 വിഭാഗം) മനീഷ് നാര്‍വാളും, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പ്രമോദ് ഭഗത്തുമാണ് ഇന്ത്യക്കുവേണ്ടി സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്.

നാര്‍വാള്‍ സ്വര്‍ണം നേടിയ അതേയിനത്തില്‍ സിങ്രാജ് അദാന വെള്ളിയും സ്വന്തമാക്കി. ബാഡ്മിന്റണ്‍ എഫ് 3 വിഭാഗത്തിലെ മനോജ് സര്‍ക്കാരിന്റെ വെങ്കല നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം പതിനേഴിലെത്തി. നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമാണ് ആകെ നേടിയത്. മെഡല്‍ക്കൊയ്ത്തോടെ ഇന്ത്യ 26-ാം സ്ഥാനത്തെത്തി.

ഷൂട്ടിങില്‍ 218.2 പോയിന്റിന്റെ പാരാലിമ്ബിക്സ് റെക്കോഡോടെയാണ് മനീഷ് സ്വര്‍ണം നേടിയത്. 216.7 പോയിന്റ് നേടിയാണ് സിങ് രാജ് വെള്ളി മെഡല്‍ നേടിയത്. റഷ്യയുടെ സെര്‍ജി മാലിഷേവ് വെങ്കലം നേടി.

ലോക ഒന്നാം നമ്പര്‍ കൂടിയായ പ്രമോദ് ഭഗത് ബ്രിട്ടന്റെ ഡാനിയേല്‍ ബെതലിനെ തോല്‍പ്പിച്ചാണു സ്വര്‍ണം നേടിയത്. സ്‌കോര്‍: 21-14, 21-17. മത്സരം ആകെ 45 മിനിറ്റ് നീണ്ടു. ഇതേ വിഭാഗത്തിലാണു മനോജും റാക്കറ്റേന്തിയത്. ജപ്പാന്റെ ദെയ്സുകെ ഫുജിഹാറയെയാണു മനോജ് തോല്‍പ്പിച്ചത്. ബാഡ്മിന്റണ്‍ മത്സരയിനമായി ഉള്‍പ്പെടുത്തിയ ശേഷം നടക്കുന്ന ആദ്യ പാരാലിമ്പിക്സാണിത്.

ഭുവനേശ്വര്‍ സ്വദേശിയായ പ്രമോദ് ഭഗത് ഇന്നു മിക്സഡ് ഡബിള്‍സില്‍ വെങ്കലത്തിനായി മത്സരിക്കും. പാലാക് കോഹ്ലി-പ്രമോദ് സഖ്യം ജപ്പാന്റെ ദെയ്സുകെ ഫുജിഹാറ-അകിമകാ സുഗിനോ സഖ്യത്തെയാണു നേരിടുക.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഓവലില്‍ ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്. അന്തരിച്ച ക്രിക്കറ്റ് പരിശീലകന്‍ വസുദേവ് പരാഞ്ചപെയെ അനുസ്മരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞത്.

ഓഗസ്റ്റ് 30നായിരുന്നു മുംബൈയിലെ വസതിയില്‍ വെച്ച് 82 വയസുകാരനായ വസുദേവ് പരാഞ്ചപെ അന്തരിച്ചത്. മുന്‍താരവും പരിശീലകനും ദേശീയ സെലക്ടറുമായിരുന്നു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പടെയുള്ളവര്‍ പരാഞ്ചപെയെ അനുസ്മരിച്ചിരുന്നു.

മുംബൈക്കും ബറോഡയ്ക്കുമായി ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള പരാഞ്ചപെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഉള്‍പ്പടെ പരിശീലകനായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

hijemp

ടോക്കിയോ: ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഒരു വെള്ളിയും ഒരു വെങ്കലവും കൂടി. ചരിത്രം നേട്ടത്തോടെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലേഖാര വെങ്കലമെഡല്‍ സ്വന്തമാക്കി. ടോക്കിയോ പാരാലിമ്പിക്‌സില്‍ അവനിയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്.

നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ പാരാലിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരം എന്ന റെക്കോഡ് അവനി സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് അവനി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ ഇനത്തില്‍ ചൈനയുടെ സി.പി.ഷാങ് സ്വര്‍ണവും ജര്‍മനിയുടെ ഹില്‍ട്രോപ്പ് വെള്ളിയും സ്വന്തമാക്കി.

പുരുഷന്മാരുടെ ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍ റെക്കോര്‍ഡോടെ വെള്ളിമെഡലും നേടി. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് പ്രവീണ്‍ കുമാര്‍ വെള്ളി നേടിയത്. 2.07 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് പ്രവീണ്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്.

നിലവില്‍ 36-ാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.ഇന്ത്യയുടെ പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

ഓവല്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഒല്ലീ പോപ്പിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ലീഡ് നേടിയത്.

290 റണ്ണെടുത്ത് 99 റണ്‍സ് ലീഡാണ് ഇംഗ്ലീഷുകാര്‍ നേടിയത്, പോപ്പ് 81 റണ്ണെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 191നാണ് അവസാനിച്ചത്.

ഒരുഘട്ടത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പതറിയ ഇംഗ്ലണ്ട് പോപ്പിന്റെ ബലത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. പോപ്പും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ ബൗളിങ് നിര നിഷ്പ്രഭമായി.

ബെയര്‍‌സ്റ്റോയെ (37) വിക്കറ്റിനുമുന്നില്‍ കുരുക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ആശ്വാസം നല്‍കിയെങ്കിലും പിന്നീടെത്തിയ മൊയീന്‍ അലിയും പിടിച്ചുനിന്നു. പോപ്പുമായി ചേര്‍ന്ന് 71 റണ്ണാണ് കൂട്ടിച്ചേര്‍ത്തത്.

രവീന്ദ്ര ജഡേജയാണ് (35) അലിയെ മടക്കിയത്. പോപ്പിനെ ശര്‍ദുള്‍ താക്കൂര്‍ പുറത്താക്കിയെങ്കിലും അവസാന ഘട്ടത്തില്‍ ക്രിസ് വോക്‌സ് (50) തകര്‍ത്തടിച്ചു. വോക്‌സ് റണ്ണൗട്ടാവുകയായിരുന്നു. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുമ്രയും ജഡേജയും രണ്ട് വീതം വിക്കറ്റെടുത്തു.