ടോക്കിയോ: ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയ്ക്ക് സാക്ഷ്യം വഹിച്ച ടോക്കിയോ പാരാലിമ്പിക്സിന് സമാപനം. അവസാന ദിവസമായ ഇന്നലെ ഓരോ സ്വര്‍ണവും വെള്ളിയും നേടിയ ഇന്ത്യ അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലങ്ങളുമടക്കം 19 മെഡലുകളുമായാണ് മടങ്ങുന്നത്.
പാരാലിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടക്കം കടക്കുന്നത്. 1984 ലും 2016 ലെ റിയോ ഗെയിംസിലും 4 മെഡലുകള്‍ വീതം നേടിയതാണ് ഇതുവരെ ഏറ്റവും മികച്ച പ്രകടനമായിരുന്നത്.
അവസാന ദിവസമായ ഇന്നലെ ബാഡ്മിന്റണ്‍ വ്യത്യസ്ത കാറ്റഗറികളിലായി കൃഷ്ണ നാഗര്‍ സ്വര്‍ണവും ഐ.എ.എസുകാരന്‍ കൂടിയായ സുഹാസ് യതിരാജ് വെള്ളിയും നേടി. അവനി ലെഖാര, സുമിത് ആന്റില്‍, മനീഷ് നര്‍വാള്‍, പ്രമോദ് ഭഗത് എന്നിവരാണ് സ്വര്‍ണം നേടിയ മറ്റു താരങ്ങള്‍.
സമാപനച്ചടങ്ങുകളുടെ ഭാഗമായി ഇന്നലെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ അവനി ലെഖാര ദേശീയ പതാകയേന്തി.

