Sports (Page 172)

ടോക്കിയോ: പാരാലിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കി ഹര്‍വിന്ദര്‍ സിങ്ങിന് വെങ്കലം.

പുരുഷന്‍മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണ്‍ വിഭാഗത്തിലാണ് ഹര്‍വിന്ദറിന്റെ മെഡല്‍ നേട്ടം. ഷൂട്ടോഫിലേക്ക് നീണ്ട മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ കിം മിന്‍ സുവിനെയാണ് താരം തോല്‍പ്പിച്ചത്.

ഇതോടെ ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. നിലവില്‍ രണ്ടു സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 13 മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ 37-ാം സ്ഥാനത്താണ്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ചുറി നേടി റെക്കോര്‍ഡ് കുറിച്ച് നായകന്‍ വിരാട് കോഹ്ലി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 23,000 റണ്‍സ് എന്ന റെക്കോഡാണ് കോഹ്‌ലി ഓവലില്‍ നേടിയെടുത്തത്. ഇതുവരെയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്ന നേട്ടം കൊഹ്ലി അടിച്ചെടുക്കുകയായിരുന്നു.

സചിന്‍ 522 ഇന്നിങ്‌സിലാണ് അത്രയും റണ്‍സ് നേടിയിരുന്നതെങ്കില്‍ 490 ഇന്നിങ്‌സ് മാത്രമാണ് കോഹ്‌ലിക്കു വേണ്ടിവന്നത്. സച്ചിനു പിറകില്‍ മൂന്നാമനായുളളത് മുന്‍ ഓസീസ് നായകന്‍ റികി പോണ്ടിങ്ങാണ്- 544 ഇന്നിങ്‌സില്‍. ജാക് കാലിസ് നേടിയത് 551ല്‍. രാഹുല്‍ ദ്രാവിഡും അത്രയും റണ്‍സ് പിന്നിട്ടിട്ടുണ്ടെങ്കിലും 576 ഇന്നിങ്‌സ് വേണ്ടിവന്നു.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും സീനിയര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ ഇന്ത്യ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍.

അശ്വിനെ തിരഞ്ഞെടുക്കാത്തത് ഇംഗ്ലണ്ടിലെ നാല് ടെസ്റ്റുകളിലുട നീളം ഞങ്ങള്‍ കണ്ട ഏറ്റവും മികച്ച നോണ്‍ സെലക്ഷന്‍ ആയിരിക്കണം. 413 ടെസ്റ്റ് വിക്കറ്റുകളും 5 ടെസ്റ്റ് സെഞ്ചുറികളുമുള്ള താരത്തെയാണ് അവഗണിക്കുന്നത്, ഭ്രാന്ത്, എന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ പ്രതികരണം.

ഇന്ത്യയുടെ ഇലവനില്‍ അശ്വിന്‍ ഇല്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും രണ്ട് സ്പിന്നര്‍മാരെയും മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും കളിക്കാന്‍ മതിയായ ഇടമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ടോം മൂഡിയും പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷം വിദേശത്ത് അശ്വിന്റെ പ്രകടനം അസാധാരണമായിരുന്നുവെന്നും, തീരുമാനം അംഗീകരിക്കുവാന്‍ അശ്വിനും ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരമായ സാബാ കരീമിന്റെ പ്രതികരണം.

കാഠ്മണ്ഡു: നേപ്പാളിനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ സമനില പിടിച്ച് ഇന്ത്യന്‍ ടീം. പോരാട്ടം 1-1ന് അവസാനിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ നേപ്പാള്‍ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യ തിരിച്ചടിച്ച് സമനില നേടിയെടുത്തു.

കാഠ്മണ്ഡുവിലെ തൃപുരേശ്വറിലുള്ള ദശരഥ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. 36-ാം മിനിറ്റില്‍ അഞ്ജാന്‍ ബിസ്തയിലൂടെയാണ് നേപ്പാള്‍ മുന്നിലെത്തിയത്. രണ്ടാം പകുതി തുടങ്ങി 60-ാം മിനിറ്റിലാണ് ഇന്ത്യ സമനില കണ്ടെത്തിയത്. അനിരുഥ് ഥാപ്പയിലൂടെയാണ് ഇന്ത്യ സ്‌കോര്‍ ഒപ്പമെത്തിച്ചത്.

ഈ മാസം അഞ്ചിന് രണ്ടാം സൗഹൃദ പോരാട്ടത്തില്‍ ഒരിക്കല്‍ കൂടി ഇരു ടീമുകളും നേര്‍ക്കുനേര്‍ മത്സരമുണ്ട്.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 191 റണ്ണിന് പുറത്തായി. ശര്‍ദുള്‍ താക്കൂര്‍ (36 പന്തില്‍ 57) നടത്തിയ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഇരുനൂറിന് അടുത്തെത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് (10) ശര്‍ദുള്‍ കുറിച്ച 63 റണ്ണാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (50) അര്‍ദ്ധ സെഞ്ചുറി തികച്ചു.

രോഹിത് ശര്‍മ (11), ലോകേഷ് രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4) എന്നിവരെല്ലാം വേഗം ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി. രവീന്ദ്ര ജഡേജ 10 റണ്ണുമായി മടങ്ങി. അജിന്‍ക്യ രഹാനെ (14) വീണ്ടും നിരാശപ്പെടുത്തി.

ഋഷഭ് പന്ത് (9) മടങ്ങിയശേഷമായിരുന്നു ശര്‍ദുളും ഉമേഷും ഒത്തുചേര്‍ന്നത്. മൂന്ന് സിക്‌സറും ഏഴ് ബൗണ്ടറിയും പായിച്ചു ശര്‍ദുള്‍. മുഹമ്മദ് ഷമിക്കും ഇശാന്ത് ശര്‍മയ്ക്കും പകരമാണ് ഇരുവരും ടീമില്‍ ഇടംപിടിച്ചത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും ഒല്ലി റോബിന്‍സണ്‍ മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരായ കനത്ത തോല്‍വിയെ തുടര്‍ന്ന് ടെസ്റ്റില്‍ പുതിയ പേസറെ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. ഓവലില്‍ തുടങ്ങുന്ന ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അപ്രതീക്ഷിത താരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്‍ഡ് ബൈ താരമായി ടീം ഇന്ത്യക്കൊപ്പമുണ്ടായാളാണ് പ്രസിദ്ധ് കൃഷ്ണ. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത പ്രസിദ്ധ് മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്.

പ്രസിദ്ധ് കൃഷ്ണയും എത്തുന്നതോടെ പര്യടനത്തില്‍ ഇന്ത്യന്‍ പേസ് നിരയിലെ താരങ്ങളുടെ എണ്ണം ഏഴാകും. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ സ്‌ക്വാഡിലുള്ള പേസര്‍മാര്‍.

ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലുവിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍.

മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മെഡല്‍ നേടിയ മാരിയപ്പന്റെ പ്രകടനത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകളും അഭിമാനം കൊള്ളുന്നുവെന്നും, മികച്ച പ്രകടനങ്ങള്‍ ഇനിയും തുടരാന്‍ കഴിയട്ടെ എന്നും തങ്കവേലുവിന് ആശംസകള്‍ അര്‍പ്പിച്ച് സ്റ്റാലിന്‍ പറഞ്ഞു.

പുരുഷന്മാരുടെ ഹൈജമ്പ് ടി63 വിഭാഗത്തില്‍ 1.86 മീറ്റര്‍ ഉയരം ചാടിയാണ് മാരിയപ്പന്‍ വെള്ളി മെഡല്‍ നേടിയത്. 2016ല്‍ റിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി ഈയിനത്തില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. റിയോയില്‍ 1.89 മീറ്റര്‍ പിന്നിട്ട താരത്തിന് ടോക്കിയോയിലെ മത്സരത്തിനിടെ പെയ്ത മഴ തിരിച്ചടിയാകുകയായിരുന്നു.

തമിഴ്‌നാട് സേലം സ്വദേശിയായ മാരിയപ്പന് അഞ്ചാം വയസ്സില്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയിലുണ്ടായ ബസ് അപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്.

ബാഴ്‌സലോണ: മെസിയുടെ ജേഴ്‌സി നമ്പര്‍ ഇനി യുവതാരം അന്‍സു ഫാറ്റിക്ക്. പത്താം നമ്പര്‍ ജേഴ്‌സി അന്‍സു ഫാറ്റിക്കാണെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി അറിയിച്ചു..

നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക് പത്താം നമ്പര്‍ നല്‍കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ബാഴ്‌സയുടെ അക്കാദമി താരമായ ഫാറ്റിക്ക് തന്നെ ജേഴ്‌സി നല്‍കാന്‍ ബാഴ്‌സലോണ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

2008ല്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ എ സി മിലാനില്‍ ചേരാനായി ബാഴ്‌സ വിട്ടശേഷമാണ് മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി വന്നുചേര്‍ന്നത്. പിന്നീട് ബാഴ്‌സയുടെ പടിയറങ്ങുന്നതുവരെ പത്താം നമ്പറില്‍ തന്നെയായിരുന്നു മെസി.

മെസി ടീം വിട്ടതിന് പിന്നാലെ പത്താം നമ്പര്‍ ജേഴ്‌സിയും എന്നെന്നേക്കുമായി ഒഴിവാക്കണമെന്ന് ബാഴ്‌സ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമാവലി പ്രകാരം ലാ ലിഗയിലെ ഓരോ ടീമിലെയും 25 കളിക്കാര്‍ക്കും ഒന്നു മുതല്‍ 25വരെയുള്ള ജേഴ്‌സി നമ്പര്‍ അനുവദിച്ചേ മതിയാകു. തുടര്‍ന്നാണ് അന്‍സു ഫാറ്റിക്ക് പത്താം നമ്പര്‍ ജേഴ്‌സി അനുവദിക്കാന്‍ ബാഴ്‌സ തയാറായത്.

കാബൂള്‍: ഓസ്ട്രേലിയക്കെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി. അഫ്ഗാന്‍ ഭരണം താലിബാന്റെ പിടിയിലായതിന് ശേഷം ആദ്യമായി നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരമാണിത്.

നവംബര്‍ 27-ന് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം നടക്കുക. മത്സരം മുന്‍നിശ്ചയിച്ച പോലെ നന്നായി നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും പ്രതികരിച്ചു.

ക്രിക്കറ്റില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപകാലത്ത് അഫ്ഗാന്‍ ക്രിക്കറ്റ് ടീം മികച്ച നേട്ടമാണ് ഉണ്ടാക്കിയതെന്നും താലിബാന്‍ പ്രതികരിച്ചിരുന്നു.

അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ താലിബാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല.

തിരുവനന്തപുരം: കെനിയയില്‍ നടന്ന ലോക അണ്ടര്‍-20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളിതാരം അബ്ദുല്‍ റസാക്കിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ കടുത്ത പ്രതിഷേധം.

വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റസാക്കിനൊപ്പം ടീമിലുണ്ടായിരുന്നവര്‍ക്ക് മറ്റ്‌സംസ്ഥാനസര്‍ക്കാരുകള്‍ ഇതിനകം വലിയ തുകയാണ് സമ്മാനം നല്‍കിയത്. എന്നാല്‍ റസാക്കിനോട് മുഖം തിരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കായികരംഗത്തോട് തുടര്‍ച്ചയായി സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയാണ് റസാക്കും നേരിടേണ്ടി വരുന്നതെന്നാണ് ഈ സംഭവവും ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീമിലെ ഏക മലയാളി ശ്രീജേഷിന് സമ്മാനംപ്രഖ്യാപിക്കാന്‍ വൈകിയത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.