പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം; ഷൂട്ടിങ്ങിലും ബാഡ്മിന്റണിലും ചരിത്ര നേട്ടം !

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷ വിഭാഗം ഷൂട്ടിങ്ങില്‍ (പി4 50 മിക്സഡ് മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച്.1 വിഭാഗം) മനീഷ് നാര്‍വാളും, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പ്രമോദ് ഭഗത്തുമാണ് ഇന്ത്യക്കുവേണ്ടി സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്.

നാര്‍വാള്‍ സ്വര്‍ണം നേടിയ അതേയിനത്തില്‍ സിങ്രാജ് അദാന വെള്ളിയും സ്വന്തമാക്കി. ബാഡ്മിന്റണ്‍ എഫ് 3 വിഭാഗത്തിലെ മനോജ് സര്‍ക്കാരിന്റെ വെങ്കല നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം പതിനേഴിലെത്തി. നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമാണ് ആകെ നേടിയത്. മെഡല്‍ക്കൊയ്ത്തോടെ ഇന്ത്യ 26-ാം സ്ഥാനത്തെത്തി.

ഷൂട്ടിങില്‍ 218.2 പോയിന്റിന്റെ പാരാലിമ്ബിക്സ് റെക്കോഡോടെയാണ് മനീഷ് സ്വര്‍ണം നേടിയത്. 216.7 പോയിന്റ് നേടിയാണ് സിങ് രാജ് വെള്ളി മെഡല്‍ നേടിയത്. റഷ്യയുടെ സെര്‍ജി മാലിഷേവ് വെങ്കലം നേടി.

ലോക ഒന്നാം നമ്പര്‍ കൂടിയായ പ്രമോദ് ഭഗത് ബ്രിട്ടന്റെ ഡാനിയേല്‍ ബെതലിനെ തോല്‍പ്പിച്ചാണു സ്വര്‍ണം നേടിയത്. സ്‌കോര്‍: 21-14, 21-17. മത്സരം ആകെ 45 മിനിറ്റ് നീണ്ടു. ഇതേ വിഭാഗത്തിലാണു മനോജും റാക്കറ്റേന്തിയത്. ജപ്പാന്റെ ദെയ്സുകെ ഫുജിഹാറയെയാണു മനോജ് തോല്‍പ്പിച്ചത്. ബാഡ്മിന്റണ്‍ മത്സരയിനമായി ഉള്‍പ്പെടുത്തിയ ശേഷം നടക്കുന്ന ആദ്യ പാരാലിമ്പിക്സാണിത്.

ഭുവനേശ്വര്‍ സ്വദേശിയായ പ്രമോദ് ഭഗത് ഇന്നു മിക്സഡ് ഡബിള്‍സില്‍ വെങ്കലത്തിനായി മത്സരിക്കും. പാലാക് കോഹ്ലി-പ്രമോദ് സഖ്യം ജപ്പാന്റെ ദെയ്സുകെ ഫുജിഹാറ-അകിമകാ സുഗിനോ സഖ്യത്തെയാണു നേരിടുക.