Sports (Page 170)

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കോവിഡ് ഭീതിയെ തുടര്‍ന്ന് മാറ്റിവച്ചതോടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കെതിരെ ഇംഗ്ലീഷ് മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം.

ബയോ ബബിളിന് പുറത്ത് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ശാസ്ത്രിക്കും സഹപരിശീലകര്‍ക്കും കോവിഡ് ബാധിച്ചതെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ സംഘത്തിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ തുടര്‍ന്ന് ടെസ്റ്റ് തന്നെ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

രവി ശാസ്ത്രി ബയോ ബബിള്‍ ലംഘിച്ച് നടത്തിയ പുസ്തക പ്രകാശന പരിപാടിയാണു രോഗബാധയുണ്ടാകാന്‍ കാരണമെന്നാണു വിമര്‍ശനം. ലണ്ടനിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയിലായിരുന്നു ശാസ്ത്രി പങ്കെടുത്തത്.

നേരത്തെ, നാലാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കേ രവി ശാസ്ത്രി, ഭാരത് അരുണ്‍, ആര്‍. ശ്രീധര്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. അഞ്ചാം ടെസ്റ്റിന് തൊട്ടു മുന്‍പ് ഇന്ത്യയുടെ ഫിസിയോയ്ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രിക്കെതിരേ നടപടിയുണ്ടാകുമെന്നു ബി.സി.സി.ഐ. കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.

അതേസമയം, അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1 നു ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്.

ന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയെ പിന്തള്ളി അര്‍ജന്റീന താരം ലയണല്‍ മെസി. ലോകകപ്പ് ഫുട്‌ബോള്‍ തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബൊളീവിയയ്ക്കെതിരെ നേടിയ ഹാട്രിക്കിലൂടെയാണ് മെസി പെലെയെ മറികടന്നത്. മത്സരത്തില്‍ അര്‍ജന്റീന 3-0നു ജയിച്ചു.

14, 64, 88 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ആദ്യ ഗോള്‍ നേടിയപ്പോള്‍തന്നെ മെസിയുടെ 77 ഗോളുകളുമായി പെലെയ്ക്ക് ഒപ്പമെത്തി.79 ഗോളുകളെന്ന വന്‍കരയിലെ റെക്കാഡുമായാണ് അര്‍ജന്റീനാ നായകന്‍ കളി പൂര്‍ത്തിയാക്കിയത്. മെസിയുടെ നേട്ടം 153-ാംമത്സരത്തില്‍ നിന്നാണ്. ഇതോടെ 78 ഗോളുകള്‍ നേടിയിട്ടുള്ള ഇറാഖി താരം ഹുസൈന്‍ സയീദിനെയും മെസി മറികടന്നു.

111 ഗോളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഏറ്റവും മുന്നില്‍. അലി ദേയി (109, ഇറാന്‍), മൊക്താര്‍ ദഹാരി (89, മലേഷ്യ), ഫെറെങ്ക് പുസ്‌കാസ് (84, ഹംഗറി) എന്നിവരാണ് മുന്നില്‍. സാംബിയയുടെ ഗോഡ്ഫ്രി ചിതാലുവിനും 84 ഗോളാണ്. റൊണാള്‍ഡോയും മെസിയും മാത്രമാണ് ഈ പട്ടികയില്‍ നിലവില്‍ കളിക്കുന്നവര്‍

മാഞ്ചസ്റ്റര്‍ : ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കി. പരിശീലകസംഘാംഗങ്ങള്‍ കൊവിഡ് ബാധിതരായ പശ്ചാത്തലത്തിലാണ് ഇന്നലെ മാഞ്ചസ്റ്ററില്‍ തുടങ്ങേണ്ടിയിരുന്ന ടെസ്റ്റ് മത്സരം റദ്ദാക്കിയത്.

മത്സരം പിന്നീട് നടത്താന്‍ ഇംഗ്‌ളീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. നാലുടെസ്റ്റുകള്‍ പിന്നിട്ടപ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

ടീം ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിനു കോവിഡ് ബാധിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. താരങ്ങളുടെ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകള്‍ നെഗറ്റീവായിരുന്നെങ്കിലും ആരും തന്നെ തുടര്‍ന്നു കളിക്കാന്‍ താല്‍പര്യപ്പെട്ടില്ല. കോച്ച് രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭാരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവര്‍ക്കു കോവിഡ് ബാധിച്ചതിനാല്‍ ടീമിനൊപ്പം ഓള്‍ഡ് ട്രാഫോഡിലേക്കു വന്നില്ല. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ ഐസൊലേഷനിലുമാണ്. യോഗേഷ് പര്‍മാര്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളുമായി അടുത്ത സമ്പര്‍ക്കത്തിലുമായിരുന്നു.

കണ്ണൂര്‍: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനൊപ്പം പന്തുതട്ടാന്‍ അവസരം നേടി കണ്ണൂര്‍ സ്വദേശി ഷഹസാദ് മുഹമ്മദ് റാഫി. 2021-ലെ റെഡ്ബുള്‍ നെയ്മര്‍ ജൂനിയേഴ്സ് ഫൈവ് ടീമില്‍ ഇന്ത്യയില്‍ നിന്ന് ഇടംനേടിയ രണ്ടുപേരില്‍ ഒരാളാണ് പ്‌ളസ് ടു വിദ്യാര്‍ത്ഥിയായ ഷഹസാദ്. ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്‍മുഖമാണ് രണ്ടാമന്‍.

ഇന്‍സ്റ്റഗ്രാമില്‍ കളിമികവ് വിലയിരുത്തിയാണ് തനിക്കൊപ്പം കളിക്കാനുള്ള ജൂനിയേഴ്സ് ഫൈവ് ടീമിനെ നെയ്മര്‍ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഷഹസാദ് അപേക്ഷിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.

Outplaythemall എന്ന ഹാഷ്ടാഗില്‍ സ്വന്തം ഫുട്ബാള്‍ വൈദഗ്ധ്യം ഒരു മിനിട്ട് വീഡിയോയിലൂടെ പങ്കുവെക്കണം. ഇതില്‍നിന്നാണ് നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്‌സ് ലോകത്തിലെ ഏറ്റവും വലിയ അമച്വര്‍ ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകളിലൊന്നായാണ് അറിയപ്പെടുന്നത്. ഡിസംബറിലോ ജനുവരിയിലോ ഖത്തറില്‍ നടക്കുന്ന കളിയിലാണ് നെയ്മര്‍ക്കൊപ്പം കളിക്കാനുള്ള അവസരം ലഭിക്കുക.

സിഡ്‌നി: വനിതള്‍ക്ക് സ്‌പോര്‍ട്‌സില്‍ വിലക്കേര്‍പ്പെടുത്തിയ താലിബാന്റെ നടപടിക്കെതിരെ അതേ നാണയത്തില്‍ പ്രതിഷേധവുമായി ആസ്‌ട്രേലിയ. വനിതകളുടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഈ വര്‍ഷം നടക്കേണ്ട അഫ്ഗാനിസ്ഥാനെതിരായ പുരുഷന്മാരുടെ ടെസ്റ്റ് മത്സരത്തില്‍നിന്ന് പിന്‍മാറുമെന്നാണ് ആസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം അവസാനം നടക്കേണ്ട ടെസ്റ്റ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയും ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ നിലപാടിനെ പിന്താങ്ങിയിട്ടുണ്ട്.

അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ വനിതകളെ കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വനിതാ ക്രിക്കറ്റും ഇതോടെ രാജ്യത്ത് നിരോധിക്കപ്പെടും. ഇതിനാല്‍ തന്നെ അഫ്ഗാന്‍ പുരുഷ ടീമിന് ഐ.സി.സി അംഗത്വം നഷ്ടമാകും. കാരണം ഐ.സി.സി അംഗരാഷ്ട്രങ്ങള്‍ക്ക് വനിതാ ദേശീയ ടീം ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.

കാബൂള്‍: താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാനില്‍ വനിതാ സ്പോര്‍ട്സിന് വിലക്ക്. വനിതകളെ ക്രിക്കറ്റ് ഉള്‍പ്പടെ ഒരു കായിക വിനോദത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു താലിബാന്‍ പ്രഖ്യാപിച്ചു. താലിബാന്‍ വക്താവും സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക്ക് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതു വ്യക്തമാക്കിയത്.

കായിക വിനോദങ്ങള്‍ പങ്കെടുക്കുമ്പോള്‍ വനിതകള്‍ക്ക് പലപ്പോഴും മുഖവും ശരീരവും മറയ്ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അതിനാല്‍ അത്തരം സാഹചര്യം ഒഴിവാക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

കൂടാതെ, ഇതു മാധ്യമങ്ങള്‍ കണ്ണുതുറന്നിരിക്കുന്ന കാലമാണെന്നും, ഇത്തരത്തില്‍ സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും പ്രചരിക്കാനും അതു ആളുകള്‍ കാണാനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഇത്തരത്തില്‍ തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ലെന്നും വാസിക് വ്യക്തമാക്കി.

ഈ തീരുമാനം അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ ടെസ്റ്റ് പദവിക്കും തിരിച്ചടിയായിരിക്കുകയാണ്. ഐ.സി.സി. അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എല്ലാം ഒരു ദേശീയ വനിതാ ടീം ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് പദവി ഐ.സി.സി. അനുവദിക്കുക. അഫ്ഗാനില്‍ വനിതാ ക്രിക്കറ്റിന് വിലക്കു വന്നാല്‍ അത് പുരുഷ ടീമിനെയും ബാധിക്കും.

കൊച്ചി: ഇന്ത്യന്‍ ഹോക്കിയില്‍ ഇനിയും കൂടുതല്‍ ലക്ഷ്യങ്ങള്‍ സഫലമാക്കാനുണ്ടെന്നും, വിരമിക്കുന്നതിനെക്കുറിച്ചു ആലോചനയില്ലെന്നും ഒളിംപിക് വെങ്കല ജേതാവായ പി.ആര്‍. ശ്രീജേഷ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ശ്രീജേഷ്.

സ്ഥിരതയോടെ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. കളി മതിയാക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. പരിക്കിന് പിടികൊടുക്കാതെ ക്ഷമത നിലനിര്‍ത്തി മുന്നോട്ടുപോകാനാകുമെങ്കില്‍ ഇനിയും ഒരുപാടുകാലം ഇന്ത്യന്‍ കുപ്പായമണിയാം. ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയതോടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നു പറയാനാകില്ല. അടുത്ത വര്‍ഷം ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയിലും, 2024 ലെ പാരിസ് ഒളിംപിക്സിലും മെഡല്‍ നേടുകയാണു ലക്ഷ്യമെന്നും, ഏഷ്യന്‍ ഗെയിംസിലെ പ്രകടനം പാരീസ് ഒളിംപിക്സിലേക്കു നേരിട്ടുള്ള പ്രവേശനത്തിനുള്ള അവസരമാണെന്നും താരം പറഞ്ഞു.

മാത്രമല്ല, കേരളത്തിലും രാജ്യമാകെയും ഹോക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ഇതിലൂടെ സാധ്യമാകണമെന്നാണ് ആഗ്രഹം. സ്‌കൂളുകളില്‍ ഹോക്കിക്കു പ്രോത്സാഹനം നല്‍കണം. സ്‌കൂള്‍ ഗ്രൗണ്ടുകള്‍ നിര്‍ബന്ധമാക്കണം. കുട്ടികള്‍ക്കു കളിക്കാന്‍ അവസരം കൊടുക്കണം. മികച്ച കായിക അധ്യാപകരെ കണ്ടെത്തി അവര്‍ക്കു വേണ്ട പരിശീലനം നല്‍കണം. കായിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

തന്റെ കായികാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആത്മകഥയെഴുതാനുള്ള ഒരുക്കത്തിലാണെന്നും ശ്രീജേഷ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി.ശശികാന്ത്, ട്രഷറര്‍ സിജോ പൈനാടത്ത് എന്നിവര്‍ ചേര്‍ന്നു താരത്തിന് പ്രസ് ക്ലബിന്റെ ഉപഹാരം സമര്‍പ്പിച്ചു.

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തി. 2017 ജൂലൈയിലാണ് അശ്വിന്‍ ഇന്ത്യക്കു വേണ്ടി അവസാനം ട്വന്റി20 കളിച്ചത്. അശ്വിനെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

15 അംഗ ടീമിന്റെ ഉപദേശകനായി മുന്‍ നായകന്‍ എം.എസ്. ധോണിയുമുണ്ടാകും. കോച്ച് രവി ശാസ്ത്രിക്കൊപ്പമാണു ധോണി പ്രവര്‍ത്തിക്കുകയെന്നു ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ലോകകപ്പ് ടീമിലേക്കു പരിഗണിച്ചില്ല. എന്നാല്‍, ഋഷഭ് പന്തിനെ കൂടാതെ ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പറായി പരിഗണിച്ചു. ഫോം മങ്ങിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാലിനെ ലോകകപ്പ് ടീമിലേക്കു പരിഗണിച്ചില്ല. ലെഗ് സ്പിന്നര്‍മാരായ രാഹുല്‍ ചാഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇടംകൈയന്‍ സ്പിന്നര്‍മാര്‍.

ദീപക് ചാഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍ എന്നിവരെ റിസര്‍വായി പരിഗണിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവും ലോകേഷ് രാഹുലും രോഹിത് ശര്‍മയെ കൂടാതെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരായി ഇടംപിടിച്ചു.

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പരിഗണിച്ചില്ല. പേസര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലോകകപ്പില്‍ കളിക്കാനെത്തും. ഒക്ടോബര്‍ 24 നു നടക്കുന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും. നവംബര്‍ 14 നു ദുബായിലാണു ഫൈനല്‍. ഒമാനും പാപുവ ന്യൂഗിനിയും തമ്മില്‍ ഒക്ടോബര്‍ 17 നടക്കുന്ന റൗണ്ട് 1 ഗ്രൂപ്പ് ബി മത്സരത്തോടെയാണു ലോകകപ്പ് തുടങ്ങുക. നവംബര്‍ 10,11 തീയതികളിലാണു സെമി ഫൈനല്‍ മത്സരങ്ങള്‍. ഇന്ത്യ വേദിയാകേണ്ടിയിരുന്ന ലോകകപ്പ് കോവിഡ്-19 വൈറസ് മഹാമാരി മൂലമാണ് യു.എ.ഇയിലേക്കു മാറ്റിയത്.

ടീം ഇന്ത്യ: വിരാട് കോഹ്ലി (നായകന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹാര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍. റിസര്‍വ്: ശ്രേയസ് അയ്യര്‍, ദീപക് ചാഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍.

സാവോപോളോ: കോവിഡ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സരത്തിനിറങ്ങിയ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ ബ്രസീല്‍ ഫെഡറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങിയ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്ത്യന്‍ റൊമേറോ, എമിലിയാനോ ബ്യൂണ്ടിയ എന്നീ നാലു താരങ്ങള്‍ക്കെതിരെയാണ് അന്വേഷണം.

ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചു, ആരോഗ്യ വിഭാഗത്തിന് തെറ്റായ വിവരം നല്‍കി എന്നതു സംബന്ധിച്ചാണ് അന്വേഷണം. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇവര്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം മറച്ചുവെച്ച് തങ്ങള്‍ വെനിസ്വലേയില്‍ നിന്നാണ് വരുന്നതെന്നാണ് നാല് അര്‍ജന്റീനിയന്‍ താരങ്ങള്‍ പറഞ്ഞത്.

ഇതേ തുടര്‍ന്നാണ് ബ്രസീല്‍ ഫെഡറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പരമാവധി അഞ്ച് വര്‍ഷത്തെ തടവും പിഴയും ലഭിക്കും. മത്സരം ഉപേക്ഷിച്ചയുടന്‍ തന്നെ എല്ലാ അര്‍ജന്റീന താരങ്ങളും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി.

ബ്രസീല്‍ – അര്‍ജന്റീന മത്സരത്തിനിടെ സാവോപോളോയില്‍ നാടകീയമായ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍, ബ്രസീല്‍ ആരോഗ്യ അധികൃതരും ഫെഡറല്‍ പോലീസും ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ ക്വാറന്റൈന്‍ നിയമം പാലിച്ചില്ല എന്നതാണ് അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ബ്രസീല്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചത്.

ബ്രസീലിലെ കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് യുകെയില്‍ നിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇത് അര്‍ജന്റീനിയന്‍ താരങ്ങള്‍ പാലിച്ചില്ലെന്നാണ് പരാതി. കളി തടസപ്പെട്ടതിനെതുടര്‍ന്ന് ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ നേതൃത്തില്‍ അര്‍ജന്റീന ടീം ഗ്രൗണ്ട് വിട്ടിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിഞ്ഞതായി ധവാന്റെ ഭാര്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. ധവാന്‍-ആയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്നൊരു മകനുമുണ്ട്.

കിക്ക് ബോക്‌സര്‍ കൂടിയായ ആയേഷയെ ഫേസ്ബുക്കിലൂടെയാണ് ധവാന്‍ പരിചയപ്പെടുന്നതും അടുക്കുന്നതും. ഫേസ്ബുക്കില്‍ ആയേഷയുടെ ചിത്രങ്ങള്‍ കണ്ട് കൗതുകം തോന്നി തുറന്നുനോക്കിയ ധവാന്‍ ഇന്ത്യന്‍ ടീമിലെ സഹതാരമായ ഹര്‍ഭജന്‍ സിംഗിനെ മ്യൂച്ചല്‍ ഫ്രണ്ട് ലിസ്റ്റില്‍ കണ്ടു. പിന്നീട് ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം 2012ല്‍ വിവാഹത്തിലെത്തുകയായിരുന്നു. പഞ്ചാബി മതാചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. 2014ലാണ് ഇരുവര്‍ക്കും സൊരാവര്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്.

നേരത്തെ, ഒരു ഓസ്ട്രേലിയന്‍ ബിസിനസുകാരനെ അയേഷ വിവാഹം കഴിച്ചിരുന്നു, മുന്‍ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്.