ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രൗണ്ടില്‍ ! ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു

സാവോ പോളോ: ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ തുടങ്ങിയ താരങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്നാരോപിച്ച് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി ഇവരെ തടഞ്ഞതോടെയാണ് മത്സരം നിര്‍ത്തിവെച്ചത്.

നേരത്തെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് അര്‍ജന്റീന താരങ്ങളും ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ക്വാറന്റൈനില്‍ കഴിയണമെന്ന് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു.

പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്ക് വേണ്ടി കളിക്കുന്ന മാര്‍ട്ടിനെസിനേയും ബ്യൂണ്ടിയയെയും ടോട്ടന്‍ഹാമില്‍ കളിക്കുന്ന ലോ സെല്‍സോയും റൊമേറോയും ആണ് യോഗ്യത മത്സരത്തിനായി എത്തിയത്. മത്സരശേഷം തിരിച്ചുവരുമ്പോള്‍ ഹോട്ടലില്‍ 10 ദിവസം ക്വാറന്റൈന്‍ ചെയ്യേണ്ടതിനാല്‍ ഇവരെ അന്താരാഷ്ട്ര മത്സരത്തിനയക്കാന്‍ ക്ലബ്ബുകള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല.

എന്നാല്‍ ഇവര്‍ മത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ചേരുകയായിരുന്നു. നാല് പേരോടും യുകെയിലേക്ക് മടങ്ങി പോകാന്‍ ബ്രസീല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

മാച്ച് റഫറിയുടെ തീരുമാനം പ്രകാരം ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം നിര്‍ത്തിവെച്ചതായി കോണ്‍മെബോള്‍ ട്വിറ്ററിലൂടെ അറിയിച്ചു.