Sports (Page 17)

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പോൾ പോഗ്ബക്ക് സസ്പെൻഷൻ. ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണൽ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓഗസ്റ്റ് 20-ന് സീരി എയിൽ യുഡിനീസിനെതിരായ മത്സരത്തിനു ശേഷം നടന്ന ഉത്തേജക മരുന്ന് പരിശോധനയിലാണ് യുവന്റസ് താരം പരാജയപ്പെട്ടത്. പരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പോസിറ്റീവ് ഫലം സ്ഥിരീകരിക്കുന്നതിനായി ബി സാമ്പിളും പരിശോധിക്കുക എന്നതാണ് അടുത്ത ഘട്ടം. അതുവരെ താരം സസ്പെൻഷനിലായിരിക്കും.
ദേശീയ ഉത്തേജക വിരുദ്ധ പ്രോസിക്യൂട്ടറിന്റെ നിർദ്ദേശം അംഗീകരിച്ചുകൊണ്ട്, അത്‌ലറ്റ് പോൾ ലാബിൽ പോഗ്ബയെ താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നു എന്ന് നാടോ (NADO) പ്രസ്താവനയിൽ പറഞ്ഞു. നിരോധിത പദാർത്ഥം “നോൺ-എൻഡോജെനസ് ടെസ്റ്റോസ്റ്റിറോൺ മെറ്റബോളിറ്റുകൾ” കണ്ടെത്തിയതിനാൽ പോഗ്ബ ഉത്തേജക വിരുദ്ധ നിയമങ്ങൾ ലംഘിച്ചുവെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു.

2022 ജൂലൈയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പോഗ്ബ യുവന്റസിലേക്ക് ചേക്കേറിയിരുന്നു

.

ഏഷ്യാ കപ്പ് സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ മിന്നുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. 27 റണ്‍സെടുത്ത ഫഖര്‍ സമനും 23 റണ്‍സ് വീതമെടുത്ത അഗ സല്‍മാനും ഇഫ്തിഖര്‍ അഹമ്മദും 10 റണ്‍സെടുത്ത ബാബര്‍ അസമും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനെതിരെ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ഞായറാഴ്ച നടക്കാനിരുന്ന മത്സരം മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റുകയായിരുന്നു.

എട്ടോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യക്കായി പാക്കിസസ്ഥാനെ കറക്കിയിട്ടത്. ഹാര്‍ദ്ദിക് പാണ്ഡ്യും ഷാര്‍ദ്ദുല്‍ താക്കൂറും ജസ്പ്രീത് ബുമ്രയും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ ഹാരിസ് റൗഫും നസീം ഷായും പാക്കിസ്ഥാനുവേണ്ടി ബാറ്റിംഗിനിറങ്ങിയില്ല. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 356-2 എന്ന നിലയിൽ അവസാനിച്ചപ്പോൾ പാക്കിസ്ഥാന്‍ 32 ഓവറില്‍ വെറും 128 റൺസ് എടുത്ത് ഓള്‍ ഔട്ട് ആവുകയായിരുന്നു.

പാക്കിസ്ഥാന് പവര്‍പ്ലേയിലെ അഞ്ചാം ഓവറില്‍ തന്നെ വൻ തിരിച്ചടിയേറ്റു. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഇമാം ഉള്‍ ഹഖിനെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്‍ ഒതുക്കി. ക്രീസിലെത്തിയപാടെ രണ്ട് ബൗണ്ടറികളടിച്ച് സിറാജിനും ബുമ്രക്കുമെതിരെ എത്തിയ പാക് നായകന്‍ ബാബര്‍ അസം ആദ്യ ബൗളിംഗ് മാാറ്റമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക് പാണ്ഡ്യെയെ വിളിച്ചതോടെ ബാബറിനും അടിതെറ്റി.

ഇന്ത്യയുടെ ബാറ്റിംഗിൽ കൊഹ്‌ലി 94 പന്തില്‍ 6 സിക്സും 9 ഫോറുമുള്‍പ്പെടെ 122 റണ്‍സ് നേടി. രാഹുല്‍ 106 പന്തില്‍ 12 പോറും 2 സിക്സും ഉള്‍പ്പെടെ 111 റണ്‍സ് എടുത്തു. പേരുകേട്ട പാക് ബൗളിംഗ് നിരയ്ക്ക് ഇന്നലെ എറിഞ്ഞ ഇരുപത്തിയാറോളം ഓവറില്‍ നിന്ന് ഒരുവിക്കറ്റ് പോലും നേടാനായില്ല.

നേരത്തെ റിസര്‍വ് ദിനത്തില്‍ 24.1 ഓവറില്‍ 147-2 എന്ന സ്കോറില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സടിച്ചത്. മൂന്നാം വിക്കറ്റില്‍ 233 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ രാഹുലും പന്തും ചേര്‍ന്ന് പാക് ബൗളര്‍മാരെ അടിച്ചുപറത്തിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചത്.

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മഴയെത്തുടര്‍ന്ന് ഒരുമണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സിനിടെയും മഴ രസംകൊല്ലിയായെത്തി.

2023 അണ്ടര്‍ 16 സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഭൂട്ടാനാണ് ഇത്തവണ സാഫ് കപ്പിന് വേദിയായത്. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യന്‍ അണ്ടര്‍ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.

ഭാരത് ലൈരന്‍ജാം ആണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടുന്നത്. 74-ാം മിനിറ്റില്‍ ലെവിസ് സാങ്മിന്‍ലുനാണ് ഗോള്‍ നേടിയത്. അവസാന ഘട്ടത്തില്‍ ബംഗ്ലാദേശ് കനത്ത ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെ ഇന്ത്യ കടുത്ത പ്രതിരോധമാണ് തീർത്തത്. ഈ വർഷം നടന്ന സീനിയർ സാഫ് മത്സരത്തിലെ കിരീടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 16 ഫോര്‍മാറ്റില്‍ ഇതുവരെ നാല് തവണയാണ് സാഫ് കപ്പ് ഫുട്‌ബോള്‍ നടന്നത്.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഇന്ത്യ – പാകിസ്താൻ നീട്ടിവച്ച മത്സരം ഇന്ന് തുടരും. ശക്തമായ മഴ തുടരുന്നതിനാലാണ് മത്സരം നീട്ടിയത്. ഞായറാഴ്ച നടന്ന മത്സരം മഴമൂലം തടസപ്പെടുകയായിരുന്നു. തുടർന്ന് മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുകായായിരുന്നു. കുറച്ചു നേരത്തെക്ക് മഴക്ക് അല്പം ശമനം വന്നപ്പോൾ 34 ഓവറാക്കി ചുരുക്കി മത്സരം നടത്തുവാനാണ് തീരുമാനിച്ചത്. എന്നാല്‍ വീണ്ടും മഴ ശക്തമായതോടെ മത്സരം മാറ്റിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കളി പുനഃരാരംഭിക്കാൻ കഴിയാതെ വന്നതിനാല്‍ തിങ്കളാഴ്ച്ച 50 ഓവറായി തന്നെ മത്സരം നടക്കും.

ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഘട്ടത്തിലാണ് മഴയെതുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറില്‍ 2 വിക്കറ്റിന് 147 റണ്‍സെന്ന നിലയിലയിലായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ്മയും ശുഭ്മാൻ ഗില്ലും അര്‍ദ്ധ സെഞ്ചുറി നേടി. ഇരുവരുടെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി.

മത്സരം നിര്‍ത്തുമ്ബോള്‍ വിരാട് കോഹ്‌ലി എട്ട് റണ്‍സുമായും കെ എല്‍ രാഹുല്‍ 17 റണ്‍സുമായും ക്രീസിലുണ്ട്. പാകിസ്താന് വേണ്ടി ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോര്‍ റൗണ്ടിൽ മഴ പെയ്താലും ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കും. സെപ്റ്റംബര്‍ 10 ഞായറാഴ്ചയാണ് ഇന്ത്യ– പാക്ക് പോരാട്ടം. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം മഴ കാരണം മുടങ്ങിയാൽ റിസർവ് ദിനത്തിൽ കളി പൂർത്തിയാക്കാമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺ‌സിൽ അറിയിച്ചു.ഞായറാഴ്ച കൊളംബോയില്‍ മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. സൂപ്പര്‍ ഫോറിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മാത്രമാണ് റിസർവ് ദിനം ഉള്ളതെന്നതും ശ്രദ്ധേയമാണ്. ഈ ആഴ്ച മുഴുവൻ കൊളംബോയിൽ മഴ സാധ്യത ഉള്ളതിനാൽ ഏഷ്യാകപ്പ് പോരാട്ടങ്ങൾ ഹമ്പൻതോട്ടയിലേക്കു മാറ്റാൻ ആദ്യം ആലോചിച്ചിരുന്നു. പാക്കിസ്ഥാനും ഇതിനെ പിന്തുണച്ചു. പിന്നീട് മത്സരങ്ങൾ കൊളംബോയിൽ തന്നെ നടത്തുമന്ന നിലപാടിലായിരുന്നു ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.മഴ മൂലം മത്സരം കൊളംമ്പോയില്‍ നിന്ന് മാറ്റുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. എസിസി നിലവിലെ ഷെഡ്യൂളില്‍ തന്നെ മത്സരങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരം പൂര്‍ത്തികരിക്കാന്‍ കഴിയാതെ വന്നാല്‍ തിങ്കളാഴ്ച മത്സരം നടക്കുന്നതാണെന്ന് എസിസി അറിയിച്ചിരിക്കുന്നത്. മത്സരം കാണാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ തിങ്കളാഴ്ച വരെ ടിക്കറ്റ് കൈവശം വെക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 266 റൺസെടുത്തെങ്കിലും കനത്ത മഴ മൂലം പാക്കിസ്ഥാനു ബാറ്റു ചെയ്യാൻ സാധിച്ചില്ല. തുടർന്ന് ഇരു ടീമുകളും പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ഞായറാഴ്ച കൊളംബോയിൽ മഴ പെയ്യാൻ 90 ശതമാനം സാധ്യതയാണു പ്രവചിച്ചിട്ടുള്ളത്. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ പാക്കിസ്ഥാൻ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 193 റൺസിനു പുറത്തായപ്പോൾ, 39.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയ ലക്ഷ്യത്തിലെത്തി.

ഏഷ്യാകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തിയതിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി പാകിസ്ഥാൻ. പിസിബി ചെയർമാൻ സാക്ക അഷ്റഫ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റ് ജയ് ഷായ്ക്ക് ഔദ്യോഗിക കത്ത് അയച്ചതായാണ് വിവരം എന്നാൽ വിഷയത്തെ കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീലങ്കയിലെ മത്സരക്രമങ്ങൾ എസിസി നിശ്ചയിച്ചതിലും ശ്രീലങ്കയിലെ മത്സരത്തിന്റെ നടത്തിപ്പിലും പാക്കിസ്ഥാനു കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അംഗങ്ങളോട് ആലോചിക്കാതെ പാകിസ്താനിൽ നിന്ന് വേദി മാറ്റാൻ അവസാന നിമിഷം തീരുമാനമെടുത്തതിന് പിന്നിലുള്ള കാരണമെന്ത് അതിന് പിന്നിൽ ആരാണ് തുടങ്ങിയ കാര്യങ്ങളും കത്തിൽ ചോദിച്ചിട്ടുണ്ട്.

മത്സരങ്ങൾ ഹമ്പത്തോട്ടയിലേയ്ക്ക് വേദികൾ മാറ്റുന്ന കാര്യം സെപ്തംബർ 5 നാണ് എസിസിയും ആതിഥേയ രാജ്യങ്ങളും കൂടി തീരുമാനിച്ചത്. എന്നാൽ ക്രമപ്രകാരമല്ലാതെ കാൻഡിയിൽ നിന്ന് ഹമ്പത്തോട്ടയിലേയ്ക്ക് മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് എസിസി പിന്നോട്ട് പോയതിനെ കുറിച്ചും സാക്ക അഷ്റഫ് ആരോപണമുന്നയിച്ചു.

മത്സരവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിൽ തീരുമാനം എടുത്തപ്പോൾ പാകിസ്താനെ അവഗണിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ പിസിബി കത്തിലൂടെ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ മത്സരത്തിന് ശേഷം ശ്രീലങ്കയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ചില എസിസി അംഗങ്ങൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും അഷ്‌റഫ് കത്തിൽ പരാമർശിക്കുന്നുണ്ട്. ഏഷ്യാ കപ്പിലെ നാല് കളികൾ മാത്രമാണ് പാകിസ്താനിൽ നടക്കുക.

2023 ലെ ഐസിസി വേൾഡ് കപ്പിന് ടിക്കറ്റ് കിട്ടില്ല എന്ന പേടി ഇനി വേണ്ട. ഏകദേശം നാലു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ പുറത്തിറക്കുമെന്നറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ്‌ (BCCI).

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റുകൾക്കായി വന്ന ഡിമാൻഡ് അംഗീകരിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു. വേൾഡ് കപ്പ്‌ ഹോസ്റ്റ് ചെയ്യുന്ന അസോസിയേഷനുകളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ബിസിസിഐ ഏകദേശം 400,000 ടിക്കറ്റുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റിൽ ടിക്കറ്റുകൾക്കായുള്ള ഉയർന്ന ഡിമാന്റാണ് തീരുമാനത്തിന് പിന്നിൽ. കഴിയുന്നത്ര ക്രിക്കറ്റ് ആരാധകരെ ഉൾക്കൊള്ളാനും ഈ ചരിത്ര സംഭവത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇവന്റിലുള്ള ആഗോള താൽപ്പര്യം കണക്കിലെടുത്ത് ടിക്കറ്റുകൾക്ക് ഉയർന്ന ഡിമാൻഡുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ആരാധകരോട് ടിക്കറ്റുകൾ ഉടനടി ബുക്ക്‌ ചെയ്യനാണ് ക്രിക്കറ്റ് കൗൺസിൽ ആവശ്യപ്പെടുന്നത്. പുറത്തിറക്കിയ 400,000 ടിക്കറ്റുകളിൽ എത്ര ശതമാനം ഇന്ത്യൻ മത്സരങ്ങൾക്കായി പ്രത്യേകം നീക്കിവെക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. എങ്കിൽതന്നെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ഈ വർഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ഇപ്പോൾ അവരുടെ സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്.

എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകളുടെ പൊതുവായ വിൽപ്പന 2023 സെപ്റ്റംബർ 8 ന് ഇന്ത്യൻ സമയം രാത്രി 8:00 മുതൽ ആരംഭിക്കും.
ആരാധകർക്ക് ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ വാങ്ങാം. 2023 സെപ്തംബർ 8-ന് ആരംഭിക്കുന്ന വിൽപ്പനയ്‌ക്ക് പുറമെ അടുത്ത ഘട്ട വിൽപ്പന ഉണ്ടായേക്കാമെന്നും ബിസിസിഐ അറിയിച്ചു.

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സചിത്ര സേനാനായകെയെ ഒത്തുകളി ആരോപണത്തിൽ അറസ്റ്റ് ചെയ്തു. കായിക മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ യൂണിറ്റിന് (എസ്‌ഐയു) മുമ്പാകെ ഹാജരായതിന് ശേഷം ഒത്തുകളി ആരോപണത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം കൊളംബോ മജിസ്‌ട്രേറ്റ് മൂന്ന് മാസത്തേക്ക് വിദേശ യാത്ര വിലക്കി ഉത്തരവിറക്കിയിരുന്നു. ലങ്ക പ്രീമിയർ ലീഗിന്റെ (എൽപിഎൽ) 2020 പതിപ്പിന്റെ ഗെയിമുകളിൽ ഒത്തുകളിക്ക് ശ്രമിച്ചുവെന്നാരോപിച്ചാണ് നടപടി. മുൻ ക്രിക്കറ്റ് താരത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ എസ്ഐയുവിന് അറ്റോർണി ജനറലിന്റെ (എജി) നിർദേശപ്രകാരമാണിത്.

2020 ലെ ലങ്ക പ്രീമിയർ ലീഗിന്റെ (എൽപിഎൽ) ആദ്യ പതിപ്പിൽ രണ്ട് ക്രിക്കറ്റ് താരങ്ങളെ ദുബായിൽ നിന്ന് ഫോണിൽ മത്സരങ്ങളിൽ ഒത്തുകളി ആവശ്യപ്പെട്ട് സേനാനായകെ സമീപിച്ചതായി ആരോപണമുണ്ട്.
എന്നാൽ താരം അവയെല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അവകാശപ്പെട്ട് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഒത്തുകളി ക്രിമിനൽ കുറ്റമാക്കുന്ന 2019-ലെ നിയമപ്രകാരം കേസെടുക്കുന്ന ആദ്യ കളിക്കാരനാണ് സേനാനായകെന്ന് ശ്രീലങ്കൻ പോലീസ് പറഞ്ഞു. കുറ്റത്തിന് പരമാവധി 10 വർഷം തടവോ 100 ദശലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

ശ്രീലങ്കയ്‌ക്കായി 73 വൈറ്റ് ബോൾ മത്സരങ്ങളിൽ നിന്ന് 78 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് സചിത്ര സേനാനായകെ.

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസ് 2022 – ന്റെ ഇന്ത്യൻ സംഘത്തെ സ്പോൺസർ ചെയ്യാനൊരുങ്ങി അമുൽ. 2023 സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്‌പോൺസറായി അമുലിനെ തിരഞ്ഞെടുത്ത വിവരം അമുലിന്റെ ഇൻ-ചാർജ് മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയാണ് അറിയിച്ചത്. സ്‌പോൺസറായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കായികതാരത്തിന്റെ പ്രയത്‌നങ്ങളെ ആഘോഷിക്കാൻ അമുൽ അതിന്റെ സംയോജിത ലോഗോ ഉപയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

19-ാമത് ഏഷ്യൻ ഗെയിംസ് 2022 ൽ 40 കായിക ഇനങ്ങളിലായി 482 ഇവന്റുകൾ അവതരിപ്പിക്കും. ഏഷ്യൻ ഗെയിംസ്, ഏഷ്യാഡ് എന്നും അറിയപ്പെടുന്നു. എല്ലാ നാലാമത്തെ വർഷവും ഏഷ്യയിലെമ്പാടുമുള്ള അത്‌ലറ്റുകൾക്കിടയിൽ നടക്കുന്ന ഒരു ഭൂഖണ്ഡാന്തര മൾട്ടി-സ്‌പോർട്‌സ് ഇവന്റാണ് ഏഷ്യൻ ഗെയിംസ്. വരാനിരിക്കുന്ന ഇവന്റിനെ ഔദ്യോഗികമായി 19-ാമത് ഏഷ്യൻ ഗെയിംസ് ഹാങ്‌സോ 2022 എന്ന് വിളിക്കും. യഥാർത്ഥത്തിൽ കഴിഞ്ഞ വർഷം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് -19 കാരണം മാറ്റിവയ്ക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിൽ 38 വ്യത്യസ്ത കായിക ഇനങ്ങളിലായി 634 അത്‌ലറ്റുകളെ ഇന്ത്യൻ സംഘം അണിനിരത്തും. ജക്കാർത്തയിൽ വച്ചുനടന്ന കഴിഞ്ഞ തവണയിലെ ഗെയിംസിൽ 36 കായിക ഇനങ്ങളിൽ പങ്കെടുക്കാൻ 570 പേരടങ്ങുന്ന സംഘത്തെ ഇന്ത്യ അയച്ചിരുന്നു. 70 മെഡലുകൾ നേടുകയും ചെയ്തു.

12 മാസത്തിനിടെ ഉത്തേജക മരുന്നു പരിശോധനയില്‍ മൂന്ന് തവണ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഇന്ത്യയുടെ സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമ ദാസിനെ സസ്‌പെന്റു ചെയ്തു. ദേശിയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടേതാണ് നടപടി.

രണ്ട് വര്‍ഷത്തെ വിലക്ക് നേരത്തെ ഉള്ളതിനാല്‍ താരം നിലവില്‍ ദേശീയ ക്യമ്പില്‍ ഇല്ല. വരാനിരിക്കുന്ന ഹാങ്ഷു ഏഷ്യന്‍ ഗെയിംസ് ടീമിലേക്ക് നേരത്തെ താരത്തെ പരിഗണിച്ചിരുന്നില്ല. നിലവില്‍ ഹിമ പരിക്കേറ്റ് വിശ്രമത്തിലാണ്.

മേയിൽ റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പും ജൂണിൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ഗെയിംസിനുള്ള അവസാന സെലക്ഷൻ ഇനമായ ദേശീയ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പും ഹിമക്ക് നഷ്‌ടമായി. ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ നിന്ന് ഹിമ നേരത്തെ തന്നെ പിന്മാറിയിരുന്നു.

വേൾഡ് അത്‌ലറ്റിക്‌സ് ആന്റി-ഡോപ്പിംഗ് (വാഡ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 12 മാസത്തിനുള്ളിൽ ഫയലിംഗ് പരാജയം, മിസ്ഡ് ടെസ്റ്റ് അല്ലെങ്കിൽ ഇവ രണ്ടും ഉൾപ്പെടെയുള്ള മൂന്ന് പരാജയങ്ങളുടെ സംയോജനം ഉത്തേജക വിരുദ്ധ നിയമ ലംഘനമായി മാറും. അതുപോലെ, ഹിമയ്ക്ക് പരമാവധി രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടിയും വരും. എന്നാൽ ടെസ്റ്റിന്റെ റിസല്‍റ്റ് സംബന്ധിച്ച ഫയലുകള്‍ സമര്‍പ്പിക്കാത്തതാണോ, പരിശോധനയിലെ പരാജയമാണോ വിലക്കിനു കാരണമെന്നു വിവരങ്ങള്‍ നിലവില്‍ പുറത്തു വന്നിട്ടില്ല.

ദി ദിംഗ് എക്സ്പ്രസ് എന്ന് വിളിപ്പേരുള്ള ഹിമ 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ വ്യക്തിഗത വെള്ളി നേടിയിരുന്നു. ജക്കാർത്തയിൽ നടന്ന വനിതകളുടെ 4×400 മീറ്റർ, മിക്സഡ് 4×400 മീറ്റർ റിലേ ക്വാർട്ടറ്റുകളിലും സ്വർണവും വെള്ളിയും നേടിയ താരമായിരുന്നു.