ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഇന്ത്യ – പാകിസ്താൻ നീട്ടിവച്ച മത്സരം ഇന്ന് തുടരും. ശക്തമായ മഴ തുടരുന്നതിനാലാണ് മത്സരം നീട്ടിയത്. ഞായറാഴ്ച നടന്ന മത്സരം മഴമൂലം തടസപ്പെടുകയായിരുന്നു. തുടർന്ന് മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റുകായായിരുന്നു. കുറച്ചു നേരത്തെക്ക് മഴക്ക് അല്പം ശമനം വന്നപ്പോൾ 34 ഓവറാക്കി ചുരുക്കി മത്സരം നടത്തുവാനാണ് തീരുമാനിച്ചത്. എന്നാല്‍ വീണ്ടും മഴ ശക്തമായതോടെ മത്സരം മാറ്റിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കളി പുനഃരാരംഭിക്കാൻ കഴിയാതെ വന്നതിനാല്‍ തിങ്കളാഴ്ച്ച 50 ഓവറായി തന്നെ മത്സരം നടക്കും.
ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഘട്ടത്തിലാണ് മഴയെതുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറില്‍ 2 വിക്കറ്റിന് 147 റണ്‍സെന്ന നിലയിലയിലായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ്മയും ശുഭ്മാൻ ഗില്ലും അര്‍ദ്ധ സെഞ്ചുറി നേടി. ഇരുവരുടെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി.
മത്സരം നിര്‍ത്തുമ്ബോള്‍ വിരാട് കോഹ്ലി എട്ട് റണ്‍സുമായും കെ എല്‍ രാഹുല്‍ 17 റണ്‍സുമായും ക്രീസിലുണ്ട്. പാകിസ്താന് വേണ്ടി ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

