മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സചിത്ര സേനാനായകെയെ ഒത്തുകളി ആരോപണത്തിൽ അറസ്റ്റ് ചെയ്തു

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സചിത്ര സേനാനായകെയെ ഒത്തുകളി ആരോപണത്തിൽ അറസ്റ്റ് ചെയ്തു. കായിക മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ യൂണിറ്റിന് (എസ്‌ഐയു) മുമ്പാകെ ഹാജരായതിന് ശേഷം ഒത്തുകളി ആരോപണത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം കൊളംബോ മജിസ്‌ട്രേറ്റ് മൂന്ന് മാസത്തേക്ക് വിദേശ യാത്ര വിലക്കി ഉത്തരവിറക്കിയിരുന്നു. ലങ്ക പ്രീമിയർ ലീഗിന്റെ (എൽപിഎൽ) 2020 പതിപ്പിന്റെ ഗെയിമുകളിൽ ഒത്തുകളിക്ക് ശ്രമിച്ചുവെന്നാരോപിച്ചാണ് നടപടി. മുൻ ക്രിക്കറ്റ് താരത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ എസ്ഐയുവിന് അറ്റോർണി ജനറലിന്റെ (എജി) നിർദേശപ്രകാരമാണിത്.

2020 ലെ ലങ്ക പ്രീമിയർ ലീഗിന്റെ (എൽപിഎൽ) ആദ്യ പതിപ്പിൽ രണ്ട് ക്രിക്കറ്റ് താരങ്ങളെ ദുബായിൽ നിന്ന് ഫോണിൽ മത്സരങ്ങളിൽ ഒത്തുകളി ആവശ്യപ്പെട്ട് സേനാനായകെ സമീപിച്ചതായി ആരോപണമുണ്ട്.
എന്നാൽ താരം അവയെല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അവകാശപ്പെട്ട് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഒത്തുകളി ക്രിമിനൽ കുറ്റമാക്കുന്ന 2019-ലെ നിയമപ്രകാരം കേസെടുക്കുന്ന ആദ്യ കളിക്കാരനാണ് സേനാനായകെന്ന് ശ്രീലങ്കൻ പോലീസ് പറഞ്ഞു. കുറ്റത്തിന് പരമാവധി 10 വർഷം തടവോ 100 ദശലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

ശ്രീലങ്കയ്‌ക്കായി 73 വൈറ്റ് ബോൾ മത്സരങ്ങളിൽ നിന്ന് 78 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് സചിത്ര സേനാനായകെ.