Sports (Page 16)

ഇനി മുതൽ നെക്ക് ഗാർഡ് നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ നിർബന്ധമായും ‘നെക്ക് ഗാർഡ്’ ധരിക്കണം. ഇതോടെ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ‘നെക്ക് പ്രൊട്ടക്ടർ’ അണിയേണ്ടി വരും. 2015-ലാണ് ‘നെക്ക് പ്രൊട്ടക്ടർ’ അവതരിപ്പിക്കുന്നത് എന്നാൽ അന്ന് മുതൽ ‘നെക്ക് ഗാർഡുകൾ’ ഉപയോഗിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയൻ കായിക താരം കാമറൂൺ ഗ്രീനിന് പേസർ കഗിസോ റബാഡയുടെ ബൗൺസർ ബോള്ളിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നത്. താരങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നതാണ് പുതിയ തീരുമാനം. ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റിൽ ഫാസ്റ്റ്/മീഡിയം പേസ് ബൗളർമാരെ നേരിടുമ്പോൾ ഓസ്‌ട്രേലിയൻ കളിക്കാർ ‘നെക്‌ ഗാർഡ്’ നിർബന്ധമായും ധരിക്കണമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതുകൊണ്ട് തന്നെ വരും വർഷങ്ങളിലെ വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഫിലിപ്പ് ഹ്യൂസിന്റെ ദാരുണമായ മരണത്തെത്തുടർന്ന് 2015-ൽ നെക്ക് പ്രൊട്ടക്ടറുകളുടെ ഉപയോഗം സിഎ ശുപാർശ ചെയ്തിരുന്നുവെങ്കിലും പല വെറ്ററൻ താരങ്ങളും ഇതിനോട് വിമുഖത കാണിച്ചിരുന്നു. അസ്വസ്ഥത കാണിച്ച് പലരും ഇത് ധരിക്കാൻ കൂട്ടക്കാത്ത സ്ഥിതിയാനുള്ളത്. എന്നാൽ ഇനി അത് സാധ്യമാവില്ല. 2016-ൽ ഡേവിഡ് വാർണർ താൻ ഇത് ധരിക്കില്ല എന്ന നിലപാട് അറിയിച്ചിരുന്നു. ഉസ്മാൻ ഖവാജയും നിലവിൽ ബാറ്റ് ചെയ്യുമ്പോൾ പ്രൊട്ടക്ടർ ധരിക്കാറില്ല. അതേസമയം സ്പിന്നർമാരെ നേരിടുമ്പോൾ, കൂടാതെ വിക്കറ്റ് കീപ്പർമാർക്കും അടുത്ത ഫീൽഡർമാർക്കും ഈ നിയമം ബാധകമല്ല.

ഏഷ്യാ കപ്പിന്റെ ഫൈനലിൽ ശ്രീലങ്ക. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ രണ്ട് വിക്കറ്റിന് തോറ്റ് പാകിസ്ഥാൻ പുറത്തായി. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തിനോടുവിലാണ് ശ്രീലങ്ക തകർപ്പൻ ജയം നേടിയത്. മഴമൂലം വൈകിയ മത്സരം 45 ഓവറാക്കി ചുരുക്കിയാണ് തുടങ്ങിയത്.

ഫഖർ സമാനെ തുടക്കത്തിൽ തന്നെ നഷ്ടമായ പാകിസ്ഥാനെ മുന്നോട്ട് നയിച്ചത്‌ അബ്ദുള്ള ഷെഫീക്കും ബാബർ അസമും മുഹമ്മദ് റിസ്വാനും സ്കോർബോർഡുമാണ്. ഷെഫീക്ക് 52ഉം അസം 29ഉം റൺസെടുത്തു.

27.4 ഓവറിൽ 5ന് 130 റൺസ്‌ എന്ന മത്സരത്തിന്റെ ഘട്ടത്തിൽ വീണ്ടും മഴ രസം കൊല്ലിയായെത്തി. പിന്നാലെ മത്സരം 42 ഓവറാക്കി വീണ്ടും ചുരുക്കുകയായിരുന്നു. പിന്നീട് ട്വന്റി20 ശൈലിയിൽ പാകിസ്താൻ അടിച്ചുതകർത്തു. അവസാനം വരെ പോരാടി നിന്ന മുഹമ്മദ് റിസ്വാൻ 86 പുറത്താകാതെ നിന്നു. ഇഫ്തിക്കർ അഹമ്മദിന്റെ 47 കൂടി ആയപ്പോൾ പാകിസ്താൻ മോശമല്ലാത്ത സ്കോറിലെത്തി. 42 ഓവർ പൂർത്തിയാകുമ്ബോൾ പാകിസ്താൻ 7ന് 252 റൺസെടുത്തു.

പിന്നീട് ബാറ്റിങ്ങിൽ ശ്രീലങ്കയുടെ ലക്ഷ്യം 42 ഓവറിൽ 252 റൺസായി പുനഃക്രമീകരിച്ചു. വിക്കറ്റ് വീഴുമ്ബോഴും റൺസ്‌ വേഗത്തിലെടുക്കാനാണ് ശ്രീലങ്ക ശ്രദ്ധിച്ചത്. 35.1 ഓവറിൽ ലങ്കൻ സ്കോർ 210ൽ നിൽക്കെയാണ് മെൻഡിൻസ് പുറത്താകുന്നത്. അതുവരെ ലങ്കയുടെ കൈയിലായിരുന്ന മത്സരം പിന്നീടങ്ങോട്ട് ആശങ്കയിലായി. തുടർച്ചയായി വിക്കറ്റുകൾ വീണു. അവസാന ഓവറിൽ ഏട്ട് റൺസായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്. അവസാനം ചരിത് അസലങ്കയുടെ പോരാട്ടത്തിൽ വിജയിച്ച് ശ്രീലങ്ക ഫൈനലിലേക്ക് എത്തുകയായിരുന്നു.

എന്നാൽ ഇന്ത്യ – പാകിസ്ഥാൻ ഫൈനൽസ് എന്ന സ്വപ്ന മത്സരമാണ് നഷ്ടമായത്. ഇതോടുകൂടി ഫൈനൽസിൽ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള മത്സരം നടക്കും.

ഏഷ്യൻ ഗെയിംസിനുള്ള പതിനേഴംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. സീനിയർ താരം സുനിൽ ഛേത്രിയും ടീമിൽ ഉണ്ട്.
നേരത്തെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തി 22 അംഗ ടീമിനെ ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐഎസ്എൽ ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകില്ലെന്ന് അറിയിച്ചതോടെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ഛേത്രിയുൾപ്പെടെ പ്രധാന താരങ്ങൾ ടീമിൽ ഉണ്ടാകില്ലെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഛേത്രിയെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും മറ്റു പ്രധാന സീനിയർ താരങ്ങൾ ഒന്നും തന്നെ ടീമിൽ ഇല്ല. ഗോൾ കീപ്പർ ഗു‍ർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ തുടങ്ങിയവർ ടീമിന്റെ ഭാഗമല്ല. എന്നാൽ മലയാളികളായ കെ.പി.രാഹുലും അബ്ദുൽ റബീഹും ടീമിലുണ്ട്.19 മുതലാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. മറ്റു സീനിയർ താരങ്ങളെ വിട്ടുകിട്ടാൻ ഫെഡറഷൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ഈ സാഹചര്യം കണക്കിലെടുത്താണ് ഛേത്രിയുടെ നേതൃത്വത്തിൽ ജൂനിയർ താരങ്ങളെ ഉൾപ്പെടുത്തി പുതിയ ടീം പ്രഖ്യാപിച്ചത്.

ലൂയിസ് റൂബിയാലെസ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. വനിത ലോകകപ്പ് താരത്തെ അനുവാദമില്ലാതെ ചുംബിച്ചത് വൻ വിവാദമാവുകയും ലൂയിസിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന വനിതാ ലോകകപ്പ് ഫൈനലിന് ശേഷം റൂബിയാലെസ് സ്‌പെയിനിന്റെ ഫോർവേഡ് ജെന്നി ഹെർമോസോയെ ചുംബിച്ചത് വിവാദമാവുകയും റുബിയാലെസിന്റെ രാജിക്കായുള്ള ആവശ്യങ്ങൾ ശക്തമായി ഉയർന്നു വരികയും ചെയ്തിരുന്നു.

റുബിലിയാസിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. താന്‍ തുടരുന്നത് സ്പാനിഷ് ഫുട്‌ബോളിന് ഒന്നും നല്‍കാന്‍ പോകുന്നില്ല. ചില ശക്തികള്‍ തന്റെ തിരിച്ചുവരവിനെ തടയുകയാണ്. താന്‍ സത്യത്തില്‍ വിശ്വസിക്കുന്നു. ആരോപണങ്ങള്‍ക്കെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും റുബിയാലസും വ്യക്തമാക്കി.

ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടങ്ങൾ നടക്കവേ സ്ക്വാഡിൽ മാറ്റം വരുത്തി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെ നസീം ഷായ്ക്ക് വലത് തോളിന് പരിക്കേറ്റിരുന്നു ഇതേ തുടർന്ന് പരിക്കേറ്റ പേസർ നസീം ഷായ്ക്ക് പകരം സമാൻ ഖാനെ ടീമിലുൾപ്പെടുത്തി.

ഐസിസി ഏകദിന ലോകകപ്പ് അടുക്കാനിരിക്കെ പരിക്കേറ്റ് നസീം ഷായെ പാക് ടീമിന്റെ മെഡിക്കൽ ടീം നിരീക്ഷിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മാറ്റം. ഇതുവരെ പാകിസ്താനായി ആറു ടി20 മത്സരങ്ങൾ കളിച്ച് സമാൻ ഖാൻ നാലു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

പരിക്കേറ്റ ഹാരിസ് റൗഫ് സുഖം പ്രാപിച്ചുവരുന്നതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ റിസർവ് ദിനത്തിലും ഹാരിസ് റൗഫ് ഇറങ്ങിയിരുന്നില്ല. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ പാകിസ്താന് വിജയം അനിവാര്യം കൂടിയാണ്.

യു.എ.ഇ. പ്രീ സീസണിലെ രണ്ടാം സൗഹൃദ മത്സരത്തില്‍ പ്രോ ലീഗ്‌ ക്ലബായ ഷാര്‍ജ എഫ്‌.സിയെ വീഴ്‌ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി.
കരുത്തരായ ഷാര്‍ജക്കെതിരേ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണു മഞ്ഞപ്പടയുടെ വിജയം. കളിയുടെ ആദ്യ പകുതിയില്‍ ജാപ്പനീസ്‌ താരം ഡൈസുകെ സകായും ഘാന താരം ഖ്വാമ പെപ്രയുമാണു കേരള ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്‌. ഇതില്‍ കിടിലന്‍ ഫ്രീ കിക്കിലൂടെയായിരുന്നു സകായുടെ ഗോള്‍ പിറന്നത്‌. ബോക്‌സിനു തൊട്ടുവെളിയില്‍ ലഭിച്ച ഫ്രീകിക്ക്‌ മനോഹരമായി ജപ്പാന്‍ താരം വലയിലെത്തിക്കുകയായിരുന്നു.
ക്ര?യേഷ്യന്‍ താരം മാര്‍കോ ലെസ്‌കോവിച്ചായിരുന്നു തുടക്കത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത്‌. നേരത്തെ ആദ്യ മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ മഞ്ഞപ്പട സ്വന്തം ആരാധകര്‍ക്കു വലിയ ആവേശം സമ്മാനിക്കുന്നതാണു ഷാര്‍ജ എഫ്‌.സിക്കെതിരായ വിജയം. ആദ്യ മത്സരത്തില്‍ കാണികള്‍ക്കു പ്രവേശനമുണ്ടായിരുന്നെങ്കിലും അടച്ചിട്ട സ്‌റ്റേഡിയത്തിലാണു ഷാര്‍ജയ്‌ക്കെതിരായ പോരാട്ടം നടന്നത്‌.
യു.എ.ഇയില്‍ കളിച്ച ആദ്യ സൗഹൃദ മത്സരത്തില്‍ ദയനീയ പരാജയമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്‌. യു.എ.ഇ. പ്രോ ലീഗ്‌ ക്ലബായ അല്‍ വാസല്‍ എഫ്‌.സി. മറുപടിയില്ലാത്ത ആറുഗോളുകള്‍ക്കു മഞ്ഞപ്പടയെ തകര്‍ത്തു. പരാജയത്തിന്റെ നിരാശയില്‍നിന്നു പുറത്തുകടക്കാന്‍ ഷാര്‍ജ എഫ്‌.സിക്കെതിരായ മത്സരഫലം ബ്ലാസ്‌റ്റേഴ്‌സിനു തുണയാകും. ഇനി ഒരു സൗഹൃദ മത്സരം കൂടി യു.എ.ഇയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളിക്കും

രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് മറികടന്ന് രോഹിത് ശര്‍മ. ശ്രീലങ്കയിലെ കൊളംബോയില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആതിഥേയര്‍ക്കെതിരേയാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ഇതോടുകൂടി10,000 റണ്‍സ് മറികടക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറി. രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന പതിഞ്ചാമത്തെ താരമാണ് രോഹിത്. ഇന്ത്യൻ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി എന്നിവരാണ് രോഹിതിനു മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഏറ്റവും വേഗത്തില്‍ 10,000 കടക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും രോഹിത് തന്റെ പേരിലാക്കി. വിരാട് കോഹ്‌ലിയാണ് അതിവേഗ കണക്കില്‍ ഒന്നാമന്‍.

നേട്ടം കൈവരിക്കാന്‍ 22 റണ്‍സ് കൂടി വേണമെന്ന നിലയിലാണ് രോഹിത് ബാറ്റിങ്ങിനിറങ്ങിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഏഴാം ഓവറിന്റെ അഞ്ചാം പന്തില്‍ ലങ്കന്‍ പേസര്‍ കസുന്‍ രജിതയ്‌ക്കെതിരേ ഒരു സിക്‌സറിലൂടെയാണ് രോഹിത് 10,000 റൺസ് എന്ന അഭിമാന നേട്ടം കൈവരിച്ചത്. 248 മത്സരങ്ങളിലായി 240 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 10,000 എന്ന സഖ്യയിലോട്ട് എത്തിയത്.

അതെ സമയം, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ സ്റ്റേജിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊളംബോയിലെ ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യഘട്ടത്തിൽ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്.

മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗം തെളിയിക്കപ്പെട്ടതോടെയാണ് വനിതാ താരത്തിനു നേരെ നടപടി സ്വീകരിച്ചിട്ടുള്ളത്. നാല് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2022 യുഎസ് ഓപ്പണ്‍ സമയത്ത് ശേഖരിച്ച സാംപിളില്‍, റോക്സാഡസ്റ്റാറ്റ് എന്ന നിരോധിത വസ്തുവിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് താരത്തിന് വിലക്കെർപ്പെടുത്തിയത് മറ്റൊരു നിരോധിത രാസവസ്തുവും ഇതേ കാലയളവില്‍ താരം ഉപയോഗിച്ചതായി ടെന്നീസ് ആന്‍റി ഡോപിംഗ് പ്രോഗ്രാം അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 2022 മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഹാലെപിനെ സസ്‌പെൻഡ് ചെയ്തത്. ഈ നടപടി പ്രകാരം 2026 ഒക്ടോബറില്‍, തന്‍റെ 35-ാം വയസില്‍ മാത്രമാകും താരത്തിന് കോര്‍ട്ടിലേക്ക് മടങ്ങിവരാനാവുക.‌

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ശ്രീലങ്കയ്‌ക്കെതിരെ 41 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്.ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 172ന് എല്ലാവരും പുറത്തായി. നാലുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ശ്രീലങ്കയെ തകര്‍ത്തത്. ജഡേജയും ബുംറയും രണ്ട് വിക്കറ്റ് വീതം നേടി. ബോളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദുനിത് വെലാലഗെ ബാറ്റിങ്ങിലും തിളങ്ങി. 42 റണ്‍സെടുത്ത വെലാലഗെയാണ് ടീമിലെ ഏറ്റവും കൂടുതൽ സ്കോറര്‍ നേടിയ വ്യക്തി. നേരത്തെ ഇന്ത്യയുടെ ഇന്നിങ്സ് 213ന് അവസാനിച്ചു. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. അതോടൊപ്പം ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. പതിനായിരം റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍താരമാണ് രോഹിത് ശര്‍മ.ഇഷന്‍ കിഷന്‍ 33റണ്‍സും രാഹുല്‍ 39റണ്‍സുമെടുത്തു. ദുനിത് വെലാലഗെ 5 വിക്കറ്റും അസലങ്ക നാലുവിക്കറ്റും വീഴ്ത്തി.

ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിങ്‌സ് 47 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ എത്തി. തുടര്‍ന്ന് അല്‍പസമയത്തിനു ശേഷം മത്സരം പുനഃരാരംഭിച്ചു. എന്നാല്‍, 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. വെള്ളിയാഴ്ച ബംഗ്ലദേശിനെതിരെയാണ് അടുത്ത മത്സരം

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനു കിരീടം. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വെദെവിനെയാണ് സെർബിയന്‍ താരമായ ജോക്കോവിച്ച് തോൽപിച്ചത്. 6–3,7–6,6–3 എന്ന നിലയിലായിരുന്നു സ്കോർ. ഇത് നാലാംതവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പൺ ചാംപ്യനാകുന്നത്. ഇതോടെ ഇരുപത്തി നാലാം ഗ്രാൻഡ്സ്ലാം കിരീടമാണ് അദ്ദേഹം സ്വന്തമാക്കിയത്. സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്.

2021ലെ ഫൈനലിൽ മെദ്‌വെദെവിയും ജോക്കോവിച്ചും ഏറ്റുമുട്ടിയപ്പോൾ മെദ്വദെവിനായിരുന്നു ജയം. യുഎസ് ഓപ്പണിൽ ജോക്കോവിച്ചിന്റെ പത്താം ഫൈനലായിരുന്നു.
യുഎസ് ഓപ്പൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമെന്നെ റെക്കോർ‍ഡും കിരീട നേട്ടത്തോടെ സെർബിയൻ താരത്തിന്റെ പേരിലായി.