ഏഷ്യാകപ്പ് വേദിമാറ്റിയതിൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ

ഏഷ്യാകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തിയതിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി പാകിസ്ഥാൻ. പിസിബി ചെയർമാൻ സാക്ക അഷ്റഫ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റ് ജയ് ഷായ്ക്ക് ഔദ്യോഗിക കത്ത് അയച്ചതായാണ് വിവരം എന്നാൽ വിഷയത്തെ കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീലങ്കയിലെ മത്സരക്രമങ്ങൾ എസിസി നിശ്ചയിച്ചതിലും ശ്രീലങ്കയിലെ മത്സരത്തിന്റെ നടത്തിപ്പിലും പാക്കിസ്ഥാനു കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അംഗങ്ങളോട് ആലോചിക്കാതെ പാകിസ്താനിൽ നിന്ന് വേദി മാറ്റാൻ അവസാന നിമിഷം തീരുമാനമെടുത്തതിന് പിന്നിലുള്ള കാരണമെന്ത് അതിന് പിന്നിൽ ആരാണ് തുടങ്ങിയ കാര്യങ്ങളും കത്തിൽ ചോദിച്ചിട്ടുണ്ട്.

മത്സരങ്ങൾ ഹമ്പത്തോട്ടയിലേയ്ക്ക് വേദികൾ മാറ്റുന്ന കാര്യം സെപ്തംബർ 5 നാണ് എസിസിയും ആതിഥേയ രാജ്യങ്ങളും കൂടി തീരുമാനിച്ചത്. എന്നാൽ ക്രമപ്രകാരമല്ലാതെ കാൻഡിയിൽ നിന്ന് ഹമ്പത്തോട്ടയിലേയ്ക്ക് മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് എസിസി പിന്നോട്ട് പോയതിനെ കുറിച്ചും സാക്ക അഷ്റഫ് ആരോപണമുന്നയിച്ചു.

മത്സരവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിൽ തീരുമാനം എടുത്തപ്പോൾ പാകിസ്താനെ അവഗണിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ പിസിബി കത്തിലൂടെ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ മത്സരത്തിന് ശേഷം ശ്രീലങ്കയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ചില എസിസി അംഗങ്ങൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും അഷ്‌റഫ് കത്തിൽ പരാമർശിക്കുന്നുണ്ട്. ഏഷ്യാ കപ്പിലെ നാല് കളികൾ മാത്രമാണ് പാകിസ്താനിൽ നടക്കുക.