2023 ലെ ഐസിസി വേൾഡ് കപ്പിന് ടിക്കറ്റ് കിട്ടില്ല എന്ന പേടി ഇനി വേണ്ട. ഏകദേശം നാലു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ പുറത്തിറക്കുമെന്നറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (BCCI).
2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റുകൾക്കായി വന്ന ഡിമാൻഡ് അംഗീകരിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു. വേൾഡ് കപ്പ് ഹോസ്റ്റ് ചെയ്യുന്ന അസോസിയേഷനുകളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ബിസിസിഐ ഏകദേശം 400,000 ടിക്കറ്റുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റിൽ ടിക്കറ്റുകൾക്കായുള്ള ഉയർന്ന ഡിമാന്റാണ് തീരുമാനത്തിന് പിന്നിൽ. കഴിയുന്നത്ര ക്രിക്കറ്റ് ആരാധകരെ ഉൾക്കൊള്ളാനും ഈ ചരിത്ര സംഭവത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇവന്റിലുള്ള ആഗോള താൽപ്പര്യം കണക്കിലെടുത്ത് ടിക്കറ്റുകൾക്ക് ഉയർന്ന ഡിമാൻഡുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ആരാധകരോട് ടിക്കറ്റുകൾ ഉടനടി ബുക്ക് ചെയ്യനാണ് ക്രിക്കറ്റ് കൗൺസിൽ ആവശ്യപ്പെടുന്നത്. പുറത്തിറക്കിയ 400,000 ടിക്കറ്റുകളിൽ എത്ര ശതമാനം ഇന്ത്യൻ മത്സരങ്ങൾക്കായി പ്രത്യേകം നീക്കിവെക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. എങ്കിൽതന്നെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ഈ വർഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ഇപ്പോൾ അവരുടെ സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്.
എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകളുടെ പൊതുവായ വിൽപ്പന 2023 സെപ്റ്റംബർ 8 ന് ഇന്ത്യൻ സമയം രാത്രി 8:00 മുതൽ ആരംഭിക്കും.
ആരാധകർക്ക് ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ വാങ്ങാം. 2023 സെപ്തംബർ 8-ന് ആരംഭിക്കുന്ന വിൽപ്പനയ്‌ക്ക് പുറമെ അടുത്ത ഘട്ട വിൽപ്പന ഉണ്ടായേക്കാമെന്നും ബിസിസിഐ അറിയിച്ചു.

