ഏഷ്യ കപ്പ് ഇന്ത്യക്ക് മുന്നിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ: കുല്‍ദീപിന് അഞ്ച് വിക്കറ്റ്

ഏഷ്യാ കപ്പ് സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ മിന്നുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. 228 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. 27 റണ്‍സെടുത്ത ഫഖര്‍ സമനും 23 റണ്‍സ് വീതമെടുത്ത അഗ സല്‍മാനും ഇഫ്തിഖര്‍ അഹമ്മദും 10 റണ്‍സെടുത്ത ബാബര്‍ അസമും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനെതിരെ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ഞായറാഴ്ച നടക്കാനിരുന്ന മത്സരം മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റുകയായിരുന്നു.

എട്ടോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യക്കായി പാക്കിസസ്ഥാനെ കറക്കിയിട്ടത്. ഹാര്‍ദ്ദിക് പാണ്ഡ്യും ഷാര്‍ദ്ദുല്‍ താക്കൂറും ജസ്പ്രീത് ബുമ്രയും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ ഹാരിസ് റൗഫും നസീം ഷായും പാക്കിസ്ഥാനുവേണ്ടി ബാറ്റിംഗിനിറങ്ങിയില്ല. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 356-2 എന്ന നിലയിൽ അവസാനിച്ചപ്പോൾ പാക്കിസ്ഥാന്‍ 32 ഓവറില്‍ വെറും 128 റൺസ് എടുത്ത് ഓള്‍ ഔട്ട് ആവുകയായിരുന്നു.

പാക്കിസ്ഥാന് പവര്‍പ്ലേയിലെ അഞ്ചാം ഓവറില്‍ തന്നെ വൻ തിരിച്ചടിയേറ്റു. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഇമാം ഉള്‍ ഹഖിനെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്‍ ഒതുക്കി. ക്രീസിലെത്തിയപാടെ രണ്ട് ബൗണ്ടറികളടിച്ച് സിറാജിനും ബുമ്രക്കുമെതിരെ എത്തിയ പാക് നായകന്‍ ബാബര്‍ അസം ആദ്യ ബൗളിംഗ് മാാറ്റമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദ്ദിക് പാണ്ഡ്യെയെ വിളിച്ചതോടെ ബാബറിനും അടിതെറ്റി.

ഇന്ത്യയുടെ ബാറ്റിംഗിൽ കൊഹ്‌ലി 94 പന്തില്‍ 6 സിക്സും 9 ഫോറുമുള്‍പ്പെടെ 122 റണ്‍സ് നേടി. രാഹുല്‍ 106 പന്തില്‍ 12 പോറും 2 സിക്സും ഉള്‍പ്പെടെ 111 റണ്‍സ് എടുത്തു. പേരുകേട്ട പാക് ബൗളിംഗ് നിരയ്ക്ക് ഇന്നലെ എറിഞ്ഞ ഇരുപത്തിയാറോളം ഓവറില്‍ നിന്ന് ഒരുവിക്കറ്റ് പോലും നേടാനായില്ല.

നേരത്തെ റിസര്‍വ് ദിനത്തില്‍ 24.1 ഓവറില്‍ 147-2 എന്ന സ്കോറില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സടിച്ചത്. മൂന്നാം വിക്കറ്റില്‍ 233 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ രാഹുലും പന്തും ചേര്‍ന്ന് പാക് ബൗളര്‍മാരെ അടിച്ചുപറത്തിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചത്.

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മഴയെത്തുടര്‍ന്ന് ഒരുമണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സിനിടെയും മഴ രസംകൊല്ലിയായെത്തി.