Sports (Page 168)

ദുബായ്: ദുബായില്‍ കൊടിയേറിയ ഐപിഎല്‍ പതിനാലാം സീസണ്‍ രണ്ടാം ഭാഗത്തിലെ ചെന്നൈ-മുംബൈ പോരാട്ടത്തില്‍ ജയം സ്വന്തമാക്കി ധോനിപ്പട. മുംബൈ ഇന്ത്യന്‍സിനെതിരെ 20 റണ്‍സിന്റെ വിജയമാണ് ചെന്നൈ നേടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 156 റണ്‍സ് നേടിയത്.

മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 56 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ പൊഴിഞ്ഞു. 40 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ നിന്ന സൗരബ് തിവാരിയാണ് മുംബൈ നിരയില്‍ ടോപ് സ്‌കോറര്‍. എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 136 റണ്‍സ് നേടാനെ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ നായകനായി ഇറങ്ങിയ പൊള്ളാര്‍ഡിനും കൂട്ടര്‍ക്കുമായൊള്ളു. ചെന്നൈ ബൗളര്‍മാരില്‍ ബ്രാവോ മൂന്നും ദീപക്ക് ചഹാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ചെന്നൈയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഉജ്ജ്വല ബാറ്റിങുമായി ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് കളം നിറഞ്ഞു. 58 പന്തുകള്‍ നേരിട്ട താരം 88 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറുകളും നാല് സിക്സുകളും സഹിതമാണ് റുതുരാജിന്റെ ബാറ്റിങ്. ജഡേജ 33 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത് പുറത്തായി. ബ്രാവോ എട്ട് പന്തുകള്‍ നേരിട്ട് മൂന്ന് സിക്സുകള്‍ സഹിതം 23 റണ്‍സാണ് അടിച്ചെടുത്തത്.

ജയത്തോടെ 12 പോയന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായി. എട്ട് പോയിന്റുള്ള മുംബൈ നാലാമതാണ്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ രണ്ടാം ഘട്ടത്തിന് ഇന്ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് നേരിടുമ്പോള്‍ മത്സരം ആവേശകരമാകും എന്നുറപ്പാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരത്തിന് തുടക്കം കുറിക്കുന്നത്.

കാണികള്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നു എന്നത് ആവേശം കൂട്ടും. ഇഷ്ടതാരങ്ങളേയും ടീമുകളേയും നേരിട്ട് പ്രോത്സാഹിപ്പിക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൂതന സുരക്ഷാ സംവിധാനങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഐ.പി.എല്ലിന് വീണ്ടും വിരുന്നൊരുക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് യു.എ.ഇ. ദുബായിക്കു പുറമെ അബൂദബി, ഷാര്‍ജ സ്‌റ്റേഡിയങ്ങളിലുമായാണ് മത്സരം അരങ്ങേറുക.

റാവല്‍പിണ്ടി: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്‍മാറിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍. അഫ്രീദിയും ഷോയിബ് അക്തറുമാണ് പ്രധാനമായും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.

ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ കൊലക്ക് കൊടുത്തുവെന്നായിരുന്നു മുന്‍ പാക് താരം ഷുഹൈബ് അക്തറുടെ പ്രതികരണം, അവസാന നിമിഷം പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ തീരുമാനം നിരാശാജനകമാണെന്നും പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ ഏജന്‍സികളുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്നും അവസാന നിമിഷം പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള ന്യൂസിലന്‍ഡിന്റെ തീരുമാനം നിരാശാജനകമാണെന്നും മുന്‍താരം ഉമര്‍ ഗുലും അറിയിച്ചു.

അതേസമയം, ന്യൂസിലന്‍ഡിന്റെ നടപടിയെ ശക്തമായ ഭാഷയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ ട്വിറ്ററിലൂടെ അപലപിച്ചത്. ഒരു ഭ്രാന്തന്‍ ദിനമായിരുന്നു ഇന്ന്, പാക് താരങ്ങളോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു. ന്യൂസിലന്‍ഡിന്റെ ഏകപക്ഷീയമായ പിന്മാറ്റ തീരുമാനം വളരെ മോശമായി. ഏത് ലോകത്താണ് ന്യൂസിന്‍ഡ് ജീവിക്കുന്നത്. ഐ.സി.സിയില്‍ അവര്‍ ഇതിന് മുറുപടി പറയേണ്ടി വരുമെന്നായിരുന്നു റമീസിന്റെ ട്വീറ്റ്.

റാവല്‍പിണ്ടി: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒന്നാം ഏകദിന മത്സരത്തിന് തൊട്ടു മുന്‍പ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറി. ന്യൂസിലന്‍ഡ് സര്‍ക്കാരില്‍ നിന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഏകദിന പരമ്പരയിലെ ആദ്യമത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മാത്രം മുന്‍പ് ന്യൂസിലന്‍ഡ് ടീം പിന്മാറിയത്.

ഗ്രൗണ്ടും പരിസരവും പരിശോധിച്ച ന്യൂസിലന്‍ഡ് സുരക്ഷാ ഉദ്യോഗസ്ഥരാണ് സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ടീമിനോട് മത്സരത്തിനിറങ്ങേണ്ടതെന്ന് അറിയിച്ചതെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടീമിന് തിരിച്ച് നാട്ടിലേക്ക് പോകാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പരമ്പര നീട്ടിവയ്ക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിരുന്നെങ്കിലും, കളിക്കാനില്ലെന്ന് തന്നെയായിരുന്നു ന്യൂസിലാന്‍ഡിന്റെ തീരുമാനം.

സംഭവത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേമും ചര്‍ച്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്രവും മികച്ച ഇന്റലിജന്‍സ് സംവിധാനമാണ് പാകിസ്ഥാനിലേതെന്നും അവര്‍ യാതൊരു സുരക്ഷാ വീഴ്ചയും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ ടീമുകള്‍ക്കും നല്‍കുന്ന പോലെ പഴുതടച്ച സുരക്ഷയാണ് കിവീസ് ടീമിന് നല്‍കുന്നതെന്നും ഇമ്രാന്‍ ജസീന്തയോട് അറിയിച്ചു. എന്നാല്‍ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന നിലപാടിലായിരുന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെന്നും എന്നാല്‍ കളിക്കാരുടെ സുരക്ഷ തന്നെയാണ് പ്രധാനമെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് വൈറ്റ് പറഞ്ഞു. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും കളിക്കാനായാണ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസീലന്‍ഡ് ടീം പാകിസ്ഥാനില്‍ എത്തിയത്.

ന്യൂഡല്‍ഹി: നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) സമഗ്രമായ അവലോകനത്തിനായി പ്രതിരോധ മന്ത്രാലയം രൂപീകരിച്ച ഉന്നതതല വിദഗ്ദ്ധ സമിതിയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും. മുന്‍ എംപി ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സമിതിയില്‍ എംഎസ് ധോണിയെ കൂടാതെ ഐസിസിആര്‍ പ്രസിഡന്റ് ആനന്ദ് മഹീന്ദ്ര, എംപി വിനയ് സഹസ്രബുദ്ധെ എന്നിവരും ഉള്‍പ്പെടുന്നു.

മാറുന്ന കാലഘട്ടത്തില്‍ എന്‍സിസി കൂടുതല്‍ പ്രസക്തമാക്കുന്നതിന് നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ സമഗ്രമായ അവലോകനത്തിനായി മുന്‍ പാര്‍ലമെന്റ് അംഗം ശ്രീ ബൈജയന്ത് പാണ്ഡയുടെ അധ്യക്ഷതയില്‍ പ്രതിരോധ മന്ത്രാലയം ഒരു ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായി പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്.

എന്‍സിസി കേഡറ്റുകള്‍ വിവിധ മേഖലകളില്‍ രാഷ്ട്രനിര്‍മ്മാണത്തിനും ദേശീയ വികസന ശ്രമങ്ങള്‍ക്കും കൂടുതല്‍ ഫലപ്രദമായി സംഭാവന നല്‍കാനും ഓര്‍ഗനൈസേഷന്റെ മൊത്തത്തിലുള്ള പുരോഗതിക്കും അന്താരാഷ്ട്ര യുവജന സംഘടനകളുടെ മികച്ച രീതികള്‍ പഠിക്കാനുമാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ധോണിയെ കൂടാതെ ജാമിയ മിലിയ ഇസ്ലാമിയ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ നജ്മ അക്തര്‍, എസ്എന്‍ഡിടി വനിതാ യൂണിവേഴ്‌സിറ്റി മുന്‍ വിസി പ്രൊഫസര്‍ വസുധ കാമത്ത്, ഡിഐസിസിഐ ചെയര്‍മാന്‍ മിലിന്ദ് കാംബ്ലെ, എംപി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുകുള്‍ കനിത്കര്‍ എന്നിവരാണ് മറ്റ് പ്രമുഖരായ അംഗങ്ങള്‍.

മുംബൈ: ട്വന്റി-20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ നായക പദവി വിരാട് കോഹ്ലി ഒഴിയുന്നതോടെ ക്യാപ്റ്റനാവാന്‍ രോഹിത് ശര്‍മ്മ. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്ത്.

ഐപിഎല്ലില്‍ ഏറ്റവും വിജയശതമാനമുള്ള ക്യാപ്റ്റനാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുള്ള താരത്തിന്റെ ക്യാപ്റ്റന്‍സി ഏറെ റെക്കോഡുള്ളതാണ്. അഞ്ച് കിരീടങ്ങളാണ് രോഹിത്ത് മുംബൈക്കായി നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സിനെ വര്‍ഷങ്ങളായി നയിക്കുന്ന രോഹിത്തിന് ഇന്ത്യന്‍ ടീമിനെയും നല്ല രീതിയില്‍ നയിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ഇന്ത്യയെ 19 ട്വന്റി-20 മല്‍സരങ്ങളില്‍ രോഹിത്ത് നയിച്ചിട്ടുണ്ട്. ഇതില്‍ 15ലും വിജയിക്കാന്‍ ക്യാപ്റ്റനായിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവതാരം വിരാട് കോഹ്‌ലി ട്വന്റി-20 ക്യാപ്റ്റന്‍സ്ഥാനം ഒഴിയുന്നു. ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിനുശേഷം ക്യാപ്റ്റന്‍സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. ടീമില്‍ അംഗമായിരിക്കും, ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായും തുടരും.

കഴിഞ്ഞ 8-9 വര്‍ഷമായി ഞാന്‍ മൂന്ന് വിഭാഗം ക്രിക്കറ്റും കളിക്കുന്നു, 5-6 വര്‍ഷമായി ക്യാപ്റ്റനുമാണ്. ജോലിഭാരം കൂടുതലാണ്. അത് പരിഗണിച്ചാണ് ഈ തീരുമാനം. ക്യാപ്റ്റനെന്ന രീതിയില്‍ പറ്റാവുന്നതൊക്കെ ചെയ്തു. ഒരു ബാറ്റ്‌സ്മാനായി ഈ ടീമിനൊപ്പമുണ്ടാകും കോഹ്‌ലി കുറിച്ചു.

ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. തന്റെ തീരുമാനം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുമായും സെക്രട്ടറി ജയ് ഷായുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിരാട് കോഹ്ലി പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ബി.സി.സി.ഐ അത് നിഷേധിച്ചിരുന്നു.

കാബൂള്‍: അഫ്ഗാന്‍ ഭരണം കീഴടക്കി വനിതാ സ്‌പോര്‍ട്‌സിനു വിലക്ക് ഏര്‍പ്പെടുത്തിയ താലിബാന്റെ തീരുമാനത്തിനെതിരെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വനിത ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുമെന്ന് നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പുതുതായി ചുമതലയേറ്റ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അസീസുള്ള ഫസ്ലി. ടെസ്റ്റ് മത്സരം മാറ്റിവച്ചതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കുമെന്നും എസിബി ചെയര്‍മാന്‍ അറിയിച്ചു

ഞങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചര്‍ച്ച നടത്തി, ടെസ്റ്റ് മത്സരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. രാജ്യത്തെ പുതിയ ഭരണകൂടം മുന്‍ഗണനാ ക്രമമനുസരിച്ചുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, വനിതാ ക്രിക്കറ്റിനെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അസീസുള്ള ഫസ്ലി വ്യക്തമാക്കി.

ദുബായ്: ഐപിഎല്‍ മാമാങ്കം കൊടിയേറാനൊരുങ്ങുന്നു. ഞായറാഴ്ച മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ പരിമിതമായ തോതില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.

എത്രപേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും സ്റ്റേഡിയത്തിലെ ഇരപ്പിടങ്ങളുടെ കണക്കനുസരിച്ച് 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭ്യമാണ്.

തിരുവനന്തപുരം: ജി വി രാജ സ്പോര്‍ട്‌സ് സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന്റെയും ആധുനിക ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഇന്ന്. മന്ത്രി വി.അബ്ദുറഹിമാന്‍ രാവിലെ 11.30ന് ഉദ്ഘാടനം നിര്‍വഹിക്കും. 2017ല്‍ കായിക വകുപ്പ് ഏറ്റെടുത്ത ജി വി രാജ സ്പോര്‍ട്‌സ് സ്‌കൂളിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകരണം നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു.

രണ്ടാംഘട്ടത്തില്‍ 8 സ്ട്രെയിറ്റ് ലൈനുമായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും, സിന്തറ്റിക് ലോംഗ് ജമ്ബ് പിറ്റുമാണ് ഒരുക്കിയത്. ഇന്‍ട്രാക്ടീവ് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹോസ്റ്റലുകളിലേക്ക് ആവശ്യമായ കട്ടില്‍, അലമാര, സ്റ്റഡി ടേബിള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി റബ്കോ വഴി പൂര്‍ത്തീകരിച്ചു. കയര്‍ഫെഡ് മുഖേന കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.

സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുന്നത്.