ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടും !

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ രണ്ടാം ഘട്ടത്തിന് ഇന്ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് നേരിടുമ്പോള്‍ മത്സരം ആവേശകരമാകും എന്നുറപ്പാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരത്തിന് തുടക്കം കുറിക്കുന്നത്.

കാണികള്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നു എന്നത് ആവേശം കൂട്ടും. ഇഷ്ടതാരങ്ങളേയും ടീമുകളേയും നേരിട്ട് പ്രോത്സാഹിപ്പിക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൂതന സുരക്ഷാ സംവിധാനങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഐ.പി.എല്ലിന് വീണ്ടും വിരുന്നൊരുക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് യു.എ.ഇ. ദുബായിക്കു പുറമെ അബൂദബി, ഷാര്‍ജ സ്‌റ്റേഡിയങ്ങളിലുമായാണ് മത്സരം അരങ്ങേറുക.