Sports (Page 167)

ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി കളി തീരാന്‍ 13 പന്തുകള്‍ ശേഷിക്കേ വിജയം സ്വന്തമാക്കി.

ശ്രേയസ് അയ്യര്‍ (41 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 47), നായകനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത് (21 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 35) എന്നിവര്‍ ഡല്‍ഹിയുടെ ജയം അനായാസമാക്കി. ഓപ്പണര്‍ ശിഖര്‍ ധവാനും (37 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 42) മികച്ച ഫോമിലായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷാ (11) യ്ക്ക് രണ്ടക്കത്തിലേക്ക് കടക്കാന്‍മാത്രമേയായുള്ളൂ.

അബ്ദുള്‍ സമദ് (21 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 28), റാഷിദ് ഖാന്‍ (19 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 22) എന്നിവരുടെ ഇന്നിങ്സുകളാണു സണ്‍റൈസേഴ്സിനെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ (0) അവര്‍ക്കു നഷ്ടമായി. വൃദ്ധിമാന്‍ സാഹയും (17 പന്തില്‍ 18) നായകന്‍ കെയ്ന്‍ വില്യംസണും (26 പന്തില്‍ 18) ചേര്‍ന്നു നടത്തിയ മുന്നേറ്റവും ഫലം കണ്ടില്ല. സാഹയെ കാഗിസോ റബാഡ ശിഖര്‍ ധവാന്റെ കൈയിലെത്തിച്ചു. വില്യംസണിനെ അക്ഷര്‍ പട്ടേല്‍ ഷിംറോണ്‍ ഹിറ്റ്മീറിന്റെ കൈയിലുമാക്കി.

മനീഷ് പാണ്ഡെയെ (16 പന്തില്‍ 17) റബാഡ സ്വന്തം ബൗളിങില്‍ പിടികൂടിയതോടെ സണ്‍റൈസേഴ്സ് തകര്‍ന്നു. അവസാന ഓവറുകളില്‍ അബ്ദുള്‍ സമദും റാഷീദ് ഖാനും ചേര്‍ന്നു നടത്തിയ പോരാട്ടമാണ് സണ്‍റൈസേഴ്സിനെ 134 ലെത്തിച്ചത്. 37 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് മത്സരത്തില്‍ തിളങ്ങി. നോര്‍ടിയ 12 റണ്‍ മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ലോര്‍ഡ്‌സ്: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ന്യൂസിലന്‍ഡ് വനിതാ ടീമിന് വധ ഭീഷണി. താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലും സഞ്ചരിക്കുന്ന വിമാനത്തിലും ബോംബ് വെയ്ക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലന്‍ഡ് പുരുഷ ടീം പിന്മാറിയതിനു പിന്നാലെയാണ് വനിതാ ടീമിനെതിരെ ഭീഷണി സന്ദേശം എത്തിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കെയാണ് ഭീഷണി ലഭിച്ചത്. എന്നാല്‍ പര്യടനവുമായി മുന്നോട്ട് പോകുമെന്ന് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും അറിയിച്ചു. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0നു മുന്നിലാണ്.

നേരത്തെ, സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് പുരുഷ ടീം പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയത്. ഇതിനെ വിമര്‍ശിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും, മുതിര്‍ന്ന താരങ്ങളും രംഗത്തെത്തിയിരുന്നു.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാം വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണം താലിബാന്‍ സര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഐപിഎല്‍ സംപ്രേക്ഷണം അഫഗാനിസ്ഥാനില്‍ നിരോധിച്ചതായി മുന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മീഡിയ മാനേജര്‍ എം. ഇബ്രാഹിം മൊമാണ്ട് ട്വീറ്റ് ചെയ്തു. ഇസ്ലാം വിരുദ്ധ ഉള്ളടക്കം, പെണ്‍കുട്ടികളുടെ നൃത്തം, സ്റ്റേഡിയത്തിലെ തലമറക്കാത്ത സ്ത്രീകളുടെ സാന്നിധ്യം, എന്നിവ കാരണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് ഇബ്രാഹിം ട്വീറ്റ് ചെയ്തത്. താലിബാന്‍ സര്‍ക്കാര്‍ ഐപിഎല്‍ പ്രക്ഷേപണം നിരോധിച്ചതായി രാജ്യത്തെ മറ്റ് മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാന്റെ മുന്‍നിര ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.

ദുബായ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് രണ്ടു റണ്‍സിന്റെ ജയം. രാജസ്ഥാന്‍ യുവതാരം കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രമെടുക്കാനേ പഞ്ചാബ് കിംഗ്‌സിന് സാധിച്ചുള്ളൂ. വെറും നാല് റണ്‍സ് മാത്രമാണ് അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

രാജസ്ഥാന്‍ നല്‍കിയ 186 റണ്‍സ് വിജയ ലക്ഷ്യത്തെ പഞ്ചാബ് കിംഗ്‌സ് അനായാസം മറികടക്കുമെന്നാണ് 19-ാം ഓവര്‍ വരെ ഏവരും കരുതിയത്. കെഎല്‍ രാഹുലിന്റെ ക്യാച്ചുകള്‍ മൂന്ന് തവണ രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടപ്പോള്‍ മയാംഗും രാഹുലും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം നല്‍കുകയായിരുന്നു. 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. മായങ്ക് അഗര്‍വാള്‍ 67 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ലോകേഷ് രാഹുല്‍ 49 റണ്‍സ് നേടി. എന്നാല്‍ പിന്നീട് വന്നവര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടതാണ് പഞ്ചാബിന് അടിയായത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി. 49 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തി. നായകന്‍ സഞ്ജുവിന് നാല് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഒരുവട്ടം കൂടി കേരളത്തിലെത്തുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണു സന്തോഷ് ട്രോഫി കേരളത്തിലെത്തുന്നത്. അടുത്തവര്‍ഷം ആദ്യമാണ് മത്സരങ്ങള്‍.

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍. ആകെ 23 കളികളുണ്ടാകും. ഓരോ മേഖല തിരിച്ചുള്ള പ്രാഥമിക റൗണ്ട് കളികള്‍ നവംബറില്‍ ആരംഭിക്കും. 2013ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചത്. അന്ന് കൊച്ചിയില്‍ റണ്ണറപ്പായിരുന്നു കേരള ടീം.

മാത്രമല്ല, ഡിസംബറില്‍ രാജ്യാന്തര വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കൊച്ചി വേദിയാകും. ഇന്ത്യ ഉള്‍പ്പെടെ നാല് ടീമുകള്‍ പങ്കാളികളാകും. ആകെ ഏഴ് കളികളുണ്ടാകും. ദേശീയ ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോകകപ്പ് യോഗ്യതാ റൗണ്ടിന് ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റെ പരിശീലന ക്യാമ്പും സംസ്ഥാനത്ത് നടത്താന്‍ ആലോചനയുണ്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദേശീയ വനിതാ സംഘത്തിന്റെ പരിശീലനത്തിനും കേരളം കളമൊരുക്കും. സംസ്ഥാനത്തെ ജൂനിയര്‍ ഫുട്‌ബോള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിന് പിന്നാലെ പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ടും. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന പുരുഷ-വനിതാ ടീമുകളുടെ പര്യടനം ഉപേക്ഷിച്ചതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അറിയിച്ചു.

ഒക്ടോബറില്‍ പാകിസ്ഥാനില്‍ രണ്ട് അധിക ടി 20 ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ കളിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിരുന്നു, പുരുഷന്മാരുടെ മത്സരങ്ങള്‍ക്കൊപ്പം ഹ്രസ്വ വനിതാ ടൂര്‍ പര്യടനവും ഉള്‍പ്പെടുത്തിയിരുന്നു. പാക്കിസ്ഥാനിലെ ഈ അധിക ഇംഗ്ലണ്ട് വനിതാ -പുരുഷ മത്സരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വാരാന്ത്യത്തില്‍ ഇസിബി ബോര്‍ഡ് യോഗം വിളിച്ചിരുന്നു, അതില്‍ ഒക്ടോബര്‍ പര്യടനത്തില്‍ നിന്നും ഇരു ടീമുകളെയും പിന്‍വലിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചെന്ന് ഇസിബി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അവസരമുണ്ടാക്കാന്‍ പ്രയത്‌നിച്ച പിസിബിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ നിരാശയുണ്ടാക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ട് വേനല്‍ക്കാലത്തും അവര്‍ ഇംഗ്ലീഷ് വെല്‍ഷ് ക്രിക്കറ്റിനെ പിന്തുണച്ചത് വലിയ സൗഹൃദ പ്രകടനമാണ്. ഇത് കാരണം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലാന്‍ഡ് പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടും പിന്മാറുന്നത്.

അബുദാബി: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒമ്പത് വിക്കറ്റിന് തകര്‍ത്തു. വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസെലിന്റെയും ബോളിങ് മികവില്‍ 92 റണ്ണിന് ബാംഗ്ലൂര്‍ പുറത്തായി. വരുണും റസെലും മൂന്നുവീതം വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിരാട് കോഹ്ലിക്കും സംഘത്തിനും കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബോളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് (20 പന്തില്‍ 22) ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. മലയാളിതാരം സച്ചിന്‍ ബേബി, കെ എസ് ഭരത്, വാനിന്ദു ഹസരങ്ക എന്നിവരെ ഉള്‍പ്പെടുത്തിയാണ് അവര്‍ എത്തിയത്. ബാംഗ്ലൂര്‍ കുപ്പായത്തില്‍ 200-ാം മത്സരത്തിനിറങ്ങിയ കോഹ്ലി (5) പ്രസീദ് കൃഷ്ണയ്ക്കുമുന്നില്‍ കുരുങ്ങി. ദേവ്ദത്തിനെ ലോക്കി ഫെര്‍ഗൂസണും മടക്കി.

ആദ്യ ഓവര്‍ എറിയാനെത്തിയ റസെലാണ് ബാംഗ്ലൂരിന്റെ അടിത്തറ തകര്‍ത്തത്. ഭരതിനെ (19 പന്തില്‍ 16) ആദ്യപന്തില്‍ മടക്കിയ വിന്‍ഡീസുകാരന്‍ നാലാംപന്തില്‍ എ ബി ഡി വില്ലിയേഴ്‌സിന്റെ (0) വിക്കറ്റും നേടി. നേരിട്ട ആദ്യപന്തില്‍ വിശ്വസ്തനായ ഡി വില്ലിയേഴ്‌സ് മടങ്ങിയത് ബാംഗ്ലൂരിന്റെ തകര്‍ച്ച ഉറപ്പിച്ചു. വരുണാവട്ടെ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും (17 പന്തില്‍ 10) ഹസരങ്കയെയും (0) തൊട്ടടുത്ത പന്തുകളില്‍ മടക്കി വലംകൈയന്‍ സ്പിന്നര്‍ ഹാട്രിക്കിനടുത്തെത്തി. 17 പന്തില്‍ 7 റണ്ണെടുത്ത സച്ചിനെയും വരുണ്‍ മടക്കി.

മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത പത്തോവര്‍ ബാക്കിനില്‍ക്കെ ജയം നേടി. ശുഭ്മാന്‍ ഗില്‍ (34 പന്തില്‍ 48), അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യര്‍ (27 പന്തില്‍ 41) എന്നിവര്‍ മികച്ച സ്‌കോര്‍ നേടി.

ദുബായ്: സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ന്യൂസീലന്‍ഡ് ടീം പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് മടങ്ങിയതിന് പിന്നാലെ താന്‍ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന പ്രഖ്യാപനവുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താന്‍ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന ഗെയ്ലിന്റെ പ്രഖ്യാപനം.

‘ഞാന്‍ നാളെ പാക്കിസ്ഥാനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ?’ – ഇതായിരുന്നു ട്വിറ്ററില്‍ ഗെയ്ല്‍ കുറിച്ചിട്ട വാചകം.

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം പാക്ക് പര്യടനം റദ്ദാക്കി മടങ്ങുകയും അടുത്തതായി പാക്കിസ്ഥാനില്‍ പര്യടനം നടത്തേണ്ട ഇംഗ്ലണ്ട് ടീം അതേക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്രിസ് ഗെയ്ലിന്റെ ട്വീറ്റ്.

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാനൊരുങ്ങുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ബി.സി.സിഐ പുറത്തുവിട്ട മത്സരങ്ങളില്‍ കാര്യവട്ടവും വേദികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. ആകെ 13 ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക.

വെസ്റ്റ് ഇന്‍ഡീസിനെതിരെ 2022 ഫെബ്രുവരി 20 നടക്കുന്ന അവസാന ട്വന്റി 20 മത്സരത്തിനാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകുക. ആദ്യ ട്വന്റി 20 ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ട്വന്റി20 ഫെബ്രുവരി18ന് വിശാഖപട്ടണത്തും നടക്കും. അതിന് മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയും കളിക്കും. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നീ നഗരങ്ങളാവും വേദിയാവുന്നത്.

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസണ് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. 19ന് റാഞ്ചിയില്‍ രണ്ടാം ട്വന്റി 20യും 21 കൊല്‍ക്കത്തയില്‍ മൂന്നാം ട്വന്റി 20 മത്സരവും നടക്കും. പിന്നാലെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയും കളിക്കും. 25ന് കാണ്‍പൂരിലും ഡിസംബര്‍ മൂന്നിന് മുംബൈയിലുമാണ് ടെസ്റ്റ്. ജൂണ്‍ 9-നായിരിക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. ചെന്നൈയിലാണ് ആദ്യ മത്സരം. ബെംഗളൂരു (ജൂണ്‍ 12), നാഗ്പൂര്‍ (ജൂണ്‍ 14), രാജ്‌കോട്ട് (ജൂണ്‍ 15), ഡല്‍ഹി (ജൂണ്‍ 19) എന്നിവിടങ്ങളിലാണ് മറ്റു ട്വന്റി 20 മത്സരങ്ങള്‍ നടക്കുക.

ഒരു ഏകദിനവും രണ്ട് ട്വന്റികളും അടക്കം ഇതുവരെ മൂന്ന് മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഒരു ഏകദിനത്തിലും ട്വന്റിയിലും വിന്‍ഡീസ് തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ്, പാരാലിമ്പിക്‌സ് മെഡല്‍ നേതാക്കളുടെ കായിക ഉപകരണങ്ങള്‍ ലേലത്തിന്. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയും ബോക്സിങില്‍ വെങ്കലം നേടിയ ലോവ്ലിന ബൊര്‍ഗോഹെയ്ന്‍ എന്നിവരുപയോഗിച്ച കായിക ഉപകരണങ്ങള്‍ക്കാണ് ലേലത്തില്‍ വന്‍ ഡിമാന്‍ഡ്. നീരജിന്റെ ജാവലിനും ലോവ്ലിനയുടെ ഗ്ലൗസുകള്‍ക്കും 10 കോടി രൂപ വീതമാണ് ഓഫര്‍ വന്നത്.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച സമ്മാനങ്ങളുടെയും മൊമെന്റോകളുടെയും ഇ-ലേലം സംഘടിപ്പിച്ചത്. ഇവയിലാണ് ഒളിമ്പിക്സിലെയും പാരാലിമ്പിക്സിലെയും മെഡല്‍ ജേതാക്കള്‍ മോദിക്കു സമ്മാനിച്ച കായിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലേലത്തില്‍ വച്ചത്.

വെള്ളിയാഴ്ച തുടങ്ങിയ ഇ-ലേലം അടുത്ത മാസം ഏഴു വരെ നീളും. പാരാലിമ്പിക്സില്‍ ലോക റെക്കോഡ് കുറിച്ച് സ്വര്‍ണം കൊയ്ത സുമിത് ആന്റിലും ജാവലിന്‍ പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു. ഇതിനു മൂന്നു കോടി വരെ ലഭിച്ചിട്ടുണ്ട്.

വെങ്കല മെഡല്‍ ജേതാവ് പി.വി. സിന്ധുവിന്റെ റാക്കറ്റും ബാഗും ഇന്ത്യന്‍ വനിതാ ടീമിന്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് എന്നിവയും ലേലത്തിനു വച്ച സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. സിന്ധുവിന്റെ റാക്കറ്റിന് ഇതുവരെ ലഭിച്ച ഉയര്‍ന്ന തുക രണ്ടു കോടിയും ഹോക്കി സ്റ്റിക്കിന് ഒരു കോടിയുമാണ്. നീരജിന്റെ ജാവലിന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ലോവ്ലിനയുടെ ഗ്ലൗസിന് അടിസ്ഥാന വില 80 ലക്ഷമായിരുന്നു.