റാവല്‍പിണ്ടി: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒന്നാം ഏകദിന മത്സരത്തിന് തൊട്ടു മുന്‍പ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറി. ന്യൂസിലന്‍ഡ് സര്‍ക്കാരില്‍ നിന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഏകദിന പരമ്പരയിലെ ആദ്യമത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മാത്രം മുന്‍പ് ന്യൂസിലന്‍ഡ് ടീം പിന്മാറിയത്.
ഗ്രൗണ്ടും പരിസരവും പരിശോധിച്ച ന്യൂസിലന്‍ഡ് സുരക്ഷാ ഉദ്യോഗസ്ഥരാണ് സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ടീമിനോട് മത്സരത്തിനിറങ്ങേണ്ടതെന്ന് അറിയിച്ചതെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടീമിന് തിരിച്ച് നാട്ടിലേക്ക് പോകാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പരമ്പര നീട്ടിവയ്ക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിരുന്നെങ്കിലും, കളിക്കാനില്ലെന്ന് തന്നെയായിരുന്നു ന്യൂസിലാന്‍ഡിന്റെ തീരുമാനം.
സംഭവത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേമും ചര്‍ച്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്രവും മികച്ച ഇന്റലിജന്‍സ് സംവിധാനമാണ് പാകിസ്ഥാനിലേതെന്നും അവര്‍ യാതൊരു സുരക്ഷാ വീഴ്ചയും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ ടീമുകള്‍ക്കും നല്‍കുന്ന പോലെ പഴുതടച്ച സുരക്ഷയാണ് കിവീസ് ടീമിന് നല്‍കുന്നതെന്നും ഇമ്രാന്‍ ജസീന്തയോട് അറിയിച്ചു. എന്നാല്‍ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന നിലപാടിലായിരുന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെന്നും എന്നാല്‍ കളിക്കാരുടെ സുരക്ഷ തന്നെയാണ് പ്രധാനമെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് വൈറ്റ് പറഞ്ഞു. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും കളിക്കാനായാണ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസീലന്‍ഡ് ടീം പാകിസ്ഥാനില്‍ എത്തിയത്.